അരുണാചലിനടുത്ത് 36 എയർക്രാഫ്റ്റ് ഷെൽട്ടറുകൾ നിർമ്മിച്ച് ചൈന

Tuesday 28 October 2025 7:36 AM IST

ന്യൂഡൽഹി: ഇന്ത്യക്ക് ഭീഷണിയായി അരുണാചൽപ്രദേശിനോട് ചേർന്ന തന്ത്രപ്രധാനമായ പ്രദേശത്ത് ചൈനയുടെ 36 സംരക്ഷിത എയർക്രാഫ്റ്റ് ഷെൽട്ടറുകൾ (ഹാർഡൻഡ് എയർക്രാഫ്റ്റ് ഷെൽട്ടർ). അരുണാചൽ പ്രദേശിലെ തവാങ് നഗരത്തിൽ നിന്ന് 107 കിലോമീറ്റർ അകലെയുള്ള ലുൻസെയിലാണ് ചൈന ഷെൽട്ടറുകൾ നിർമ്മിച്ചിരിക്കുന്നത്. ഇന്ത്യ-ചൈന അതിർത്തിയായ മക്മഹോൻ രേഖയിൽ നിന്ന് 40 കിലോമീറ്ററോളം വടക്കുള്ള ടിബറ്റിലെ ലുൻസെ വ്യോമതാവളത്തിൽ ചൈന പുതിയ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയത്. പുതിയ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കുകൾ,ഏപ്രൺ എന്നിവയും നിർമ്മിച്ചിട്ടുണ്ട്. അരുണാചൽപ്രദേശിലെയും അസമിലെയും ഇന്ത്യൻ വ്യോമസേനാ താവളങ്ങളിൽ നിന്നുള്ള ആക്രമണങ്ങളോട് അതിവേഗം പ്രതികരിക്കാൻ പുതിയ എയർക്രാഫ്റ്റ് ഷെൽട്ടറുകൾ ചൈനയ്ക്ക് സഹായകമാകും. യുദ്ധവിമാനങ്ങൾക്ക് പുറമെ ഡ്രോണുകളും അതിർത്തിയിൽ വിന്യസിക്കാനാകും. എയർക്രാഫ്റ്റ് ഷെൽട്ടറുകളുടെ നിർമ്മാണം പൂർത്തിയായെങ്കിൽ വൈകാതെ ചൈന അവരുടെ യുദ്ധവിമാനങ്ങളും മറ്റു ആക്രമണ സംവിധാനങ്ങളും ലുൻസെയിൽ വിന്യസിക്കുമെന്ന് ഉറപ്പാണെന്ന് ഇന്ത്യൻ വ്യോമസേന മുൻ മേധാവി ബി.എസ് ധനോവ പറഞ്ഞു. ഈ പ്രദേശത്തെ ടണലുകളിൽ വെടിക്കോപ്പുകളും ഇന്ധനങ്ങളും ഇപ്പോൾ തന്നെ ഒരുക്കിവച്ചിട്ടുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ടിബറ്റിലെ വ്യോമതാവളങ്ങളിൽ ചൈന ശക്തമായ വിമാന ഷെൽട്ടറുകൾ സ്ഥാപിക്കാൻ തുടങ്ങിയാൽ അതിനർത്ഥം അവർ ഇന്ത്യയുമായി യുദ്ധത്തിന് തയ്യാറെടുക്കുകയാണ് എന്നാണെന്ന് താൻ 2017ലെ ദോക്‌ലാം സംഭവത്തിനിടെ സഹപ്രവർത്തകരോട് പറഞ്ഞിരുന്നതായും അദ്ദേഹം വെളിപ്പെടുത്തി. ലുൻസെയിലെ നിർമ്മാണപ്രവർത്തനങ്ങൾ അതിർത്തിയിലെ സുരക്ഷയ്ക്ക് ഭീഷണിയാകുമെന്ന് വ്യോമസേന മുൻ ഉപമേധാവി എയർ മാർഷൽ അനിൽ ഖോസ്ലെ പറഞ്ഞു. ലുൻസെയിലെ ടാർമാക്കിൽ സി.എച്ച്-4 ഡ്രോണുകൾ വിന്യസിച്ചതായും സംശയിക്കുന്നുണ്ട്. സി.എച്ച്-4 ഡ്രോണുകൾക്ക് 16,000 അടിക്ക് മുകളിൽ നിന്ന് ഹ്രസ്വദൂര എയർ ടു സർഫേസ് മിസൈലുകൾ വിക്ഷേപിക്കാനാകും. ഹിമാലയൻ അതിർത്തി മേഖലയിലെ വ്യോമതാവളങ്ങൾ നവീകരിക്കുന്നതിന്റെ ഭാഗമായാണ് ചൈന ലുൻസെ വ്യോമതാവളം നവീകരിച്ചത്. ടിങ്രി, ലുൻസെ, ബുറാങ്, യുട്ടിയൻ, യർകാന്ത് എന്നീ വ്യോമതാവളങ്ങളിൽ നവീകരണ പ്രവർത്തനം നടക്കുന്നതിന്റെ ഉപഗ്രഹ ചിത്രങ്ങൾ കഴിഞ്ഞ ഏപ്രിലിൽ ചില മാദ്ധ്യമങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു.