പരിഹരിക്കേണ്ട തെരുവ് നായ പ്രശ്നം
സംസ്ഥാനത്തെ പൊതുജനാരോഗ്യ പ്രശ്നങ്ങളുടെ പട്ടികയിൽ എണ്ണപ്പെടേണ്ട പ്രധാന വെല്ലുവിളികളിൽ ഒന്നാണ് തെരുവ് നായ്‌ക്കളുടെ അനിയന്ത്രിതമായ പെരുപ്പം. തെരുവിൽ വലിച്ചെറിയപ്പെടുന്ന ഭക്ഷണാവശിഷ്ടങ്ങൾ കഴിച്ച് പെറ്റുപെരുകി നാൾക്കുനാൾ ഇവയുടെ എണ്ണം വർദ്ധിച്ചുവരുന്നു. രാത്രിയിലാകട്ടെ, ഒറ്റയ്ക്കു പോകുന്നവരെ കൂട്ടം ചേർന്ന് ആക്രമിക്കുന്നതും റോഡപകടങ്ങൾക്കും ഇത് ഇടയാക്കുന്നു. ഇത്തരം നായ്‌ക്കൾക്ക് പേവിഷ പ്രതിരോധ വാക്‌സിൻ അടിയന്തരമായി നൽകണമെന്ന നിർദ്ദേശവും നടപ്പിലാകാതെ പരാജയപ്പെട്ടിരിക്കുകയാണ്. കേരളത്തിൽ കഴിഞ്ഞ ആറുവർഷത്തിനിടെ തെരുവുനായ്‌ക്കളുടെ കടിയേറ്റ് സർക്കാർ ആശുപത്രികളിൽ മാത്രം ചികിത്സ തേടിയത് എട്ട് ലക്ഷത്തിലധികം പേരാണെന്നത് ഈ പ്രശ്നത്തിന്റെ ഗുരുതര സ്വഭാവം വെളിപ്പെടുത്തുന്നതാണ്.
കടിയേൽക്കുന്നവരിൽ അധികവും വഴിയാത്രക്കാരായ കുട്ടികളും സ്‌ത്രീകളുമാണ്. ഇവരിൽ ഭൂരിപക്ഷവും സാധാരണ കുടുംബങ്ങളിൽപ്പെട്ടവരുമാണ്. അതുപോലെ തന്നെ പേവിഷബാധ മൂലമുള്ള മരണങ്ങളും കൂടിവരുന്നു. ഈ പ്രശ്നത്തെ സമഗ്രമായി നേരിടുന്നതിൽ ഇതുവരെ തദ്ദേശ സ്ഥാപനങ്ങൾക്കും മറ്റും വിജയിക്കാനായിട്ടില്ല. തെരുവ് നായ്‌ക്കളെ നിയന്ത്രിക്കുമെന്ന പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്നതല്ലാതെ ഫലപ്രദമായ പ്രായോഗിക നടപടികൾ ഉണ്ടാകാറില്ല.
തെരുവ് നായ്‌ക്കളുടെ വിഷയത്തിൽ സുപ്രീംകോടതിയിൽ സത്യവാങ്‌മൂലം സമർപ്പിക്കുന്നതിൽപ്പോലും സംസ്ഥാനം വീഴ്ച വരുത്തിയിരിക്കുകയാണ്. ഇങ്ങനെ സത്യവാങ്‌മൂലം സമർപ്പിക്കാത്ത, കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളുടെ ചീഫ് സെക്രട്ടറിമാർ നവംബർ മൂന്നിന് നേരിട്ട് ഹാജരാകണമെന്ന് ഉന്നത കോടതി നിർദ്ദേശിച്ചിരിക്കുകയാണ്. പശ്ചിമബംഗാളും തെലങ്കാനയും മാത്രമാണ് സത്യവാങ്‌മൂലം സമർപ്പിച്ചിട്ടുള്ളത്. തെരുവ് നായ പ്രശ്നം എത്ര
ലാഘവമായാണ് സംസ്ഥാനങ്ങൾ കൈകാര്യം ചെയ്യുന്നത് എന്നതിനു തെളിവായി വേണം സത്യവാങ്‌മൂലം പോലും സമർപ്പിക്കാൻ തയ്യാറാകാത്ത നടപടിയെ വിലയിരുത്താൻ.
