സ്പെഷ്യൽ സഭാ സമ്മേളനം പ്രതിപക്ഷം ബഹിഷ്കരിച്ചേക്കും

Tuesday 28 October 2025 1:24 AM IST

തിരുവനന്തപുരം: അതിദാരിദ്ര്യ നിർമാർജന പ്രഖ്യാപനത്തിന് നവംബർ ഒന്നിന് ചേരാൻ സർക്കാർ ആലോചിക്കുന്ന പ്രത്യേക നിയമസഭാ സമ്മേളനം പ്രതിപക്ഷം ബഹിഷ്കരിച്ചേക്കും. അന്നു രാവിലെ എട്ടിന് ചേരുന്ന പാർലമെന്ററി പാർട്ടി യോഗത്തിലാവും അന്തിമ

തീരുമാനം . ശനിയാഴ്ച സഭ സമ്മേളിക്കുന്നത് ചട്ടവിരുദ്ധമെന്ന് കാട്ടിയാണ് പ്രതിപക്ഷത്തിന്റെ വിയോജിപ്പ്.

ചട്ടം 300 പ്രകാരമുള്ള മുഖ്യമന്ത്രിയുടെ പ്രസ്താവന ഒഴികെ മറ്റു നടപടിക്രമങ്ങൾ ഉണ്ടാവില്ല. അവധി ദിവസമായ ശനിയാഴ്ച സഭ ചേരുന്നതിനെതിരെ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ സ്പീക്കർക്ക് കത്തു നൽകിയിരുന്നു. സഭ നടക്കുമ്പോൾ പ്രത്യേക പ്രമേയം പാസാക്കി വേണമെങ്കിൽ അവധി ദിവസങ്ങളിലും സമ്മേളിക്കാം. എന്നാൽ ഒക്ടോബർ 9 ന് അവസാനിച്ച കഴിഞ്ഞ സമ്മേളനത്തിൽ ഇത്തരത്തിൽ പ്രമേയം പാസാക്കിയിരുന്നില്ല. കേരള നിയമസഭയുടെ റൂൾസ് ആൻഡ് റഗുലേഷൻസ് 13(2) പ്രകാരം അവധി ദിവസങ്ങളിൽ സഭ സമ്മേളിക്കുന്നത് ചട്ട വിരുദ്ധമാണ്.ഇതിന് മുമ്പ് 1957 ലും 60 ലും അവധി ദിവസം സഭ സമ്മേളിച്ചിട്ടുണ്ട്. 1960 സെപ്റ്റംബറിലാണ് പുതിയ ചട്ടം പ്രാബല്യത്തിൽ വന്നത്.