പീഡനത്തിനെതിരെ കേസ് കൊടുത്തതിലെ പ്രതികാരം: ആസിഡ് ആക്രമണം കെട്ടിച്ചമച്ചത് പിതാവും മകളും
ന്യൂഡൽഹി: യുവാക്കളെ കുടുക്കാൻ പിതാവ് ആവശ്യപ്പെട്ടതനുസരിച്ച് വ്യാജ ആസിഡ് ആക്രമണത്തിന് പൊലീസിൽ പരാതി നൽകി വിദ്യാർത്ഥിനി. പിതാവ് അഖീൽ ഖാനെ പൊലീസ് അറസ്‌റ്റ് ചെയ്തു. കഴിഞ്ഞ ദിവസമാണ് വഴിയിൽ തന്നെ നിരന്തരം ശല്യം ചെയ്യുന്ന യുവാവും രണ്ട് സുഹൃത്തുക്കളും ചേർന്ന് തന്റെ നേരെ ആസിഡ് ആക്രമണം നടത്തിയതായി യുവതി പോലീസിൽ പരാതി നൽകിയത്. ഡൽഹിയിൽ എക്‌സ്ട്രാ ക്ലാസ് കഴിഞ്ഞ് മടങ്ങിവരുമ്പോഴായിരുന്നു ആക്രമണമെന്നും യുവതി മൊഴി നൽകിയിരുന്നു. സംഭവം ഡൽഹിയിൽ വലിയ പ്രതിഷേധങ്ങൾക്ക് വഴിവച്ചിരുന്നു.
എന്നാൽ, പരാതി നൽകി 24 മണിക്കൂർ കഴിയുമ്പോഴേക്കും പരാതിക്കാർ തന്നെ പ്രതികളായി മാറി. യുവാക്കളെ കുടുക്കാനായി മനപൂർവ്വം ആസിഡ് കഥ കെട്ടിച്ചമച്ചതാണെന്ന് അഖീൽ ഖാൻ സമ്മതിച്ചു. യുവക്കളിൽ ഒരാളുടെ ഭാര്യ അഖീൽ ഖാനെതിരെ നൽകിയ പീഡന പരാതിക്ക് പ്രതികാരമായാണ് ഇയാൾ യുവാക്കളെ കുടുക്കാൻ ശ്രമിച്ചത്. അതിനായി ഇയാൾ തന്റെ മകളെയും ഉപയോഗിച്ചു.
മകളുടെ കൈകളിൽ പൊള്ളലുണ്ടായത് ആസിഡിൽ നിന്നല്ല, ടോയ്ലെറ്റ് ക്ളീനറിൽ നിന്നാണെന്ന് ഇയാൾ സമ്മതിച്ചു. പെൺകുട്ടി വീട്ടിൽ നിന്ന് പോയപ്പോൾ കൈയ്യിൽ കരുതിയ ടോയ്ലെറ്റ് ക്ലീനർ സ്വയം കൈയ്യിൽ ഒഴിക്കുകയായിരുന്നു.
ഡൽഹി സർവകലാശാലയിലെ നോൺ-കൊളീജിയറ്റ് വനിതാ വിദ്യാഭ്യാസ ബോർഡിലെ രണ്ടാം വർഷ ബികോം വിദ്യാർത്ഥിയാണ് യുവതി. ഞായറാഴ്ച കോളേജിന് സമീപത്തുവച്ച് ജിതേന്ദ്ര, അയാളുടെ സുഹൃത്തുക്കളായ ഇഷാൻ, അർമാൻ എന്നിവർ ചേർന്ന് ആസിഡ് ആക്രമണം നടത്തിയതായതായാണ് യുവതി ആരോപിച്ചത്. ജിതേന്ദ്ര മോട്ടോർ ബൈക്ക് ഓടിച്ചിരുന്നതായും പിൻസീറ്റിൽ സഞ്ചരിച്ചിരുന്ന ഇഷാൻ കൈമാറിയ കുപ്പി തുറന്ന അർമാൻ തന്റെ നേരെ ആസിഡ് എറിഞ്ഞതായും യുവതി പറഞ്ഞു. മുഖം മറയ്ക്കാൻ ശ്രമിച്ചെങ്കിലും രണ്ട് കൈകൾക്കും പൊള്ളലേറ്റതായാണ് യുവതിയുടെ മൊഴി. ജിതേന്ദ്ര കുറച്ചുനാളായി തന്നെ പിന്തുടരുന്നുണ്ടെന്നും ഒരു മാസം മുമ്പ് ഇരുവരും തമ്മിൽ വഴക്കുണ്ടായെന്നും പെൺകുട്ടി അവകാശപ്പെട്ടു.
എന്നാൽ പെൺകുട്ടിയുടെ മൊഴികളിലെ പൊരുത്തക്കേടുകൾ പൊലീസ് ശ്രദ്ധിച്ചു. സംഭവ സമയത്ത് ജിതേന്ദ്ര കരോൾ ബാഗിലായിരുന്നുവെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ജിതേന്ദ്രയുടെ മൊബൈൽ ലൊക്കേഷൻ, സിസിടിവി ദൃശ്യങ്ങൾ, സാക്ഷി മൊഴികൾ എന്നിവ ഇത് സ്ഥിരീകരിച്ചു. പെൺകുട്ടി പരാമർശിച്ച മോട്ടോർ ബൈക്കും കരോൾ ബാഗിൽ പാർക്ക് ചെയ്തിരുന്നതായി കണ്ടെത്തി.
സ്ത്രീയും സഹോദരനും വീട്ടിൽ നിന്ന് സ്കൂട്ടറിൽ പോയെങ്കിലും സഹോദരൻ അവളെ കോളേജിന്റെ പ്രധാന ഗേറ്റിൽ ഇറക്കാതെ 200 മീറ്റർ അകലെ അശോക് വിഹാർ പ്രദേശത്താണ് ഇറക്കിയതെന്ന് സിസിടിവി ദൃശ്യങ്ങൾ വെളിപ്പെടുത്തി.
ഈ ആക്രമണത്തിന് രണ്ട് ദിവസം മുൻപാണ് ജിതേന്ദ്രയുടെ ഭാര്യ ഒരു പിസിആർ കോൾ വിളിച്ച് അഖീൽ ഖാൻ തന്നെ ഭീഷണിപ്പെടുത്തുകയും ഉപദ്രവിക്കുകയും ചെയ്യുന്നുവെന്ന് പരാതി നൽകിയത്. 2021 മുതൽ 2024 വരെ താൻ ഖാന്റെ ഫാക്ടറിയിൽ ജോലി ചെയ്തിരുന്നുവെന്ന് യുവതി പറഞ്ഞു. അവിടെ വെച്ച് അയാൾ തന്നെ ബലാൽസംഗം ചെയ്യുകയും തുടർന്ന് സ്വകാര്യ ദൃശ്യങ്ങളെടുത്ത് ബ്ലാക്ക് മെയിൽ ചെയ്‌തെന്നും യുവതി ആരോപിച്ചു. യുവതിയുടെ പരാതിയിൽ ഖാനെ പൊലീസ് നിലവിൽ അറസ്‌റ്റ് ചെയ്‌തു.
വ്യാജ കേസ് ചമച്ചതിന് പെൺകുട്ടിക്കും പിതാവിനും എതിരെ കേസ് എടുക്കുമെന്ന് ഡൽഹി പൊലീസ് പറഞ്ഞു.