സർക്കാർ സ്‌കൂളിൽ ഇസ്ലാമിക നമസ്‌കാരം പഠിപ്പിച്ചെന്നാരോപിച്ച് അദ്ധ്യാപകന് സസ്‌പെൻഷൻ

Tuesday 28 October 2025 11:18 AM IST

ഭോപ്പാൽ: സർക്കാർ സ്‌കൂളിൽ ഇസ്ലാമിക നമസ്കാരം പഠിപ്പിച്ചെന്നാരോപിച്ച് അദ്ധ്യാപകനെ സസ്പെൻഡ് ചെയ്ത് ജില്ലാ ഭരണകൂടം. മദ്ധ്യപ്രദേശിലെ ബുർഹാൻപൂർ ജില്ലയിലെ സർക്കാർ സ്കൂളിലാണ് സംഭവം. യോഗയുടെയും സൂര്യനമസ്‌കാരത്തിന്റെയും മറവിൽ വിദ്യാർത്ഥികളെ ഇസ്ലാമിക നമസ്‌കാരം പഠിപ്പിച്ചെന്ന് സാമൂദായിക സംഘടനകൾ ആരോപിച്ചു. സംഭവം പ്രദേശത്ത് രാഷ്ട്രീയവും സാമുദായികവുമായ വിവാദത്തിന് തിരികൊളുത്തിയതോടെ ജില്ലാ ഭരണകൂടം അന്വേഷണം ആരംഭിക്കുകയും അദ്ധ്യാപകനെ സസ്‌പെൻഡ് ചെയ്യുകയും ചെയ്യുകയുമായിരുന്നു.

എന്നാൽ താൻ കുട്ടികളെ പഠിപ്പിച്ചത് യോഗയിലെ ശശങ്കാസനമാണെന്നും ചില രക്ഷിതാക്കൾ അതിനെ നമസ്‌കാരമായി തെറ്റിദ്ധരിച്ചിരിക്കാമെന്നും അദ്ധ്യാപകൻ പറയുന്നു. ഷാപൂർ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ദിയോഹാരി ഗ്രാമത്തിലെ ഗവൺമെന്റ് മിഡിൽ സ്‌കൂളിലെ അദ്ധ്യാപകനായ ജബൂർ തദ്‌വിയെ ഹിന്ദു ജാഗരൺ മഞ്ച് അംഗങ്ങളുടെ പ്രതിഷേധത്തെത്തുടർന്നാണ് സസ്‌പെൻഡ് ചെയ്തത്.

ദീപാവലി അവധിക്കാലത്ത്, യോഗയുടെ പേരിൽ നമസ്‌കാരം പോലുള്ളവ ചെയ്യാൻ അദ്ധ്യാപകൻ വിദ്യാർത്ഥികളെ നിർബന്ധിച്ചെന്നാരോപിച്ച് രക്ഷിതാക്കളും ഗ്രാമ വാസികളും പരാതിപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സ്കൂൾ പ്രിൻസിപ്പൽ വിവരം ജില്ലാ വിദ്യാഭ്യാസ ഓഫീസറെ അറിയിച്ചു. തുടർന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസർ വിഷയത്തിൽ റിപ്പോർട്ട് തയ്യാറാക്കാൻ ഒരു സംഘത്തെ അയച്ചു.

എന്നാൽ ഹിന്ദു ജാഗരൺ മഞ്ചിന്റെ പ്രതിനിധികൾ ഇടപെട്ട് വിഷയം സാമുദായിക പ്രശ്ന‌മാക്കി മാറ്റുകയാണെന്നും ആരോപണമുണ്ട്. ഹിന്ദു ജാഗരൺ മഞ്ചിന്റെ ജില്ലാ കോർഡിനേറ്റർ അജിത് പർദേശി അദ്ധ്യാപകന്റെ പ്രവർത്തനങ്ങൾ മനഃപൂർവമാണെന്ന് ആരോപിച്ചു. മതപരിവർത്തനത്തെ പ്രോത്സാഹിപ്പിക്കുകയാണ് അദ്ധ്യാപകന്റെ ലക്ഷ്യമെന്നും അത് ഹിന്ദു വികാരങ്ങളെ വ്രണപ്പെടുത്തിയെന്നും ആരോപിച്ച് അവർ പ്രതിഷേധങ്ങൾ സംഘടിപ്പിച്ചു. എന്നാൽ ജബൂർ തദ്‌വി ആരോപണങ്ങളെ നിഷേധിച്ചു, ആരോപണങ്ങൾ പൂർണ്ണമായും അടിസ്ഥാനരഹിതമാണെന്ന് അദ്ദേഹം പറഞ്ഞു. വിദ്യാർത്ഥികൾക്ക് യോഗ പഠിപ്പിക്കാനുള്ള സർക്കാർ നിർദ്ദേശങ്ങൾ പാലിക്കുകയാണെന്നും ഇസ്ലാമിക നമസ്‌കാരത്തിന് യോഗയിലെ ശശങ്കാസനവുമായി കാഴ്ചയിൽ സാമ്യമുള്ളതാണ് ആശയക്കുഴപ്പം ഉണ്ടാക്കിയതെന്നും അദ്ദേഹം അവകാശപ്പെട്ടു.