അൽഖ്വയ്ദ ബന്ധം; യുവ സോഫ്റ്റ്‌വെയർ‌ എഞ്ചിനീയർ അറസ്റ്റിൽ

Tuesday 28 October 2025 10:10 AM IST

മുംബയ്: അൽഖ്വയ്ദയുമായി ബന്ധമുണ്ടെന്ന സംശയത്തിൽ സോഫ്റ്റ്‌വെയർ എഞ്ചിനീയർ അറസ്റ്റിൽ. സുബൈർ ഹംഗാർക്കർ എന്നയാളെ പൂനെയിലെ കൊന്ധ്‌വയിൽ നിന്ന് മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സ്ക്വാഡാണ് അറസ്റ്റ് ചെയ്തത്. യുവജനങ്ങളെ ഭീകരവാദത്തിലേക്ക് ആകർഷിച്ചു എന്നാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റം. കോടതിയിൽ ഹാജരാക്കിയ സുബൈറിന കോടതി നവംബർ‌ നാല് വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.രാജ്യവിരുദ്ധ പ്രവർത്തനങ്ങളിലും മഹാരാഷ്ട്രയിലും മറ്റ് നഗരങ്ങളിലും ഭീകരാക്രമണങ്ങൾ ആസൂത്രണം ചെയ്തതിലും ഇയാൾക്ക് പങ്കുണ്ടെന്ന് പൊലീസ് കോടതിയെ അറിയിച്ചു. പ്രതിയുടെ പക്കൽ നിന്ന് യുവാക്കളെ തീവ്രവവാദത്തിലേക്ക് ആകർഷിക്കാൻ ഉപയോഗിച്ചതെന്ന് കരുതുന്ന ഒട്ടേറെ രേഖകളും വസ്തുക്കളും കണ്ടെടുത്തതായി പൊലീസ് വ്യക്തമാക്കി.

ഒക്ടോബർ 27-ന് പൂനെ റെയിൽവേ സ്റ്റേഷനിൽ വച്ച് ചെന്നൈ എക്സ്പ്രസ്സിൽ യാത്ര ചെയ്യുകയായിരുന്ന നാല് പേരെ കൂടി പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കൂടാതെ ഒക്ടോബർ 9-ന് പൂനെയിലെ വിവിധ സ്ഥലങ്ങളിൽ നടത്തിയ റെയ്ഡുകളിൽ നിന്ന് ഇലക്ട്രോണിക് ഉപകരണങ്ങളും മറ്റ് രേഖകളും പിടിച്ചെടുത്തിരുന്നു. മേഖലയിൽ ഭീകരരുടെ സാന്നിദ്ധ്യം ഉണ്ടെന്ന സൂചനകളാണ് ഈ രേഖകളിലൂടെ കാണിക്കുന്നത്.

ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധപ്പെട്ട കേസിൽ ഡൽഹിയിലെ സാദിഖ് നഗറിൽ നിന്ന് മുഹമ്മദ് അദ്‌നാൻ ഖാൻ (19), ഭോപ്പാലിൽ നിന്ന് അദ്‌നാൻ ഖാൻ ( 20) എന്നിവരെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് എഞ്ചിനീയറുടെ അറസ്റ്റ്. ഐഎസിന്റെ ഓൺലൈൻ വിഭാഗം സജീവമാണെന്ന് അറസ്റ്റുകൾ സൂചിപ്പിക്കുന്നു.