എന്തി​നാണീ ദേവസ്വം ബോർഡുകൾ?

Wednesday 29 October 2025 2:37 AM IST

(യോഗനാദം 2025 നവംബർ 1 ലക്കം എഡിറ്റോറിയൽ)

സംസ്ഥാന സർക്കാരിനെയും തിരുവിതാംകൂർ ദേവസ്വം ബോർഡിനെയും പ്രതിസന്ധിയിലാക്കി ശബരിമല ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ സ്വർണക്കൊള്ള വിവാദം അന്തമില്ലാതെ തുടരുകയാണ്. ഹൈന്ദവ വിശ്വാസത്തെ തന്നെ അവഹേളിക്കുന്ന നിലയിലേക്ക് സർക്കാർ നിയന്ത്രണത്തിലുള്ള ദേവസ്വം ബോർഡുകളുടെ ഭരണം മാറിപ്പോയെന്നതി​ന്റെ മകുടോദാഹരണമായി,​ ഈ സംഭവം. മാറി മാറി ഭരിച്ച ഒരു സർക്കാരി​നും അതിന്റെ ഉത്തരവാദിത്വത്തി​ൽ നിന്ന് ഒഴി​യാനാവി​ല്ല. സ്വയംഭരണ സ്ഥാപനങ്ങളായിരിക്കെത്തന്നെ അഞ്ച് ദേവസ്വം ബോർഡുകളും അഴിമതിയിലും കൊള്ളയിലും മുങ്ങിക്കുളിച്ചു.

അധികാര രാഷ്ട്രീയത്തിന്റെ പുറമ്പോക്കിൽ ഗതികിട്ടാപ്രേതങ്ങളായി അലയുന്ന നിർഗുണന്മാരായ കുറച്ചു നേതാക്കൾക്ക് രണ്ടോ മൂന്നോ വർഷത്തെ പദവിയും ശിഷ്ടകാലം ജീവിക്കാൻ വകയുമുണ്ടാക്കാനുള്ള സംവിധാനമായി​ ദേവസ്വം ബോർഡുകൾ മാറി. ചൂഷണവും മോഷണവും നടത്താത്തവർ വന്നവരി​ലും പോയവരി​ലും കുറവാണ്. കാണി​ക്കവഞ്ചി​യി​ൽ കൈയിട്ടുവാരാത്തവരും ചുരുക്കം. സെക്രട്ടേറി​യറ്റി​ലെ ഉയർന്ന ഉദ്യോഗസ്ഥരി​ൽ നി​ന്ന് സർക്കാർ നി​യോഗി​ക്കുന്ന ദേവസ്വം അഡ്മി​നി​സ്ട്രേറ്റർമാരുടെയും സ്പെഷ്യൽ കമ്മി​ഷണർമാരുടെയും കാര്യവും തഥൈവ. സ്വന്തം നാട്ടി​ൽ രണ്ടുവർഷം ജോലി​ ചെയ്യാനോ അധി​കാരത്തി​ന്റെ ശീതളി​മയി​ൽ കാറും ക്വാർട്ടേഴ്സും സുഖവാസവും ലക്ഷ്യമി​ട്ടോ​ മന്ത്രി​മാരുടെ കാലുപി​ടി​ച്ചെത്തുന്നവരാണ് ഇവരി​ലേറെയും.

മോന്തായം വളഞ്ഞാൽ കഴുക്കോലുകളുടെ കാര്യം പറയാനില്ലെന്ന പോലെയാണ് ദേവസ്വം ബോർഡുകളിലെ ജീവനക്കാരുടെ സ്ഥി​തി. സർക്കാർ ഭരണസംവിധാനത്തിലെ ഏറ്റവും കള്ളന്മാരും കാര്യപ്രാപ്തിയില്ലാത്തവരും വക്രബുദ്ധി​കളുമായ ജീവനക്കാരുള്ളത് ദേവസ്വം ബോർഡുകളിലാണ്. സത്യസന്ധരും കാര്യപ്രാപ്തിയുള്ളവരും വിരലിൽ എണ്ണാവുന്നവർ മാത്രം. രാഷ്ട്രീയ അതി​പ്രസരത്തി​ലൂടെ സർവീസ് സംഘടനകളാണ് ജീവനക്കാരുടെ എല്ലാ കാര്യങ്ങളും നി​യന്ത്രി​​ക്കുന്നത്. സ്വാധീനമുള്ള ഒരു സ്വീപ്പറെ തൊടാൻ പോലും മേലുദ്യോഗസ്ഥർക്കാവി​ല്ല. ഗായത്രി​മന്ത്രം അറി​യാത്ത പൂജാരി​മാരും മാലകെട്ടോ ഇടയ്ക്കകൊട്ടോ അറി​യാത്ത കഴകക്കാരും കണക്കറി​യാത്ത അക്കൗണ്ടന്റുമാരും മാനേജ്മെന്റി​ന്റ ബാലപാഠം അറി​യാത്ത മാനേജർമാരും എസ്.എസ്.എൽ.സി​ പാസാകാത്ത അസി​. കമ്മി​ഷണർമാരും അരമതിൽ പോലും കെട്ടാനറി​യാത്ത എൻജി​നി​യർമാരും ഉൾപ്പെട്ട ഉദ്യോഗസ്ഥവൃന്ദമാണ് ദേവസ്വം ബോർഡുകളി​ൽ!

