ക്ഷേത്രത്തിൽ നിന്ന് രണ്ട് ലക്ഷം രൂപയുടെ സാധനങ്ങൾ കവർ‌ന്ന കേസിൽ അറസ്റ്റ്

Tuesday 28 October 2025 2:30 AM IST

പറവൂർ:ക്ഷേത്രത്തിൽ നിന്ന് രണ്ട് ലക്ഷം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച കേസിൽ അന്യസംസ്ഥാന തൊഴിലാളികൾ അറസ്റ്റിൽ. മോഷണം നടത്തിയ ഡെൽഹി നരേല സെക്ടർ സ്വദേശി റാണ (27),മോഷണ സാമഗ്രികൾ വാങ്ങിയ തമിഴ്നാട് വില്ലുപുരം പുത്തൂർ സൗത്ത്സ്ട്രീറ്റിൽ രാജ്കുമാർ (27) എന്നിവരെയാണ് ആലുവ വെസ്റ്റ് പൊലീസ് അറസ്റ്റ്ചെയ്തത്. കരുമാലൂർ കുടുംബാരോഗ്യ കേന്ദ്രത്തിന് സമീപമുള്ള ഉമാ മഹേശ്വരി ക്ഷേത്രത്തിലാണ് കവർച്ച നടന്നത്. തിടപ്പള്ളിയുടെ വശത്തെ മുറിയുടെ പൂട്ട്പൊളിച്ചാണ് നിലവിളക്കുകൾ , ഓട്ടുരുളി, ചെമ്പ് പാത്രങ്ങൾ, കുടങ്ങൾ എന്നിവ മോഷ്ടിച്ചത് .തുടർന്ന് നന്ത്യാട്ടു കുന്നത്ത് രാജ് കുമാർ നടത്തുന്ന ആക്രിക്കടയിൽ വിറ്റു. മോഷണസാമഗ്രികൾ കടയിൽ നിന്ന്കണ്ടെടുത്തു.

ആക്രി ശേഖരിക്കാനെന്ന വ്യാജേന ചുറ്റിക്കറങ്ങിയായിരുന്നു മോഷണം. ആലുവ ഡിവൈ.എസ്.പി ടി.ആർ.രാജേഷിന്റെ നേതൃത്വത്തിൽ ഇൻസ്‌പെക്ടർ പി.പി. ജസ്റ്റിൻ, എസ്.ഐമാരായ സതീഷ് കുമാർ, ശശി, അമൽ, എ.എസ്.ഐമാരായ സുനിൽ കുമാർ, പ്രസാദ്, സീനിയർ സി.പി.ഒ മാരായ ഷാരോ, ഷിഹാബ്,സി.പി.ഒമാരായ അൻഷാദ്, ശ്രീകാന്ത്, ലെനീഷ്, ലിഞ്ചു എന്നിവരാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ റിമാൻഡ് ചെയ്തു.