ആർഎസ്എസ് പ്രവർത്തനങ്ങൾക്ക് സർക്കാർ നിയന്ത്രണം; വിലക്കുമായി ഹൈക്കോടതി
ബംഗളൂരു: ആർഎസ്എസ് പ്രവർത്തനങ്ങൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ കർണാടക സർക്കാരിന്റെ ഉത്തരവിന് ഹൈക്കോടതിയുടെ ഇടക്കാല സ്റ്റേ. ജസ്റ്റിസ് എം നാഗപ്രസന്നയുടെ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. കർണാടക സർക്കാരിനും ആഭ്യന്തര വകുപ്പിനും ഹുബ്ബള്ളി പൊലീസ് കമ്മീഷണർക്കും കോടതി നോട്ടീസയച്ചു.
മുൻകൂർ അനുമതിയില്ലാതെ പത്തിൽ കൂടുതൽ ആളുകൾ ഒത്തുകൂടുന്നത് ക്രിമിനൽ കുറ്റമായി സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിരുന്നു. പൊലീസ് ആക്ടിന് കീഴിലുള്ള വ്യവസ്ഥകൾ ചൂണ്ടിക്കാട്ടി റോഡ്, കളിസ്ഥലം എന്നിവ ഒത്തുചേരലിന് ഉപയോഗിക്കുന്നതിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. എന്നാൽ അഭിപ്രായ സ്വാതന്ത്ര്യവും സമാധാനപരമായ ഒത്തുചേരലും സംരക്ഷിക്കുന്ന അവകാശങ്ങൾ സർക്കാരിന് നിയന്ത്രിക്കാൻ കഴിയില്ലെന്നായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം. ഒരു സർക്കാർ ഉത്തരവിനും ഭരണഘടന ഉറപ്പാക്കുന്ന അവകാശങ്ങൾ മറികടക്കാൻ കഴിയില്ലെന്നും കോടതി പറഞ്ഞു.
അതേസമയം, ആർഎസ്എസ് പ്രവർത്തനങ്ങൾക്ക് എതിരായ മുഴുവൻ നീക്കവും നടത്തുന്നത് കോൺഗ്രസ് നേതാവും മന്ത്രിയുമായ പ്രിയങ്ക് ഖാർഗെയാണെന്ന് ബിജെപി എംപി തേജസ്വി സൂര്യ ആരോപിച്ചു. ആർഎസ്എസ് സമാധാനപരമായ രീതിയിലാണ് മാർച്ചുകളും ഘോഷയാത്രകളും നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. ആർഎസ്എസും മറ്റ് സംഘടനകളും സർക്കാർ സ്ഥലങ്ങളിൽ പ്രവർത്തനങ്ങൾ നടത്തുന്നത് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് പ്രിയങ്ക് ഖാർഗെ മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് കത്തയച്ചിരുന്നു. പിന്നാലെയായിരുന്നു ആർഎസ്എസ് പ്രവർത്തനങ്ങൾക്ക് സർക്കാർ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്.