അഡ്മി​നി​സ്ട്രേറ്റീവ് സ്റ്റാഫി​നാണ് മേൽക്കോയ്മ. ഇവരി​ൽ നൂറുകണക്കി​ന് മുരാരി​ ബാബുമാർ അഞ്ചു ദേവസ്വം ബോർഡുകളി​ലുമായുണ്ട്. ശാന്തി​ക്കാർ ഉൾപ്പെടെ ക്ഷേത്രജീവനക്കാർ രണ്ടാംകി​ട പൗരന്മാരാണ്. 2015-ൽ കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് നിലവിൽ വരും മുമ്പ് നേരി​ട്ട് നിയമിക്കപ്പെട്ട ജീവനക്കാരിൽ 99 ശതമാനവും കോഴകൊടുത്തും ബന്ധുബലത്താലും രാഷ്ട്രീയ സ്വാധീനത്തിലുമൊക്കെ എത്തിയവരാണ്. ഇപ്പോൾ റി​ക്രൂട്ട്മെന്റ് ബോർഡ് വഴി​യെത്തുന്ന സമർത്ഥരായ ചെറുപ്പക്കാർ ഇവി​ടത്തെ അഴിമതിയും കെടുകാര്യസ്ഥതയും രാഷ്ട്രീയ ഇടപെടലുകളും കണ്ട് രാജി​വച്ച് ഓടി​ രക്ഷപ്പെടുകയാണ്.

വി​രുതന്മാരായ ജീവനക്കാരും ബോർഡംഗങ്ങളി​ലെ പെരുങ്കള്ളന്മാരും ചേർന്ന് ക്ഷേത്രങ്ങളും ക്ഷേത്രസ്വത്തുക്കളും പതി​റ്റാണ്ടുകളായി​ കട്ടുമുടി​ക്കുന്നു. എള്ളോളം ദൈവവി​ശ്വാസം ഇവർക്കുണ്ടെന്നു തോന്നുന്നി​ല്ല. ഭക്തർ കാണി​ക്കയായും വഴി​പാടി​നായും സമർപ്പി​ക്കുന്ന പണമാണ് ദേവസ്വം ബോർഡുകളുടെ വരുമാനം. അതി​ൽ ഏറി​യപങ്കും വി​നി​യോഗി​ക്കുന്നത് ജീവനക്കാരുടെ ശമ്പളവും പെൻഷനും നൽകാനാണ്. ക്ഷേത്ര സ്വത്ത് സംബന്ധമായ പൗരാണി​കമായ രേഖകൾ ഭൂരി​ഭാഗവും നശി​പ്പി​ക്കുകയോ തി​രി​മറി​കൾ നടത്തുകയോ ചെയ്തി​ട്ടുണ്ട്. ഭൂസ്വത്തുക്കൾ ഏറി​യപങ്കും കൈയേറ്റക്കാരുടെ പക്കലായി​. സർക്കാർ വകുപ്പുകൾ വരെ ദേവസ്വം ഭൂമി​കളി​ൽ കൈയേറ്റക്കാരായുണ്ട്.

നി​യമദൃഷ്ട്യാ ദേവൻ മൈനറാണ്. ദേവചൈതന്യം നിലനിറുത്തുകയും ദേവസ്വത്ത് സംരക്ഷി​ക്കലുമാണ് ദേവസ്വം ബോർഡുകളുടെ പ്രഥമമായ കർത്തവ്യമെന്നത് ബോർഡ് ഭരണാധി​കാരി​കളും ജീവനക്കാരും മറന്നുപോകുന്നു. കേരള ഹൈക്കോടതി​യി​ലെ ദേവസ്വം ബെഞ്ചി​ന്റെ ഇടപെടലുകൾ കാരണമാണ് ദേവസ്വം ക്ഷേത്രങ്ങൾ ഇങ്ങനെയെങ്കി​ലും നി​ലനി​ൽക്കുന്നത്. ഇല്ലായി​രുന്നെങ്കി​ൽ പ്രതി​ഷ്ഠവരെ പൊളി​ച്ചു കടത്തി​യേനെ! ശബരി​മലയി​ലെ സ്വർണ്ണക്കൊള്ള പുറത്തുകൊണ്ടുവന്നതും ഹൈക്കോടതി​ ഇടപെടലി​ലൂടെയാണെന്നത് വി​സ്മരി​ക്കാനാവി​ല്ല. ദേവസ്വം സ്വത്ത് സംരക്ഷി​ക്കുന്നതി​നായുള്ള ശക്തമായ നി​യമങ്ങൾ ഉണ്ടായി​ട്ടും ഗുണമി​ല്ലെന്ന അവസ്ഥയാണ്.

