ക്യാൻസറിന് വരെ കാരണം, കമ്മലുകൾ നിരോധിച്ചു, ഉപയോഗിക്കുന്നവർ ഉടൻ തിരികെ ഏൽപ്പിക്കണമെന്ന് നിർദേശം

Tuesday 28 October 2025 11:29 AM IST

ലണ്ടൻ: ചർമ്മത്തിന് അപകടകരമാകുന്ന രാസവസ്തുകൾ ചേർത്ത കമ്മലുകൾ നിരോധിച്ചു. മിസോമ എന്ന ബ്രാൻഡിന്റെ കമ്മലുകളാണ് നിരോധിച്ചത്. മിസോമയുടെ നിരോധിച്ച കമ്മലുകളിൽ ഒരു പ്രത്യേക രാസവസ്തുവിന്റെ അംശം കണ്ടെത്തിയതായാണ് വിവരം. ബ്രീട്ടിഷ് രാജകുമാരി കേറ്റ് മിഡിൽട്ടൺ, നടിയായ ഫ്ലോറൻസ് പഗ്, ഗായികയായ സെലീന ഗോമസ് തുടങ്ങിയ സെലിബ്രിറ്റികൾ ധരിക്കുന്ന വളരെ പ്രശസ്തമായ ബ്രാൻഡാണ് മിസോമ. ഇവരുടെ എട്ട് തരത്തിലുള്ള കമ്മലുകളാണ് നിരോധിച്ചത്.

ഈ കമ്മലുകളിൽ കാഡ്മിയം അമിതമായി അടങ്ങിയിരിക്കുന്നു. ഇത് ചർമ്മത്തെ ദോഷകരമായി ബാധിക്കുകയും ക്യാൻസറിന് വരെ കാരണമാവുകയും ചെയ്യുന്നതായി ആരോഗ്യ വിദഗ്ധർ പറയുന്നു. എന്നാൽ നിരോധിച്ച കമ്മലുകളിൽ കാഡ്മിയം കുറവാണെന്നും വളരെ പെട്ടെന്ന് അപകടസാദ്ധ്യത ഉണ്ടാക്കില്ലെന്നും മിസോമ കമ്പനി അധികൃതർ വ്യക്തമാക്കുന്നു. എന്നാൽ ഒരുപാട് നാൾ ഇത് ഇടുന്നത് ആരോഗ്യത്തിന് പ്രതികൂലമാണെന്നും മുന്നറിയിപ്പ് നൽകുന്നു.

കാഡ്മിയം ചർമ്മത്തിൽ ദീർഘനേരം സമ്പർക്കം പുലർത്തുന്നത് അസ്ഥികൾക്കും വൃക്കകൾക്കും കേടുപാടുകൾ വരുത്തുകയും ക്യാൻസറിന് കാരണമാവുകയും ചെയ്തേക്കാമെന്ന് യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസി മുന്നറിയിപ്പ് നൽകുന്നുണ്ട്. നിരോധിക്കപ്പെട്ട എട്ട് കമ്മലുകളിൽ ഏതെങ്കിലും കെെവശം ഉണ്ടെങ്കിൽ അവ ഉപയോഗിക്കുന്നത് നിർത്താനും തിരികെ എത്തിക്കാനും കമ്പനി അറിയിച്ചിട്ടുണ്ട്. നിങ്ങളുടെ സുരക്ഷയ്ക്ക് തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നും ഉടനടി ഇതിന് പരിഹാരം കണ്ടെത്തുമെന്നും മിസോമ അധികൃതർ അറിയിച്ചു. നിരോധിച്ച ഈ എട്ട് ഇനങ്ങളും 2025 മെയ് ഒന്നിന് മുൻപ് തായ്‌ലൻഡിൽ നിർമ്മിച്ച സ്വർണ സ്റ്റഡ് കമ്മലാണെന്നും കമ്പനി വ്യക്തമാക്കി.

നിരോധിച്ചവ

'FJ-G-E41-NS-HF Fine Bar Single Piercing Stud Earring, FJ-G-E52-NS-HF Fine Snake Single Piercing Stud Earring, FJ-G-E39-NS-HF Fine Round Single Piercing Stud Earring, FJ-G-E92-NS Fine Trio Single Piercing Stud, FJ-G-E56-NS-HF Fine Star Single Piercing Stud Earring, FJ-G-E32-NS-HF Fine Snake Single Stud Earring. AC-FJ-2024-S Fine Snake Single Stud x 2 and AC-FJ-2024-M Fine Snake Single Stud x 2.'