കായികതാരങ്ങൾക്ക് കരുതലാകട്ടെ

Tuesday 28 October 2025 2:17 AM IST

ഒളിമ്പിക്സ് മാതൃകയിൽ സംഘടിപ്പിച്ച സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് ഇന്ന് തിരുവനന്തപുരത്ത് കൊടിയിറങ്ങുകയാണ്. അത്‌ലറ്റിക്സിലും ഗെയിംസ് ഇനങ്ങളിലും നമ്മുടെ കൗമാരതാരങ്ങളുടെ മികവുറ്റ പ്രകടനങ്ങൾക്കാണ് കഴിഞ്ഞ ദിവസങ്ങളിൽ തലസ്ഥാനനഗരി സാക്ഷിയായത്. അതോടൊപ്പം നമ്മുടെ കുരുന്നു കായികതാരങ്ങളുടെ ജീവിത വെല്ലുവിളികളുടെ നേർച്ചിത്രങ്ങളും വാർത്തകളിലൂടെ തെളിഞ്ഞുകണ്ടു. കലാമേളകൾ പോലെ പണക്കൊഴുപ്പിന്റെ വേദിയല്ല കായികമേളകൾ. സാമ്പത്തിക പ്രതിസന്ധികളിൽ വലയുന്നവരാണ് കായിക മേഖലയിലേക്ക് വരുന്നവരിൽ ഭൂരിഭാഗവും. അതുകൊണ്ടുതന്നെയാണ് മെഡൽ ജേതാക്കളുടെ കളിക്കളത്തിലെ പ്രകടനത്തിനൊപ്പം ദാരിദ്ര്യത്തിന്റെയും അതിജീവനത്തിന്റെയും പിന്നാമ്പുറക്കഥകൾകൂടി പറയേണ്ടിവരുന്നത്.

വാർത്തകളിൽ നിറയുന്ന കായികതാരങ്ങളുടെ വേദനിപ്പിക്കുന്ന ജീവിതാനുഭവങ്ങൾ സുമനസുകളുടെ സഹായങ്ങൾ ലഭ്യമാക്കുന്നതിന് വഴിയൊരുക്കിയിട്ടുണ്ട്. എന്നാൽ അർഹരായ എല്ലാവരിലേക്കും സഹായങ്ങൾ എത്താനുള്ള സാഹചര്യമുണ്ടാകാറില്ല. തന്റെ ഇല്ലായ്മകകൾ മറ്റുള്ളവർ അറിയുന്നതിൽ സങ്കടമുള്ള കുട്ടികളുമുണ്ട്. കായിക താരങ്ങളുടെ ഈ വിഷമത നേരിട്ടു കണ്ടറിഞ്ഞ വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി കഴിഞ്ഞദിവസം പത്രസമ്മേളനം നടത്തി പ്രഖ്യാപിച്ച ഒരു പദ്ധതി ഇത്തരുണത്തിൽ പ്രസക്തമാണ്. സംസ്ഥാന സ്കൂൾ കായികമേളയിൽ സ്വർണമെഡൽ നേടുന്ന അർഹരായ 50 കായികതാരങ്ങൾക്ക് വിദ്യാഭ്യാസവകുപ്പ് വീടുവച്ചു നൽകുന്ന പദ്ധതിയാണ് മന്ത്രി പ്രഖ്യാപിച്ചത്. സഹായിക്കാൻ താത്പര്യമുള്ള സംഘടനകളുടെ പിന്തുണയോടെയാണ് വിദ്യാഭ്യാസ വകുപ്പ് പദ്ധതി നടപ്പിലാക്കുക. ഇതിനായി വിവിധ സംഘടനകളുടെ സഹായം തേടിക്കഴിഞ്ഞു.

