ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ് സി.ബി.ഐ അന്വേഷണം വേണം: സുപ്രീംകോടതി
ന്യൂഡൽഹി: രാജ്യത്ത് വർദ്ധിച്ചുവരുന്ന ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പു സംഭവങ്ങൾ സി.ബി.ഐ അന്വേഷിക്കണമെന്ന അഭിപ്രായം പ്രകടിപ്പിച്ച് സുപ്രീംകോടതി. ഇത്തരം തട്ടിപ്പുക്കേസുകൾ അന്വേഷിക്കാനുള്ള സംവിധാനങ്ങൾ സി.ബി.ഐയ്‌ക്കുണ്ടോയെന്ന് കേന്ദ്രസർക്കാരിനോട് ആരാഞ്ഞു. കേന്ദ്ര ഏജൻസികളുടെയും സംസ്ഥാനങ്ങളിലെ പൊലീസിന്റെയും ഏകോപനത്തോടെയുള്ള പ്രവർത്തനം ആവശ്യമായ വിഷയമാണെന്ന് ജസ്റ്റിസുമാരായ സൂര്യകാന്ത്, ജോയ്‌മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു. ഏകീകൃത അന്വേഷണം ഉറപ്പാക്കുന്നതിൽ നിലപാട് അറിയിക്കാൻ എല്ലാ സംസ്ഥാനങ്ങൾക്കും നോട്ടീസ് ഉത്തരവായി. ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്‌ത കേസുകളുടെ എണ്ണം, അതിലെ വിശദാംശങ്ങൾ എന്നിവയടക്കം ഉൾപ്പെടുത്തി സത്യവാങ്മൂലം സമർപ്പിക്കാൻ നിർദ്ദേശിച്ചു. സി.ബി.ഐയ്ക്ക് വിടുന്നതിൽ എതിർപ്പില്ലെന്ന് ഹരിയാന ബോധിപ്പിച്ചു
ഹരിയാനയിലെ അംബാലയിൽ 73കാരി ഒരുകോടിയിൽപ്പരം രൂപയുടെ തട്ടിപ്പിനിരയായ സംഭവത്തിൽ സ്വമേധയാ എടുത്ത കേസാണ് സുപ്രീം കോടതി പരിഗണിച്ചത്.
മുൻ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയുടെ പേരിലുള്ള വ്യാജ സുപ്രീംകോടതി ഉത്തരവ് കാട്ടിയാണ് തന്നെ തട്ടിപ്പിനിരയാക്കിയതെന്ന് 73കാരി ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായിക്ക് കത്തെഴുതിയിരുന്നു.
അന്വേഷിക്കുന്നുണ്ടെന്ന് കേന്ദ്രം
ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പുമായി ബന്ധപ്പെട്ട ചില കേസുകൾ ഇപ്പോൾ തന്നെ സി.ബി.ഐ അന്വേഷിക്കുന്നുണ്ടെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത അറിയിച്ചു. കേന്ദ്ര ഏജൻസിക്ക് സൈബർ വിദഗ്ദ്ധരുടെ ആവശ്യമുണ്ടെങ്കിൽ അറിയിക്കാൻ കോടതി പറഞ്ഞു. നിലവിൽ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് കീഴിലെ സൈബർ ക്രൈം ഡിവിഷന്റെ സഹായം ലഭിക്കുന്നുണ്ടെന്ന് സോളിസിറ്റർ ജനറൽ മറുപടി നൽകി.