ഓൺലൈൻ തട്ടിപ്പുകാരനെ ബംഗാൾ പൊലീസിന് വിട്ടുകൊടുത്തു

Tuesday 28 October 2025 1:37 AM IST

ആലുവ: ആലുവയിലെ ലോഡ്ജിൽ നിന്ന് പിടിയിലായ അന്തർസംസ്ഥാന ഓൺലൈൻ തട്ടിപ്പുകാരനെ ബംഗാൾ പൊലീസിന് വിട്ടുകൊടുത്തു. ഇന്നലെ പുലർച്ചെയോടെ ആലുവയിലെത്തിയ ബംഗാൾ പൊലീസ് പ്രതിയെ കൊൽക്കത്തയിലേക്ക് കൊണ്ടുപോയി.

പശ്ചിമബംഗാൾ സ്വദേശിയെന്ന് കരുതുന്ന കെ. അജയിനെയാണ് (25) തായിക്കാട്ടുകര കമ്പനിപ്പടിയിലെ ലോഡ്ജിൽ നിന്ന് ആലുവ പൊലീസ് ഇൻസ്പെക്ടർ വി.എം. കെർസന്റെയും സൈബർ പൊലീസിന്റെയും നേതൃത്വത്തിൽ പിടികൂടിയത്. പ്രതിക്കെതിരെ ആലുവ പൊലീസ് കരുതൽ തടങ്കൽ അറസ്റ്റാണ് രേഖപ്പെടുത്തിയത്. വിവിധ സംസ്ഥാനങ്ങളിലായി നിരവധി പേരിൽ നിന്ന് കോടിക്കണക്കിന് രൂപയാണ് ഇയാൾ തട്ടിയെടുത്തതെന്നാണ് സൂചന. കേരളത്തിൽ തട്ടിപ്പ് നടത്തിയിട്ടില്ലെന്ന് വ്യക്തമായതിനെ തുടർന്നാണ് നടപടി.

പ്രതിയിൽ നിന്ന് നാല് സംസ്ഥാനങ്ങളിൽ നിന്ന് ശേഖരിച്ച ആധാർ കാർഡുകൾ ആലുവ പൊലീസ് കണ്ടെടുത്തു. ബംഗാൾ പൊലീസ് നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതിയെ ആലുവ പൊലീസ് പിടികൂടിയത്.