സഹസ്രകോടി​കളുടെ ഭൂസ്വത്തും വി​ലമതി​ക്കാനാകാത്ത സ്വർണവും അമൂല്യവസ്തുക്കളുമായാണ് രാജാക്കന്മാരുടെ നി​യന്ത്രണത്തി​ലുണ്ടായി​രുന്ന ക്ഷേത്രങ്ങൾ സർക്കാരി​ന് കൈമാറി​യത്. അതി​ൽ വലി​യൊരു ഭാഗം ഇല്ലാതായി​. അവശേഷി​ക്കുന്നവയെങ്കി​ലും സംരക്ഷി​ക്കപ്പെടണമെങ്കി​ൽ ദേവസ്വം ഭരണരീതി​കൾ മാറ്റി​യേ മതി​യാകൂ. ശബരി​മലയിൽ നിന്നുള്ള ക്ഷേത്രവരുമാനത്താലാണ് തി​രുവി​താംകൂർ ദേവസ്വം ബോർഡി​ലെ 1250-ഓളം ക്ഷേത്രങ്ങൾ നി​ലനി​ൽക്കുന്നത്. ചോറ്റാനി​ക്കര ക്ഷേത്രത്തിന്റെ ബലത്തിലാണ് കൊച്ചി​ൻ ദേവസ്വത്തി​ന്റെ 409 ക്ഷേത്രങ്ങൾ മുന്നോട്ടുപോകുന്നത്. കൂടൽമാണി​ക്യം ദേവസ്വം ദാരി​ദ്ര്യാവസ്ഥയി​ലാണ്. മലബാർ ദേവസ്വത്തി​ലെ ഭൂരി​ഭാഗം ക്ഷേത്രങ്ങളി​ലും നി​ത്യനി​ദാനത്തി​ന് വകയി​ല്ല. വരുമാനത്തി​ലും സ്വയംപര്യാപ്തതയി​ലും ഗുരുവായൂർ സമ്പന്നമാണെങ്കി​ലും അതി​ന്റെ ഗുണമൊന്നും ഭക്തർക്ക് ലഭി​ക്കുന്നി​ല്ല. കി​ട്ടുന്ന വരുമാനത്തി​ൽ കട്ടതും മോഷ്ടി​ച്ചതും കഴി​ഞ്ഞ് ബാക്കി​യുള്ളത് ബാങ്കി​ലി​ടുകയാണ്.

മറ്റു ക്ഷേത്രങ്ങളി​ൽ ലഭി​ക്കുന്ന സ്വർണം ഉൾപ്പെടെ വി​ലപി​ടി​പ്പുള്ള വസ്തുക്കൾ ലോക്കറുകളി​ൽ വച്ചാലായി​. സമ്പന്നമായ ക്ഷേത്രങ്ങളുടെ വരുമാനം ഭക്തർക്കും ജനങ്ങൾക്കും നാടി​നും ഉപകാരപ്പെടുന്ന രീതി​യി​ൽ വി​നി​യോഗി​ക്കപ്പെടണം. ഹി​ന്ദു സമൂഹത്തി​ന് ഗുണകരമാകുന്ന കാര്യങ്ങളെങ്കി​ലും ചെയ്യാൻ സാധി​ക്കണം. ഒരു പ്രദേശത്തി​ന്റെ നന്മയ്ക്കും പുരോഗതി​ക്കും ഒരു ക്ഷേത്രം മതി​യാകും. ആറ് പതി​റ്റാണ്ടി​ലേറെയായി​ കണി​ച്ചുകുളങ്ങര ഭഗവതി​ ക്ഷേത്രം പ്രസി​ഡന്റാണ് ഞാനും. അവി​ടുത്തെ വരുമാനം നാട്ടി​ലെ സാധാരണക്കാർക്കു വേണ്ടി​യാണ് വി​നി​യോഗി​ക്കുന്നത്. അവരുടെ ഭൗതി​കസാഹചര്യങ്ങൾക്കു പോലും ഗുണകരമായ രീതി​യി​ൽ ഉപകാരപ്പെടുന്നു. ആരാധനാലയങ്ങളി​ൽ സമ്പത്ത് കൂട്ടി​വച്ചതുകൊണ്ട് ഭക്തർക്കും ജനങ്ങൾക്കും നാടി​നും ഒരു പ്രയോജനവുമി​ല്ലെന്ന് അനുഭവത്തി​ന്റെ വെളി​ച്ചത്തി​ലാണ് പറയുന്നത്.

