ടിപി കേസ് പ്രതികൾക്കായി സർക്കാരിന്റെ അസാധാരണ നീക്കം; വിടുതലിന് സുരക്ഷാ പ്രശ്‌നമുണ്ടോയെന്ന് ജയിൽ സൂപ്രണ്ടുമാർക്ക് കത്ത്

Tuesday 28 October 2025 11:57 AM IST

തിരുവനന്തപുരം: ടിപി ചന്ദ്രശേഖരൻ വധക്കേസ് പ്രതികൾക്കുവേണ്ടി അസാധാരണ നീക്കവുമായി കേരള സർക്കാർ. പ്രതികൾക്ക് വിടുതൽ നൽകുന്നതിൽ സുരക്ഷാ പ്രശ്‌നമുണ്ടോ എന്ന് ആരാഞ്ഞ് സംസ്ഥാന ജയിൽ ആസ്ഥാനത്ത് നിന്ന് ജയിൽ സൂപ്രണ്ടുമാർക്ക് കത്ത് ലഭിച്ചു. എന്നാൽ, പരോളിന് വേണ്ടിയാണോ വിട്ടയക്കലിന് വേണ്ടിയാണോ ഈ ചോദ്യമെന്ന് കത്തിൽ വ്യക്തമാക്കിയിട്ടില്ല.

ഭാവിയിലുള്ള നടപടികൾക്കായി രേഖ സൃഷ്‌ടിക്കുന്നതിന് വേണ്ടിയാണ് ഈ നീക്കമെന്ന ആക്ഷേപം ഉയരുന്നുണ്ട്. എന്നാൽ, കത്തിൽ അസ്വാഭാവികത ഇല്ലെന്നും പ്രതികളെ വിട്ടയക്കാനുള്ള നീക്കത്തിന്റെ ഭാഗമല്ല ഇതെന്നുമാണ് ജയിൽ വകുപ്പിന്റെ വിശദീകരണം. ആർഎസ്‌എസ് പ്രവർത്തകരെ കൊലപ്പെടുത്തിയ കേസിൽ നേരത്തേ പ്രതികളെ വെറുതേവിട്ടിരുന്നു. ഈ കേസിലെ പ്രതികളിൽ മൂന്നുപേർ ടിപി കേസിലും പ്രതികളാണ്. ഇവർ പരോളിനിറങ്ങുമ്പോൾ സുരക്ഷാ പ്രശ്‌നം ഉണ്ടോ എന്ന് അന്വേഷിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഈ കത്തെന്നും ജയിൽ വകുപ്പ് വ്യക്തമാക്കി.