ഈ കായിക മേളയിൽ സ്വർണം നേടിയ ഇടുക്കി സ്വദേശി ദേവപ്രിയയ്ക്ക് സി.പി.എം ഇടുക്കി ജില്ലാ കമ്മിറ്റിയും, കോഴിക്കോട് സ്വദേശി ദേവനന്ദയ്ക്ക് പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള കേരള സ്‌കൗട്ട്‌സ് ആൻഡ് ഗൈഡ്‌സും വീട് നിർമ്മിച്ചുനൽകുമെന്ന് അറിയിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഇതേ മാതൃകയിൽ 50 ഭവനങ്ങൾ ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. നമ്മുടെ കായിക മേഖലയ്ക്കു തന്നെ ഉണർവു പകരുന്നതാണ് ഈ പദ്ധതി. പഠിച്ച് എന്തെങ്കിലും ജോലി നേടിയാൽ മതി, കളിയുമായി നടന്ന് സമയം കളയുന്നതെന്തിന് എന്ന രക്ഷിതാക്കളുടെ ചിന്തയ്ക്ക് മാറ്റംവരുത്താൻ ഇത്തരത്തിലുള്ള പിന്തുണയ്ക്ക് കഴിയും.ഓരോ കായികതാരവും ഓരോ കുടുംബത്തിന്റെയും പ്രതീക്ഷകളാണ്. സ്പോർട്സിന് ഇറങ്ങി പഠനം നഷ്ട‌മായാലും പിന്തുണയ്ക്കാൻ സർക്കാർ ഒപ്പമുണ്ടെന്ന തിരിച്ചറിവ് ഇത്തരം പ്രതീക്ഷകളുടെ തിരിനാളം നിലനിറുത്തും. അതേസമയം മത്സരങ്ങൾക്കും പരിശീലനത്തിനും വേണ്ടി സ്കൂളിലെ ഹാജർ നഷ്ടമാക്കിയ നിവേദ് കൃഷ്ണ എന്ന വിദ്യാർത്ഥിയെ പരീക്ഷ എഴുതിക്കില്ലെന്ന് നിലപാടെടുത്തിരിക്കുന്ന സ്കൂൾ പ്രിൻസിപ്പിലനെപ്പോലുള്ളവരും വിദ്യാഭ്യാസ വകുപ്പിലുണ്ട്. ഇത്തരം മനോഭാവം മാറ്റിയെടുക്കാനും വകുപ്പ് മുൻകൈയെടുക്കണം. മികച്ച കായിക സംഘാടകൻ കൂടിയായ വിദ്യാഭ്യാസ മന്ത്രി തന്നെ ഇതിന് മുന്നിട്ടിറങ്ങണം.

കായികതാരങ്ങൾക്കുവേണ്ടി തങ്ങൾക്ക് കഴിയാവുന്ന സഹായഹസ്തം നീട്ടാനാണ് വിദ്യാഭ്യാസവകുപ്പ് തയ്യാറായിരിക്കുന്നത്. എന്നാൽ കായികതാരങ്ങളുടെ പ്രയാണത്തിൽ വിദ്യാഭ്യാസ വകുപ്പിന് ചെയ്യാവുന്നതിന് പരിമിതിയുണ്ട്. കായിക വകുപ്പിനാണ് ഇതിൽ മുഖ്യപങ്ക്. പക്ഷേ നമ്മുടെ സ്പോർട്സ് ഹോസ്റ്റലുകളിൽ സമയത്തിന് നല്ല ഭക്ഷണം എത്തിക്കുന്നതിലും ദേശീയ കായികമേളകളിൽ പങ്കെടുക്കുന്നതിനുള്ള വണ്ടിക്കൂലിയും ജഴ്സിയും ഉൾപ്പടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ അനുവദിക്കുന്നതിലും ഉൾപ്പടെ കായികവകുപ്പ് കാട്ടുന്ന അമാന്തത്തിന്റെ വാർത്തകളാണ് മുന്നിലുള്ളത്. ചാമ്പ്യൻപട്ടം കിട്ടുന്നതിനായി താരങ്ങൾക്ക് പരിശീലനം നൽകുന്ന സ്കൂളുകൾ അതുകഴിഞ്ഞാൽ അവരെ കൈവിടുന്നതാണ് പതിവ്. സ്കൂൾ തലത്തിൽ മികവു കാട്ടുന്നവരെ കണ്ടെത്തി താമസവും ഭക്ഷണവും വിദഗ്ദ്ധ പരിശീലനവും നൽകിയിരുന്നത് സ്പോർട്സ് കൗൺസിലിനു കീഴിലുള്ള ഹോസ്റ്റലുകളാണ്. ആ മേഖലയിലെ തളർച്ചകൂടി മാറിയാലേ ദേശീയ കായികരംഗത്ത് കേരളത്തിന്റെ നഷ്ടമാകുന്ന പ്രൗഢി വീണ്ടെടുക്കാൻ സാധിക്കുകയുള്ളൂ. വിദ്യാഭ്യാസ മന്ത്രിയുടെ ഭവനപദ്ധതി കായികരംഗത്തെ മറ്റ് ഉത്തരവാദിത്വപ്പെട്ടവരുടെയും കണ്ണു തുറപ്പിക്കട്ടെ.