അനുനയ നീക്കങ്ങളിൽ അയയാതെ ജി.സുധാകരൻ
ആലപ്പുഴ : നാലര വർഷത്തിനുശേഷം സർക്കാർ പരിപാടിയിലേക്ക് ക്ഷണിച്ചെങ്കിലും പങ്കെടുക്കാതെ ജി.സുധാകരൻ. തോട്ടപ്പള്ളിയിൽ ഇന്നലെ മുഖ്യമന്ത്രി നിർവഹിച്ച നാലുചിറപ്പാലത്തിന്റെ ഉദ്ഘാടനത്തിലേക്കാണ് സുധാകരനെയും ക്ഷണിച്ചിരുന്നത്. പുന്നപ്ര - വയലാർ വാർഷിക വാരാചരണത്തിന്റെ ഭാഗമായി ഇന്നലെ രാവിലെ വയലാറിലേക്കുള്ള ദീപശിഖ വലിയ ചുടുകാട്ടിൽ കൊളുത്തി കൈമാറിയ ജി.സുധാകരൻ വയലാർ വരെ ദീപശിഖാ റിലേയെ അനുഗമിച്ചു. 11.30നാണ് നാലുചിറ പാലം ഉദ്ഘാടനം നിശ്ചയിച്ചിരുന്നതെങ്കിലും വൈകിയാണ് മുഖ്യമന്ത്രിയെത്തിയത്.
പാലത്തിന്റെ ഉദ്ഘാടനത്തിന്റെ ക്ഷണക്കത്തുമായി എച്ച്.സലാം ഞായറാഴ്ച വൈകിട്ട് ജി.സുധാകരന്റെ വീട്ടിലെത്തിയിരുന്നു. സുധാകരൻ ഇല്ലാതിരുന്നതിനാൽ ക്ഷണക്കത്ത് വീട്ടിൽ ഏൽപ്പിച്ച് മടങ്ങി. പൊതുമരാമത്ത് വകുപ്പ് ഉദ്ഘാടന നോട്ടീസിൽ ജി.സുധാകരന്റെ ഫോട്ടോ ഉൾപ്പെടുത്തിയിരുന്നു. എന്നാൽ സി.പി.എം തോട്ടപ്പള്ളി ലോക്കൽ കമ്മിറ്റി പുറത്തിറക്കിയ നോട്ടീസിൽ നിന്ന് അദ്ദേഹത്തെ ഒഴിവാക്കി.