കയ്യിൽ സിറിഞ്ചല്ല ഗിറ്റാറാണ്! ഇവരാണ് മാറാരോഗങ്ങൾ പോലും മാറ്റുന്ന നഴ്‌സുമാർ; വേദനയില്ലാത്ത ചികിത്സാരീതി

Tuesday 28 October 2025 3:43 PM IST

ആശുപത്രിയിൽ കഴിയുന്നത് ആർക്കും ഇഷ്‌ടമുള്ള കാര്യമല്ല. പല രോഗികൾക്കും ചികിത്സയുടെ ഭാഗമായി ആശുപത്രികളിൽ ദിവസങ്ങളോളം തങ്ങേണ്ടിവരുന്നു. ഇത് അവരുടെ മനസിനെ തളർത്തുന്നതായിട്ടാണ് പല പഠനങ്ങളും തെളിഞ്ഞിട്ടുള്ളത്. ഇതിന് പരിഹാരമായിട്ടാണ് ലോകത്തെ പല ആശുപത്രികളിലും സൗണ്ട് തെറാപ്പിയുള്ളത്. ഇതിനായി പ്രത്യേകം നഴ്‌സുമാരുമുണ്ട്. 'നഴ്‌സ് റോഡ് സലൈസെ' എന്നാണ് ഇത്തരം നഴ്‌സുമാരെ പറയുന്നത്.

പലപ്പോഴും ശസ്‌ത്രക്രിയയ്‌ക്ക് ശേഷം വേദന മറക്കാൻ ഈ നഴ്‌സുമാർ രോഗികളെ സഹായിക്കുന്നു. മരുന്നുകൾക്കൊപ്പം രോഗികൾ ആവശ്യപ്പെടുന്ന പാട്ടുകൾ ഇവർ പാടിക്കൊടുക്കുന്നു. ഇംഗ്ലീഷിലെയും സ്പാനിഷിലെയും നാടോടി ഗാനങ്ങൾ തുടങ്ങിയെല്ലാം ഇതിൽ ഉൾപ്പെടുന്നു. ഈ നഴ്‌സുമാരുടെ കൈവശം തെർമോമീറ്റർ, സ്‌‌റ്റെതസ്‌കോപ്പ് എന്നിവ മാത്രമല്ല, ഗിറ്റാർ പോലുള്ള ഉപകരണങ്ങളും ഉണ്ടാകും.

ശസ്‌ത്രക്രിയ കഴിഞ്ഞ രോഗികൾക്കാണ് ഇതുകൊണ്ട് ആശ്വാസം ലഭിക്കുന്നത്. മരുന്നുകൾക്കൊപ്പം ഇഷ്‌മുള്ള പാട്ടുകൾ കൂടി കേൾക്കുമ്പോൾ രോഗികൾക്ക് സന്തോഷവും സമാധാനവും ലഭിക്കുന്നു. ഹൃദയമിടിപ്പ് സാധാരണ നിലയിലാകാനും രക്തസമ്മർദം കുറയ്‌ക്കാനും സലൈസെയുടെ ഗാനങ്ങൾ സഹായിക്കും. ചിലർക്ക് ഇതിലൂടെ വേദനസംഹാരികളുടെ ആവശ്യം പോലും കുറയ്‌ക്കാനാകും. ഉത്‌കണ്‌ഠയും വേദനകളും മറക്കാൻ സംഗീതത്തിലൂടെ സാധിക്കുമെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്.

വേദനയെ മാറ്റുന്ന സംഗീതം

വിട്ടുമാറാത്ത വേദനയെപ്പോലും സംഗീതത്തിന് മാറ്റാനാകും. സംഗീതം കേൾക്കുന്നതിലൂടെ വേദന മറക്കാനോ അത് സഹിക്കാനുള്ള കഴിവ് ലഭിക്കാനോ സഹായിക്കുമെന്നാണ് പെയിൻ ആൻഡ് സയന്റിഫിക് റിപ്പോർട്ട്സ് എന്ന ജേണലിൽ പറഞ്ഞിരിക്കുന്നത്. ഗുരുതര രോഗങ്ങളുള്ളവർ സംഗീതം കേൾക്കുന്നത് നല്ലതാണ്. പ്രത്യേകിച്ച് കിടപ്പുരോഗികൾക്ക് ഇത് ഏറെ ഗുണം ചെയ്യും.

