യു.എസ് കോപ്‌റ്ററും യുദ്ധവിമാനവും കടലിൽ തകർന്നുവീണു

Tuesday 28 October 2025 7:36 AM IST

ബീജിംഗ്: യു.എസ് നേവിയുടെ ഹെലികോപ്റ്ററും യുദ്ധവിമാനവും ദക്ഷിണ ചൈനാ കടലിൽ തകർന്നുവീണു. ആളപായമില്ല. പ്രാദേശിക സമയം ഞായറാഴ്ച ഉച്ചയ്ക്ക് 2.45ന് സീ ഹോക്ക് ഹെലികോപ്റ്ററാണ് ആദ്യം കടലിൽ പതിച്ചത്. 30 മിനിറ്റിനുള്ളിൽ എഫ്/എ-18 എഫ് സൂപ്പർ ഹോർണെറ്റ് യുദ്ധവിമാനവും തകർന്നുവീഴുകയായിരുന്നു. പൈലറ്റുമാരെ രക്ഷപെടുത്തി. മേഖലയിലുള്ള യു.എസിന്റെ വിമാനവാഹിനി കപ്പലായ യു.എസ്.എസ് നിമിറ്റ്‌സിൽ നിന്ന് പതിവ് നിരീക്ഷണ ദൗത്യങ്ങളുടെ ഭാഗമായി പറന്നുയർന്നതാണ് കോപ്റ്ററും വിമാനവും. യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഏഷ്യൻ പര്യടനം തുടരുന്നതിനിടെയാണ് സംഭവം. അപകടങ്ങളുടെ കാരണം വ്യക്തമല്ല. നേവി അന്വേഷണം തുടങ്ങി.