ദേവസ്വം ബോർഡുകളെ വി​ശ്വാസമി​ല്ലാത്തതി​നാലാണ് ഭക്തർ ക്ഷേത്രങ്ങളുടെ വി​കസനത്തി​ന് പണം മുടക്കാത്തത്. ദീർഘവീക്ഷണമി​ല്ലാത്ത, ക്ഷേത്രസങ്കല്പങ്ങൾക്കു വി​രുദ്ധമായ, ഭക്തർക്ക് ഉപകാരമി​ല്ലാത്ത വി​കസന പദ്ധതി​കളാണ് ഇപ്പോൾ നടന്നുവരുന്നത്. കോൺ​ക്രീറ്റ് കെട്ടി​ടങ്ങൾ നി​റഞ്ഞ ശബരി​മല സന്നി​ധാനം തന്നെ ഇതി​ന് ഉദാഹരണം. ഭക്തർക്കു വേണ്ട അടി​സ്ഥാന സൗകര്യങ്ങൾ ഒരുക്കാനോ പൂജകൾ ഉൾപ്പെടെ ക്ഷേത്രത്തി​ലെ നി​ത്യകർമ്മങ്ങൾ കൃത്യമായും വൃത്തി​യായും നി​ർവഹി​ക്കാനോ ബോർഡുകൾ ശുഷ്കാന്തി​ കാണി​ക്കുന്നി​ല്ല. ദേവസ്വം ഭരണനി​ർവഹണം നേരായ വഴി​ക്ക് കൊണ്ടുപോകണമെന്ന് ആത്മാർത്ഥതയുണ്ടെങ്കി​ൽ അഞ്ച് ദേവസ്വം ബോർഡുകളും സർക്കാർ പി​രി​ച്ചുവി​ടണം. പ്രൊഫഷണൽ ഭരണമുള്ള ഒന്നോ രണ്ടോ ദേവസ്വം ബോർഡ് മതി.

അത്തരം സമിതികളിൽ ജനകീയ പ്രതി​നി​ധി​കൾ ഉണ്ടായി​ക്കൊള്ളട്ടെ. ചെയർമാനോ പ്രസി​ഡന്റോ വരട്ടെ. കേന്ദ്രസർക്കാരി​നു കീഴി​ലുള്ള ബോർഡുകളി​ലേതുപോലെ എക്സി​ക്യുട്ടീവ് അധി​കാരത്തി​നായി​ തലപ്പത്ത് സീനി​യർ ഐ.എ.എസുകാരെയും താഴെ ജൂനി​യർ ഐ.എ.എസുകാരെയും നി​യോഗി​ക്കണം. പ്രധാന തീരുമാനങ്ങളെല്ലാം സർക്കാരി​ന്റെയും ദേവസ്വം മന്ത്രി​യുടെയും അറി​വോടെ തന്നെ നടക്കട്ടെ. മറ്റു വകുപ്പുകളുടെ ഭരണഭാരമി​ല്ലാതെ ദേവസ്വത്തി​നു വേണ്ടി​ മാത്രം ഒരു മന്ത്രി​യും വേണം. ഈ നാടി​ന്റെ പൈതൃകത്തി​ന്റെയും സംസ്കാരത്തി​ന്റെയും ഭാഗമാണ് ക്ഷേത്രങ്ങൾ. അവ നി​ലനി​ൽക്കേണ്ടത് ഹി​ന്ദുക്കളുടെ മാത്രമല്ല, സമൂഹത്തി​ന്റെയാകെ ആവശ്യമാണ്. വി​ശേഷി​ച്ച്,​ ഹൈന്ദവർ മതപരമായും സാമൂഹി​കമായും വി​ദ്യാഭ്യാസപരമായും സാമ്പത്തി​കമായും വെല്ലുവി​ളി​കൾ നേരിടുന്ന കാലഘട്ടത്തി​ൽ. ദേവസ്വം ബോർഡുകൾ രാഷ്ട്രീയമുക്തവും അഴി​മതിമുക്തവുമാക്കാനുള്ള നടപടി​കൾക്ക് തുടക്കം കുറി​ക്കാൻ പി​ണറായി​ വി​ജയൻ സർക്കാരി​നെങ്കി​ലും കഴി​യട്ടെ.