'വട്ടച്ചെലവിനായി ഊബര്‍ ഈറ്റ്‌സ് ഓടിയിട്ടുണ്ട്', മലയാളി നടന്റെ വെളിപ്പെടുത്തല്‍ ഇങ്ങനെ
തിരുവനന്തപുരം: അടുത്തകാലത്തായി നിരവധി താരങ്ങള്‍ മലയാള സിനിമ മേഖലയിലേക്ക് ചുവടുവച്ചിട്ടുണ്ട്. അക്കൂട്ടത്തില്‍ ശ്രദ്ധേയനാണ് തിരുവനന്തപുരം സ്വദേശിയായ ആനന്ദ് മന്‍മദന്‍. 2017ല്‍ സുനില്‍ ഇബ്രാഹിം സംവിധാനം ചെയ്ത 'വൈ' എന്ന ചിത്രത്തിലാണ് ആനന്ദ് ആദ്യമായി അഭിനയ രംഗത്തേക്ക് എത്തുന്നത്. പിന്നീട് ഒട്ടനവധി ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. ജയ ജയ ജയഹേ എന്ന ചിത്രത്തില്‍ ശ്രദ്ധേയമായ റോള്‍ ചെയ്യാനും താരത്തിനായിരുന്നു.
സിനിമ മേഖലയിലേക്ക് എത്തുന്നതിന് മുമ്പുള്ള തന്റെ ജീവിതത്തെക്കുറിച്ച് താരം നടത്തിയ ഒരു വെളിപ്പെടുത്തലാണ് ഇപ്പോള്‍ സൈബര്‍ ലോകത്ത് ചര്‍ച്ചയാകുന്നത്. വട്ടച്ചെലവിനായി താന്‍ ഊബര്‍ ഈറ്റ്‌സ് ഫുഡ് ഡെലിവറിയില്‍ ജോലി ചെയ്തിട്ടുണ്ടെന്നാണ് ആനന്ദ് തുറന്ന് പറഞ്ഞത്. ഒരു പ്രായം കഴിഞ്ഞാല്‍ പിന്നെ ഓരോ ആവശ്യങ്ങള്‍ പറഞ്ഞ് വീട്ടുകാരില്‍ നിന്ന് പണം വാങ്ങാന്‍ പറ്റില്ലല്ലോ. ഒരു 24 വയസ്സൊക്കെ കഴിഞ്ഞാല്‍ പിന്നെ പെട്രോളിന് കാശ് ചോദിച്ച് വീട്ടുകാരോട് കൈനീട്ടുന്നത് ശരിയല്ല.
വീട്ടുകാര്‍ പണം തരുമായിരുന്നു, ചിലപ്പോഴൊക്കെ അമ്മ കാണാതെ 50 രൂപയൊക്കെ പഴ്‌സില്‍ നിന്ന് പെട്രോള്‍ അടിക്കാനായി എടുത്തിട്ടുണ്ട്. അപ്പോള്‍ പിന്നെ പോക്കറ്റ് മണി കിട്ടാനായി എളുപ്പത്തില്‍ തോന്നിയ ഒരു പ്രൊഫഷന്‍ ആയിരുന്നു യൂബര്‍ ഈറ്റ്‌സ് ഓടുകയെന്നത്. അത് പിന്നെ വണ്ടിയോടിച്ച് പോകുകയും ചെയ്യാം. വണ്ടിയോടിക്കുന്നത് എനിക്ക് ഇഷ്ടവുമാണ്. അങ്ങനെ തിരുവനന്തപുരത്ത് അറിയാത്ത ഒരുപാട് ഊട് വഴികള്‍ പഠിക്കാനും പറ്റി. - ആനന്ദ് അഭിമുഖത്തില്‍ പറഞ്ഞു.
ചെറുപ്പത്തില്‍ തന്നെ പോക്കറ്റ് മണി കിട്ടാന്‍ അധ്വാനിച്ച് എന്ന് പറയുന്നത് വളരെ അഭിമാനമുള്ള കാര്യമാണെന്നാണ് നിരവധി ആളുകള്‍ നടനെ അഭിനന്ദിച്ച് അഭിപ്രായം രേഖപ്പെടുത്തിയത്.