ജനനേന്ദ്രിയം മുറിച്ചുമാറ്റി വഴിയിൽ തള്ളിയ യുവാവ് വെന്റിലേറ്ററിൽ

Tuesday 28 October 2025 12:23 AM IST

കൊടുങ്ങല്ലൂർ: അഗതി ആശ്രമത്തിലെ സംഘർഷത്തിൽ മാരക പരിക്കേറ്റ് ജനനേന്ദ്രിയവും കണ്ണും നഷ്ടപ്പെട്ട യുവാവ് വെന്റിലേറ്ററിൽ. കഴിഞ്ഞ 21 ന് കൊടുങ്ങല്ലൂർ നഗര മദ്ധ്യത്തിൽ പടിഞ്ഞാറെ നട വഴിയോരത്ത് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ ആലപ്പുഴ അരൂർ മഞ്ചത്തറ വീട്ടിൽ സുദർശനെയാണ് (42) മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. വരാപ്പുഴ കൂനമ്മാവിലെ അഗതി ആശ്രമത്തിലുണ്ടായ അക്രമത്തിൽ ക്രൂരമായി മർദ്ദനമേറ്റെന്നാണ് ലഭിക്കുന്ന വിവരം. ആലുവയിൽ അലഞ്ഞുതിരിയുകയായിരുന്ന ഇയാളെ പൊലീസാണ് ആശ്രമത്തിലെത്തിച്ചതെന്നാണ് വിവരം. ഇതുമായി ബന്ധപ്പെട്ട് ആശ്രമാധികൃതരെയും അന്തേവാസികളെയും പൊലീസ് ചെയ്യും.

ജനനേന്ദ്രിയം മുറിച്ചുമാറ്റിയ നിലയിലും ഒരു കണ്ണ് ചൂഴ്ന്ന് കാഴ്ച്ച നഷ്ടപ്പെട്ട നിലയിലുമാണ് ഇയാളെ നാട്ടുകാർ കണ്ടെത്തിയത്. വയറിന്റെ രണ്ട് ഭാഗത്ത് കുത്തേറ്റ് ഗുരുതര പരിക്കുമുണ്ട്. ദേഹമാസകലം കത്തികൊണ്ടും മറ്റും വരഞ്ഞ നിലയിലാണ് കണ്ടെത്തിയതെന്ന് നാട്ടുകാർ പറഞ്ഞു. ശ്വാസകോശത്തിനും കുടലിനും സാരമായ പരിക്കുണ്ട്.

കഴിഞ്ഞ 16 വരെ ഇയാൾ തുറവൂരിൽ ഉണ്ടായിരുന്നതായി സഹോദൻ പൊലീസിന് മൊഴി നൽകി.

കൊലപാതകം ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണ് സുദർശൻ. എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിലും ഇയാൾക്കെതിരെ കേസുണ്ട്. ആക്രമണത്തിൽ തൃശൂർ റൂറൽ എസ്.പി കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ അന്വേഷണം വ്യാപിപ്പിച്ചു.