ഭക്ഷണം കഴിച്ച് പണം നൽകാതെ മുങ്ങി,​ സ്ത്രീകൾ അടക്കമുള്ളവരെ ഓടിച്ചിട്ട് പിടിച്ച് ജീവനക്കാർ

Tuesday 28 October 2025 12:15 PM IST

ജയ്പൂർ: ഭക്ഷണം കഴിച്ച് ബിൽ നൽകാതെ മുങ്ങിയ അഞ്ച് പേരെ ഹോട്ടൽ ജീവനക്കാർ ഓടിച്ചിട്ട് പിടികൂടി. ഗുജറാത്തിൽ നിന്ന് രാജസ്ഥനിലേക്ക് എത്തിയ സംഘത്തെയാണ് ജീവനക്കാർ പിന്തുടർന്ന് പിടികൂടിയത്. ഒക്ടോബർ 25ന് രാജസ്ഥാനിലെ സിയാവ ഗ്രാമത്തിന് സമീപമുള്ള ഹാപ്പി ഡേ ഹോട്ടലിലാണ് സംഭവം. സ്ത്രീകളടക്കമുള്ള അഞ്ചുപേരടങ്ങുന്ന സംഘം പതിനായിരം രൂപയ്ക്ക് ആഹാരം കഴിച്ച ശേഷം ബിൽ നൽകാതെ ശുചിമുറി വഴി പുറത്തിറങ്ങുകയും കാറിൽ കയറി മൂങ്ങുകയുമായിരുന്നു.

ഹോട്ടലിലെ സിസിടിവി ക്യാമറകളിൽ സംഭവം പതിയുകയും ഉടൻ തന്നെ ഹോട്ടൽ ജീവനക്കാർ കാറുമായി ഇവരെ പിന്തുടരുകയും ചെയ്തു. പൊലീസിന്റെ സഹായത്തോടെ ഗുജറാത്ത് അതിർത്തിക്കടുത്തുവച്ച് ജീവനക്കാർ ഇവരുടെ വാഹനം തടഞ്ഞുനിർത്തി. വാഹനം തടഞ്ഞ ശേഷം വീഡിയോ റെക്കാർഡ് ചെയ്ത ഒരാൾ പണം അടയ്ക്കാതെ നിങ്ങൾ എന്തിനാണ് ഓടിപ്പോയത്? ഇത്രയും വില കൂടിയ വാഹനങ്ങളിൽ കറങ്ങി നടന്ന് ഭക്ഷണം കഴിച്ച ശേഷം ഓടിപ്പോവുകയാണോ ചെയ്യുന്നതെന്ന് വീഡിയോയിൽ ചോദിക്കുന്നത് കേൾക്കാം.

ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ വ്യാപക വിമർശനമാണ് സംഘത്തിനെതിരെ ഉയരുന്നത്. "ഇതാണ് ഇന്ത്യയിലെ ധനികരുടെ മാനസികാവസ്ഥയുടെ ചുരുക്കം. ഇഎംഐയിൽ ആഢംബരം, കടത്തിൽ ധാർമ്മികത. ഇവർ ബില്ലിൽ നിന്നല്ല, ഉത്തരവാദിത്വത്തിൽ നിന്നാണ് ഒളിച്ചോടുന്നത്," ഒരാൾ കമന്റ് ചെയ്തു. ഹോട്ടൽ ജീവനക്കാരുടെയും പൊലീസിന്റെയും വേഗത്തിലുള്ള നടപടിയെ ഒട്ടേറെ പേർ പ്രശംസിച്ച് കമന്റുകൾ രേഖപ്പെടുത്തി. ഇത്തരം നടപടികളാണ് നിയമവും നീതിന്യായ വ്യവസ്ഥയും നിലനിർത്തുന്നതെന്ന് പലരും ചൂണ്ടിക്കാണിച്ചു.