പാട്ട് കേൾക്കുമ്പോൾ നമ്മുടെ ചിന്തകൾ അതിനെക്കുറിച്ചാകുന്നു. മനസ് പാട്ടിൽ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ വേദനകൾ മറക്കുന്നു. മാത്രമല്ല, പാട്ടിന് ശരീരത്തിൽ ഹാപ്പി ഹോർമോണുകളെ ഉത്തേജിപ്പിക്കാനുമുള്ള കഴിവുണ്ട്. ചില രോഗികൾക്ക് വിട്ടുമാറാതിരുന്ന നടുവേദന പോലും ഇത്തരത്തിൽ മാറിയെന്നാണ് ഓർത്തോപീഡിക് ക്ലീനിക്കിലെ ഡോക്‌ടറായ ഗിൽബർട്ട് ചാൻഡലർ പറഞ്ഞത്.

സംഗീതത്തിന് വേദനകളിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള കഴിവുണ്ട്. തലച്ചോറിലേക്കുള്ള സംവേദനം കുറയ്‌ക്കുമെന്ന് മക്‌ഗിൽ സർവകലാശാലയിലെ മനഃശാസ്ത്രജ്ഞയായ കരോലിൻ പാമർ പറഞ്ഞു. ഇതേക്കുറിച്ച് നാഡികളെ കേന്ദ്രീകരിച്ചുള്ള വ്യക്തമായ പഠനങ്ങൾ നടന്നുകൊണ്ടിരിക്കുകയാണെന്നും അവർ പറഞ്ഞു.

മാറാവേദനകൾ പോലും മാറ്റാം

19-ാം നൂറ്റാണ്ടിലാണ് ഇതൊരു ചികിത്സാരീതിയായി തന്നെ മാറിയത്. അന്ന് ദന്ത ശസ്‌ത്രക്രിയയുമായി ബന്ധപ്പെട്ട് വേദന മാറാനായി റെക്കോർഡ് ചെയ്‌ത സംഗീതം രോഗികളെ കേൾപ്പിച്ചിരുന്നു. ഇന്നത്തെ അനസ്‌തേഷ്യ വരുന്നതിന് മുമ്പുള്ള കാലത്താണ് പാട്ട് കേട്ട് വേദന മറക്കുന്ന രീതി ഉപയോഗിച്ചിരുന്നത്. സംഗീതവും ചികിത്സയുമായി ബന്ധപ്പെടുത്തി പുതിയ രീതികൾ ഇന്ന് ഗവേഷകർ കണ്ടെത്തിക്കൊണ്ടിരിക്കുകയാണ്. ക്ലാസിക്കൽ, റോക്ക്, പോപ്പ്, അർബൻ, ഇലക്ട്രോണിക് എന്നീ അഞ്ച് വിഭാഗത്തിൽപ്പെട്ട സംഗീതവും വേദന കുറയ്‌ക്കാനുള്ള കഴിവും ബന്ധപ്പെടുത്തി നെതർലാൻഡ്‌സിലെ ഇറാസ്മസ് യൂണിവേഴ്‌സിറ്റി റോട്ടർഡാമിലെ ഗവേഷകർ പഠനം നടത്തിയിട്ടുണ്ട്.

548പേരിലാണ് പഠനം നടത്തിയത്. ഇതിൽ ഓരോരുത്തർക്കും ഓരോ വിഭാഗം ഗാനങ്ങൾ കേട്ടപ്പോഴാണ് വേദന മറക്കാനായത്. ഇതിലൂടെ ഓരോരുത്തർക്കും പ്രയപ്പെട്ട വിഭാഗത്തിൽപ്പെടുന്ന പാട്ടുകളാണ് വേദന മാറ്റാൻ സഹായിക്കുന്നതെന്ന് വ്യക്തമായി. അതിനാൽ, രോഗികളുടെ ഇഷ്‌ടത്തിനുള്ള പാട്ട് കേൾപ്പിക്കുന്നത് കൂടുതൽ ഫലം ചെയ്യും. ഇഷ്‌ടമുള്ള പാട്ടുകൾ ദിവസേന കേൾക്കുന്നത് വിട്ടുമാറാത്ത വേദനകൾ മാറ്റാൻ സഹായിക്കും.

സംഗീതത്തിലൂടെയാണ് താൻ ഗുരുതരമായ രോഗത്തെ മറികടന്നതെന്ന് കാലിഫോർണിയയിലെ കൽവർ സിറ്റിയിലെ ഒരു ഗായികയായ സെസിലി ഗാർഡ്‌നർ പറഞ്ഞു. 'സംഗീതം സമ്മർദ്ദം കുറയ്ക്കുന്നു, സമൂഹത്തെ വളർത്തുന്നു, നിങ്ങളെ മികച്ചൊരു ലോകത്തേക്ക് കൊണ്ടുപോകുന്നു' - എന്നും അവർ പറഞ്ഞു.