ബസുകളിൽ സഞ്ചരിച്ച് മൊബൈൽ മോഷണം;പ്രതി അറസ്റ്റിൽ
കൊച്ചി: നഗരത്തിലെ സ്വകാര്യബസുകളിൽ സഞ്ചരിച്ച് യാത്രക്കാരുടെ മൊബൈൽ ഫോണുകൾ കവരുന്ന സംഘത്തിൽപ്പെട്ട കുറ്റവാളിയെ പൊലീസ് അറസ്റ്റ് ചെയ്തു. കേരളത്തിന്റെ വിവിധ ജില്ലകളിൽ പ്രതിയായ പെരുമ്പാവൂർ മുടിക്കൽ ഗോകുലത്തിൽ സുരേഷ് ബാബുവിനെയാണ് (57) എറണാകുളം സെൻട്രൽ എസ്.എച്ച്.ഒ അനീഷ് ജോയിയുടെ നേതൃത്വത്തിൽ പിടികൂടിയത്.
തിരക്കുള്ള നേരത്ത് കച്ചേരിപ്പടിയിൽ -മേനക റൂട്ടിലാണ് കവർച്ച. അടുത്തിടെ നിരവധി യാത്രക്കാരുടെ ഫോണുകൾ കവർന്നിരുന്നു. കഴിഞ്ഞദിവസം എറണാകുളം നഗരത്തിലെ ഹോട്ടലിൽ ജീവനക്കാരനായ അന്യസംസ്ഥാന തൊഴിലാളിയുടെ മൊബൈൽ ഫോൺ ബസ് യാത്രയ്ക്കിടെ മോഷണം പോയതുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്. തൊഴിലാളിയിൽ നിന്ന് കവർന്ന ഫോൺ സഹിതം മേനക ജംഗ്‌ഷൻ പരിസരത്ത് നിന്ന് വൈകിട്ട് കസ്റ്റഡിയിലെടുത്തു. എസ്.ഐമാരായ എ.ജി. മനോജ്കുമാർ, രാജേഷ് ചെല്ലപ്പൻ, സി.പി.ഒ വിജീഷ് എന്നിവരും അന്വേഷണ സംഘത്തിൽപ്പെടുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.