എൻ.ഡി.എയുടേത് 'മഹാ' കാട്ടുഭരണം: ദീപാങ്കർ

Tuesday 28 October 2025 12:32 AM IST

സീറ്റ് തർക്കത്തിൽ ഉലഞ്ഞ ബീഹാറിലെ മഹാസഖ്യത്തെ ഒന്നിച്ചു നിറുത്തിയത് സി.പി.ഐ എം.എൽ ജനറൽ സെക്രട്ടറി ദീപാങ്കർ ഭട്ടചാര്യയുടെ നയപരമായ നീക്കങ്ങളാണ്. അന്തരിച്ച സി.പി.എം നേതാവ് സീതാറാം യെച്ചൂരിയെപ്പോലെ പാർട്ടികൾക്കിടയിലെ പാലമായി വർത്തിക്കുന്ന ദീപാങ്കർ പാട്‌ന പാർട്ടി ഓഫീസിൽ കേരളകൗമുദിക്ക് നൽകിയ അഭിമുഖത്തിൽ നിന്ന്:

?​സീറ്റ് ചർച്ച വോട്ടർ അധികാർ യാത്ര സൃഷ്ടിച്ച അന്തരീക്ഷം നഷ്‌ടമാക്കിയോ

നിരവധി പാർട്ടികളുടെ കൂട്ടായ്‌മയിൽ സീറ്റ് ധാരണ എളുപ്പമല്ല. ഇപ്പോൾ ബീഹാറിൽ മഹാ കാട്ടുഭരണമാണ്. അതുമടുത്ത ജനങ്ങൾ അഞ്ചു വർഷമായി കാത്തിരിക്കുന്നു. അതാണ് വോട്ടർ അധികാർ യാത്രയിൽ കണ്ടത്.

?​മുകേഷ് സാഹിനിയെയും വി.ഐ.പിയെയും മുന്നണിയിലേക്ക് കൊണ്ടുവന്നത്

2020ൽ മഹാസഖ്യം വിട്ട് എൻ.ഡി.എയിലെത്തിയ മുകേഷ് പിന്നാക്ക മേഖലകളിൽ വോട്ടു പിടിച്ചു. പിന്നീട് വി.ഐ.പി എം.എൽ.എമാരെ തട്ടിയെടുത്ത ബി.ജെ.പി അദ്ദേഹത്തെ സർക്കാരിൽ നിന്ന് പുറത്താക്കി. അപമാനം സഹിച്ച് നിൽക്കേണ്ടതില്ലെന്നും അദ്ദേഹത്തിന് സാമൂഹ്യമായ സ്വാധീനമുണ്ടെന്നും ബോധ്യപ്പെടുത്തി.

ജെ.എം.എം മുന്നണി വിട്ടത്

ദേശീയ പാർട്ടി അല്ലാത്തതിനാൽ ജെ.എം.എമ്മിന് സ്വന്തം ചിഹ്‌നത്തിൽ ഇവിടെ മത്സരിക്കാനാകില്ല. അത്തരം പ്രശ്‌നങ്ങൾ കാരണമാണ് സീറ്റ് നൽകാത്തത്. 'ഇന്ത്യ' മുന്നണിയെ അത് ബാധിക്കില്ല.

?പ്രശാന്ത് കിഷോറിന്റെ ജൻ സുരാജ്

ബി.ജെ.പിയുടെ ബി ടീം എന്ന ആരോപണമുയർന്നപ്പോഴാണ് അദ്ദേഹം ആർ.ജെ.ഡിയെ മാത്രം ആക്രമിക്കുന്നത് നിറുത്തിയത്. എന്നാൽ ബി.ജെ.പിയെ സഹായിക്കാൻ അദ്ദേഹത്തിന്റെ സ്ഥാനാർത്ഥികൾ പിൻവാങ്ങുകയാണ്.

?എസ്.ഐ.ആർ നിർണായകമാകുമോ

എസ്.ഐ.ആറിന്റെ 'ലോഞ്ചിംഗ് പാഡ്' ആണ് ബീഹാർ. കുടിയേറ്റ തൊഴിലാളികൾ,മുസ്ളിംങ്ങൾ,സ്‌ത്രീകൾ തുടങ്ങി 10ശതമാനം വോട്ടർമാർ ഒഴിവാക്കപ്പെട്ടു. രേഖകളില്ലാത്ത കുടിയേറ്റ തൊഴിലാളികൾക്ക് വോട്ടു ചെയ്യാനുള്ള അവസരം നഷ്‌ടപ്പെടും. ജോലി ചെയ്യുന്ന സംസ്ഥാനങ്ങളിലെ രാഷ്‌ട്രീയത്തിൽ താത്‌പര്യമില്ലാത്തവരെ അവിടെ വോട്ടു ചെയ്യാൻ നിർബന്ധിക്കുന്നത് ശരിയല്ല.

?സി.പി.ഐ എൽ.എല്ലിന്റെ സാദ്ധ്യതകൾ

2020ൽ മത്സരിച്ച 19ൽ 12 ഇടത്ത് ജയിച്ചു. അന്നത്തെ 18 സീറ്റുകളിൽ വീണ്ടും മത്സരിക്കുന്നു. ആകെ 20 സീറ്റുകൾ. തൊഴിലില്ലായ്‌മയാണ് പാർട്ടി ഉയർത്തുന്ന പ്രധാന വിഷയം.