അഫ്ഗാൻ-പാക് സമാധാന ചർച്ച പ്രതിസന്ധിയിൽ
ഇസ്ലാമാബാദ്: അതിർത്തിയിൽ സമാധാനം സ്ഥാപിക്കാനുള്ള അഫ്ഗാനിസ്ഥാൻ-പാകിസ്ഥാൻ ചർച്ചകൾ പ്രതിസന്ധിയിൽ. ശനിയാഴ്ച തുർക്കിയിലെ ഇസ്താംബുളിൽ തുടങ്ങിയ ചർച്ചയിൽ ഇനിയും ധാരണയിലെത്താനായിട്ടില്ല. ഇതിനിടെ സംഘർഷം ഒത്തുതീർപ്പിലെത്തിക്കാമെന്ന വാഗ്ദ്ധാനവുമായി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും രംഗത്തെത്തി.
അതിർത്തി കടന്നുള്ള ഭീകരാക്രമണം തടയാൻ അഫ്ഗാൻ തയ്യാറാകുന്നില്ലെന്നാണ് പാകിസ്ഥാന്റെ വാദം. പാക് ആരോപണങ്ങൾ അഫ്ഗാനിലെ താലിബാൻ ഭരണകൂടം നിഷേധിക്കുന്നു. കഴിഞ്ഞ ദിവസം അതിർത്തിക്ക് സമീപം ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ 5 പാക് സൈനികർ കൊല്ലപ്പെട്ടിരുന്നു. 25 ഭീകരരെ വധിച്ചെന്ന് പാകിസ്ഥാൻ അവകാശപ്പെട്ടു.
അതേ സമയം, ഒരാഴ്ചയിലേറെ നീണ്ട സൈനിക ഏറ്റുമുട്ടലുകൾക്കൊടുവിൽ ഈമാസം 19ന് ഖത്തർ ഇടപെട്ടാണ് പാക്-അഫ്ഗാൻ അതിർത്തിയിൽ അടിയന്തര വെടിനിറുത്തൽ നടപ്പാക്കിയത്. ഇസ്താംബുൾ ചർച്ചയിലൂടെ ശാശ്വത സമാധാനത്തിനുള്ള നടപടികൾ തീരുമാനിക്കാമെന്നും ധാരണയിലെത്തുകയായിരുന്നു. അതിനിടെ, ചർച്ചയിലൂടെ പരിഹാരം കാണാൻ അഫ്ഗാൻ തയ്യാറായില്ലെങ്കിൽ തുറന്ന യുദ്ധമായി കണക്കാക്കുമെന്ന് പാക് പ്രതിരോധ മന്ത്രി ഖവാജ ആസിഫ് ഭീഷണി മുഴക്കി.