രണ്ട് തടവുകാരെ പുറത്ത് കാവൽ നിർത്തി, ജയിലിലെ പ്രാർത്ഥനാ മുറിയിൽ ലൈംഗിക ബന്ധം; ഉദ്യോഗസ്ഥക്കെതിരെ കേസ്

Tuesday 28 October 2025 11:21 AM IST

ലണ്ടൻ: ജയിലിലെ പ്രാർത്ഥനാ മുറിയിൽ തടവുകാരനുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട ജയിൽ ഉദ്യോഗസ്ഥക്കെതിരെ കേസ്. 23കാരിയായ ഇസബെൽ ഡെയ്ൽ മോഷണക്കേസ് പ്രതി ഷാഹിദ് ഷെരീഫുമായാണ് ലൈംഗിക ബന്ധത്തിലേർപ്പെട്ടത്. ബ്രിട്ടണിലുള്ള സുറയിലെ എച്ച്എംപി കോൾഡിംഗ്‌ലി ജയിലിലാണ് സംഭവം. രണ്ട് തടവുകാരെ പുറത്ത് കാവൽ നിർത്തിയ ശേഷമായിരുന്നു ലൈംഗിക ബന്ധമെന്നും ജയിൽ അധികൃതർ കോടതിയെ അറിയിച്ചു. മറ്റൊരു തടവുകാരനുമായും ഡെയ്‌ലിന് ലൈംഗിക ബന്ധമുണ്ടായിരുന്നതായി ആരോപണമുണ്ട്. പ്രാർത്ഥനാ മുറിയിൽ ബന്ധപ്പെടുന്നതിന്റെ തെളിവായി സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ടെന്ന് സൗത്ത് വാർക്ക് ക്രൗൺ കോടതിയിൽ ജയിൽ അധികൃത‌ർ അറിയിച്ചു.

ലൈംഗികബന്ധത്തിൽ ഏർപ്പെട്ട ശേഷം ഷെരീഫ് ഡെയ്‌ലിന് അയച്ച സന്ദേശത്തിൽ സ്നേഹം പങ്കുവച്ചത് നന്നായിരുന്നു, നിങ്ങളുടെ പ്രകടനം വിസ്മയകരമാണെന്നും പറഞ്ഞിരുന്നു. 12 വർഷത്തെ തടവ് ശിക്ഷ അനുഭവിക്കുന്ന ഷെരീഫിനെ സംഭവത്തിന് പിന്നാലെ മറ്റൊരു ജയിലിലേക്ക് മാറ്റുകയും ചെയ്തു. ഇയാളെ മാറ്റിയ ശേഷവും മൂന്ന് തവണ ഡെയ്ൽ ഷെരീഫിനെ സന്ദർശിച്ചിരുന്നതായും ജയിൽ അധികൃതർ കോടതിയെ അറിയിച്ചു. ജയിൽ ഉദ്യോഗസ്ഥയായി ജോലി ചെയ്യുന്നതിനിടെ ഇമെയിൽ വഴി ഡെയ്ൽ ഷെരീഫിന് ലൈംഗികച്ചുവയുള്ള ചിത്രങ്ങൾ അയച്ചുകൊടുത്തതായും രണ്ട് തവണ പണം കൈമാറ്റം ചെയ്തതായും ആരോപണമുണ്ട്.

ഷെരീഫിന്റെ നിർദ്ദേശപ്രകാരം സിന്തറ്റിക്ക് കഞ്ചാവ് ചേർത്ത കവറുകളോടെ ഇയാളെ പുതിയ ജയിലിലേക്ക് കടത്താൻ ഡെയ്ൽ സഹായിച്ചതായും പറയപ്പെടുന്നു. ഷെരീഫിന്റെ ലഹരിമരുന്ന് വിതരണത്തിനായി ഉപയോഗിച്ചിരുന്ന സ്‌നാപ്ചാറ്റ് അക്കൗണ്ട് ഡെയ്ൽ കൈകാര്യം ചെയ്യുകയും ഇയാളുടെ സുഹൃത്തായ ലൈലിയ സാലിസിൽ നിന്ന് സിന്തറ്റിക് കഞ്ചാവ് ശേഖരിക്കുകയും ചെയ്തിരുന്നു.

ഡെയ്‌ലിനെ അറസ്റ്റ് ചെയ്തപ്പോൾ കാറിന്റെ ഡിക്കിയിൽ നിന്ന് ലഹരിമരുന്ന് കടത്താനുള്ള ഉപകരണങ്ങൾ കണ്ടെത്തിയിരുന്നു. ഷെരീഫ് നൽകിയ വിവാഹ നിശ്ചയ മോതിരവും ഇരുവരുടെയും ഫ്രെയിം ചെയ്ത ഫോട്ടോയും കിടക്കയ്ക്ക് മുകളിൽ തൂക്കിയ നിലയിൽ പൊലീസ് കണ്ടെടുത്തു. ഷെരീഫിന്റെ സെല്ലിൽ നടത്തിയ പരിശോധനയിൽ ഡെയ്ൽ അയച്ച പ്രേമലേഖനങ്ങളും നഗ്നഫോട്ടോകളും കണ്ടെത്തിയതായി അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. ഡെയ്‌ലിന്റെ ഫോണിൽ നടത്തിയ പരിശോധനയിൽ ഇവർക്ക് കോർണർ മണി എന്ന മറ്റൊരു തടവുകാരനുമായും ലൈംഗിക ബന്ധമുണ്ടായിരുന്നതിന് തെളിവുകൾ ലഭിച്ചിരുന്നു.