കഷണ്ടിയിലും മുടി വളരും, പുരികം കട്ടിയാകും; വെറും 20 ദിവസത്തിൽ ഫലം തരുന്ന അത്ഭുത സിറം
പലതരത്തിലുള്ള കണ്ടുപിടുത്തങ്ങൾ ദിനംപ്രതി നടക്കുന്നുണ്ട്. ഇതിൽ വിജയിക്കുന്നവ വളരെ കുറവാണ്. ഇപ്പോഴിതാ മനുഷ്യന് ഏറ്റവും പ്രയോജനകരമായ ഒരു കണ്ടുപിടിത്തവുമായി എത്തിയിരിക്കുകയാണ് ശാസ്ത്ര ലോകം. കൊഴിഞ്ഞ മുടി 20 ദിവസത്തിനുള്ളിൽ വീണ്ടും വളർത്തിയെടുക്കുന്ന സിറം ആണിത്. ശാസ്ത്ര -ഗവേഷണത്തിന്റെ പിന്തുണയോടെ പുറത്തുവരുന്ന ഈ സിറം ഉപയോഗിച്ചാൽ ഫലം ഉറപ്പാണെന്നാണ് വിദഗ്ദ്ധർ പറയുന്നത്. തലമുടി മാത്രമല്ല, പുരികം നല്ല കട്ടിയായി വളരാനും ഇത് സഹായിക്കും.
നാഷണൽ തായ്‌വാൻ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരാണ് ഈ കണ്ടുപിടിത്തത്തിന് പിന്നിൽ. ചർമ്മത്തെ പ്രകോപിപ്പിക്കാത്ത പ്രകൃതിദത്തമായ ചേരുവകളാണ് ഈ സിറത്തിന്റെ പ്രധാന പ്രത്യേകത. ഉടൻതന്നെ ഇവ വിപണിയിൽ ലഭ്യമാകുമെന്നാണ് വിവരം. നാഷണൽ തായ്‌വാൻ യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസർ സുങ്-ജാൻ ലിൻ തന്റെ കാലുകളിലാണ് ഈ സിറം ആദ്യമായി പരീക്ഷിച്ച് നോക്കിയത്. മൂന്നാഴ്‌ച പുരട്ടിയപ്പോൾ തന്നെ നല്ല ഫലം കണ്ടുവെന്ന് അദ്ദേഹം പറയുന്നു. പിന്നീട് എലികളിലും ഈ പരീക്ഷണം നടത്തി. അതിലും നല്ലരീതിയിലുള്ള ഫലമാണ് കണ്ടത്. സിറത്തിന് പേറ്റന്റ് ചെയ്‌തിട്ടുണ്ട്. വിപണിയിലേക്ക് വരുന്നതിന് മുമ്പ് മനുഷ്യന്റെ ശിരോചർമത്തിൽ സിറത്തിന്റെ വ്യത്യസ്‌ത ഡോസേജുകൾ പരീക്ഷിക്കുമെന്നും അധികൃതർ അറിയിച്ചു.