ഊർജ്ജ വ്യാപാര നിയന്ത്രണങ്ങളെ വിമർശിച്ച് എസ്. ജയശങ്കർ

Tuesday 28 October 2025 7:21 AM IST

ക്വാലാലംപൂർ: ഊർജ്ജ വ്യാപാരത്തിന്റെ വർദ്ധിച്ചുവരുന്ന നിയന്ത്രിത സ്വഭാവത്തെയും,അന്താരാഷ്ട്ര വ്യാപാര നിയമങ്ങൾ തിരഞ്ഞെടുത്ത് നടപ്പാക്കുന്നതിനെയും വിമർശിച്ച് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. ഇന്നലെ മലേഷ്യയിലെ ക്വാലാലംപൂരിൽ ആസിയാൻ ഉച്ചകോടിക്ക് അനുബന്ധമായി നടന്ന 20-ാം ഈസ്റ്റ് ഏഷ്യാ ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഊർജ്ജ വ്യാപാരം തടസപ്പെടുന്നത് വിപണിയിലെ താളംതെറ്റലിന് കാരണമാകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഊർജ്ജ വ്യാപാര തത്വങ്ങൾ ചില പ്രത്യേക സാഹചര്യങ്ങളിൽ തിരഞ്ഞെടുത്ത് പ്രയോഗിക്കപ്പെടുന്നുവെന്നും പ്രസംഗിക്കുന്ന കാര്യങ്ങൾ എല്ലായ്‌പ്പോഴും പ്രാവർത്തികമാക്കപ്പെടുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. റഷ്യയിൽ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നതുമായി ബന്ധപ്പെട്ട് യു.എസ് ഇന്ത്യയ്ക്ക് മേൽ അധിക തീരുവകൾ ചുമത്തി സമ്മർദ്ദം തുടരുന്നതിനിടെയാണ് ജയശങ്കറിന്റെ വിമർശനം.

'വിതരണ ശൃംഖലയുടെ വിശ്വാസ്യതയും വിപണികളിലേക്കുള്ള പ്രവേശനവും സംബന്ധിച്ച ആശങ്കകൾ വർദ്ധിച്ചുവരികയാണ്. ആഗോള സംഘർഷങ്ങൾ മാനുഷിക ദുരിതങ്ങൾ സൃഷ്ടിക്കുകയും ഭക്ഷ്യസുരക്ഷയെ ദുർബലപ്പെടുത്തുകയും ചെയ്യുന്നു.

ഇത് ഊർജ്ജ പ്രവാഹത്തെ ഭീഷണിപ്പെടുത്തുന്നു. വ്യാപാരത്തെ തടസപ്പെടുത്തുന്നു " അദ്ദേഹം വ്യക്തമാക്കി. ഗാസ സമാധാന പദ്ധതിയെ ഇന്ത്യ സ്വാഗതം ചെയ്യുന്നെന്നും യുക്രെയിൻ സംഘർഷം എത്രയും വേഗം അവസാനിക്കാൻ ആഗ്രഹിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രതിരോധശേഷിയും പുതിയ ധാരണകളും അന്താരാഷ്ട്ര ബന്ധങ്ങൾ കൈകാര്യം ചെയ്യുന്നതിന് നിർണായകമാണെന്നും ചൂണ്ടിക്കാട്ടി. ഭീകരതയോട് വിട്ടുവീഴ്‌ച പാടില്ലെന്നും ജയശങ്കർ ആഹ്വാനം ചെയ്തു.

ജയശങ്കർ-റൂബിയോ ചർച്ച

ജയശങ്കറും യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും കൂടിക്കാഴ്ച നടത്തി. ഇന്ത്യ-യു.എസ് പങ്കാളിത്തം വിപുലീകരിക്കുന്നതും ഇന്തോ - പസഫിക് മേഖലയിലെ സഹകരണവും ഇരുവരും ചർച്ച ചെയ്തു.