11.62 കിലോ കഞ്ചാവുമായി ഒഡീഷ സ്വദേശി അറസ്റ്റിൽ
കൊച്ചി : കമ്മിഷൻ വ്യവസ്ഥയിൽ കൊച്ചിയിലേക്ക് കഞ്ചാവ് കടത്തുന്ന ഒഡീഷ കൊണ്ടാമൽ മധുഗുദ കില്ലഞ്ജി സ്വദേശി തുമ മുതംജിയെ (40) കൊച്ചി സിറ്റി ഡാൻസഫ് അറസ്റ്റ് ചെയ്തു. ഇയാളിൽ നിന്ന് 11.616 കിലോ കഞ്ചാവ് കണ്ടെടുത്തു.
ഇന്നലെ പുലർച്ചെ ആറിന് എറണാകുളം നോർത്ത് ജൂബിലി റോഡിലെ എൽ.ഐ.സി കെട്ടിടത്തിന് സമീപത്ത് നിന്നാണ് കസ്റ്റഡിയിലെടുത്തത്. പുലർച്ചെയുള്ള ട്രെയിനിന് എറണാകുളത്ത് വന്നിറങ്ങിയ ഇയാൾ കഞ്ചാവ് കൈമാറാൻ കാത്ത് നിൽക്കുമ്പോഴാണ് ഡാൻസാഫ് സംഘത്തിന്റെ പിടിയിലായത്. കൊച്ചിയിലെ മയക്ക്മരുന്ന് വിതരണക്കാർക്ക് നൽകാൻ ഒഡീഷയിൽ നിന്ന് കൊണ്ടുവന്നതാണെന്നും മുമ്പ് പലതവണ എത്തിച്ചിട്ടുണ്ടെന്നും പ്രതി സമ്മതിച്ചു.
ഒരോ തവണ കഞ്ചാവ് കൈമാറുമ്പോഴും 10,000 മുതൽ 15,000 രൂപ വരെ ഇയാൾക്ക് കമ്മിഷൻ കിട്ടിയിരുന്നതായി കൊച്ചി സിറ്റി നാർക്കോട്ടിക് സെൽ അസിസ്റ്റന്റ് പൊലീസ് കമ്മിഷണർ കെ.എ. അബ്ദുൾസലാം പറഞ്ഞു. പണവുമായി അന്നു തന്നെ നാട്ടിലേക്ക് മടങ്ങുന്നതാണ് പതിവ്. പ്രതിയുടെ മൊബൈൽഫോൺ കസ്റ്റഡിയിലെടുത്തു. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.