എ.ബി.സി (ആനിമൽ ബർത്ത് കൺട്രോൾ) ചട്ടങ്ങൾ എത്രത്തോളം കാര്യക്ഷമമായി നടപ്പാക്കി എന്നത് അറിയിക്കാൻ ചീഫ് സെക്രട്ടറിമാർ ഹാജരായില്ലെങ്കിൽ കനത്ത പിഴയും കടുത്ത നടപടികളും ഉണ്ടാകുമെന്ന് കോടതി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തെരുവ് നായ‌്‌ക്കളുമായി ബന്ധപ്പെട്ട, സ്വമേധയാ ഉള്ള കേസ് കേൾക്കുകയായിരുന്ന ജസ്റ്റിസുമാരായ വിക്രംനാഥ്, സന്ദീപ് മേത്ത, എൻ.വി. അൻജാരിയ എന്നിവരടങ്ങിയ ബെഞ്ചാണ് ഈ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
നവംബർ മൂന്നിന് കേസ് പരിഗണിക്കുമ്പോൾ കോടതിമുറിയിൽ സ്ഥലം തികഞ്ഞില്ലെങ്കിൽ ഓഡിറ്റോറിയത്തിലേക്ക് സിറ്റിംഗ് മാറ്റാമെന്ന് കോടതി പരിഹസിക്കുകയും ചെയ്തു. രാജ്യവ്യാപക പ്രശ്നമായതിനാൽ കോടതി എല്ലാ സംസ്ഥാനങ്ങളെയും കക്ഷി ചേർത്തിരുന്നു. ടൂറിസത്തെ ബാധിക്കുന്ന പ്രശ്നമാണിതെന്നും വിദേശ രാജ്യങ്ങൾക്കു മുന്നിൽ ഇതുമൂലം നമ്മുടെ രാജ്യത്തിന്റെ പ്രതിച്ഛായ മോശമാകുന്ന സ്ഥിതിയിലാണെന്നും കോടതി ചൂണ്ടിക്കാട്ടിയത് അക്ഷരംപ്രതി ശരിയാണ്.
തെരുവ് നായ്‌ക്കളെ നിയന്ത്രിക്കുന്നതു സംബന്ധിച്ച് അതത് സംസ്ഥാനങ്ങൾക്ക് തീരുമാനങ്ങളും നയങ്ങളും ആവിഷ്‌കരിക്കാമെന്ന രീതിയിൽ കേന്ദ്രം അടുത്തിടെ നിയമ ഭേദഗതി നടത്തിയിരുന്നു. കേരളത്തിൽ ഇരുപതോളം എ.ബി.സി കേന്ദ്രങ്ങളാണ് പ്രവർത്തിക്കുന്നതെങ്കിലും ഇവയുടെ പ്രവർത്തനം കാര്യക്ഷമമല്ലെന്നതാണ് വസ്തുത. നാടെങ്ങും മാലിന്യപ്രശ്നം കൂടിവരുന്നതും തെരുവ് നായ്ക്കളെ നിയന്ത്രിക്കുന്നതിന് തടസമാണ്. കടിയേൽക്കുന്നവർക്ക് നഷ്ടപരിഹാരം നൽകുന്നതുകൊണ്ടു മാത്രം പരിഹരിക്കാൻ പറ്റുന്ന പ്രശ്നമല്ലിത്. ബഹുമുഖ മാർഗങ്ങളിലൂടെ ഈ പ്രശ്നത്തിന് തടയിടാൻ സംസ്ഥാന സർക്കാർ എന്തുചെയ്യാൻ പോകുന്നു എന്നത് സുപ്രീംകോടതിയുടെയും പൊതുജനങ്ങളുടെയും മുന്നിൽ സംസ്ഥാന സർക്കാർ വ്യക്തമാക്കേണ്ടതുണ്ട്.