എം.ഡി.എം.എ കടത്തുന്ന സംഘത്തിലെ മുഖ്യപ്രതി പിടിയിൽ

Tuesday 28 October 2025 1:33 AM IST

പാറശാല: ബംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് വൻതോതിൽ എം.ഡി.എം.എ കടത്തുന്ന സംഘത്തിലെ മുഖ്യപ്രതിയും ഇടനിലക്കാരനുമായ പ്രതിയെ പാറശാല പൊലീസ് ബംഗളൂരുവിലെത്തി കസ്റ്റഡിയിലെടുത്തു. ബംഗളൂരുവിലെ ഷാംപുര മഞ്ജുശ്രീ നഴ്‌സിംഗ് കോളേജ് വിദ്യാർത്ഥിയായ എറണാകുളം അങ്കമാലി കാര്യംപറമ്പ് ആനന്ദംകടി വീട്ടിൽ ടെന്നി ജോസ്(21) ആണ് പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ 9ന് ബംഗളൂരുവിൽ നിന്ന് എം.ഡി.എം.എയുമായെത്തിയ നെയ്യാറ്റിൻകര,വെൺപകൽ സ്വദേശി ശ്യാമിനെ പാറശാല പൊലീസ് പിടികൂടിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ടെന്നി ജോസിനെക്കുറിച്ചുള്ള വിവരങ്ങൾ പൊലീസിന് ലഭിച്ചത്.റിമാൻഡിലായിരുന്ന പ്രതിയെ കസ്റ്റഡിയിൽ വാങ്ങിയശേഷം ഇയാളുമായി ബംഗളൂരുവിലെത്തി നടത്തിയ അന്വേഷണത്തിലാണ് ടെന്നി ജോസ് പിടിയിലാവുന്നത്.പാറശാല എസ്.ഐ ദീപു.എസ്.എസിന്റെ നേതൃത്വത്തിൽ ബംഗളൂരുവിലെത്തിയ പൊലീസ് സംഘം ഒരാഴ്ചയോളം നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.