പി.എം ശ്രീ കേരളത്തിന്റെ ഐശ്വര്യം
പി.എം ശ്രീ എന്നൊരു പദ്ധതിയെക്കുറിച്ച് കേട്ടു തുടങ്ങിയിട്ട് ഏറെക്കാലമായെങ്കിലും അതിന്റെ 'കപ്പാസിറ്റി" ഇത്രത്തോളമുണ്ടെന്ന് കേരളീയർ അറിഞ്ഞു തുടങ്ങിയത് അടുത്തിടെയാണ്. മുമ്പ് പല പദ്ധതികളും കേന്ദ്ര- സംസ്ഥാന സർക്കാരുകൾ കൊണ്ടുവന്നിട്ടുണ്ടെങ്കിലും സംസ്ഥാന രാഷ്ട്രീയത്തിൽ ഇത്രയും ആഴത്തിൽ സ്വാധീനിച്ച മറ്റൊരു പദ്ധതിയും കാണില്ല. അത്രയ്ക്ക് ഐശ്വര്യമാണ് പി.എമ്മിനൊപ്പമുള്ള ശ്രീയ്ക്ക്. പദ്ധതിയുടെ മേന്മയും ദോഷവുമൊന്നും വലിച്ചുകീറി പരിശോധിക്കുകയല്ല ഇവിടെ. അതൊക്കെ ആ മേഖലയുമായി ബന്ധപ്പെട്ട ആൾക്കാർ ചെയ്യട്ടെ! 14,500 ലധികം സ്കൂളുകളിലെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്താൻ കേന്ദ്ര സർക്കാർ കൊണ്ടുവന്നിട്ടുള്ള പദ്ധതിയെന്ന് ലളിതമായി പറയാം. ഓരോ ബ്ളോക്കിലെയും തിരഞ്ഞെടുത്ത രണ്ട് സ്കൂളുകൾ വീതം പ്രത്യേക രീതിയിൽ വികസിപ്പിച്ച് നിലവാരം ഉയർത്തുന്നത് നല്ല കാര്യം തന്നെ. എന്നാൽ ദേശീയ വിദ്യാഭ്യാസ നയത്തെക്കൂടി ഇതുമായി ബന്ധപ്പെടുത്തുന്നിടത്താണ് പദ്ധതിയുടെ രാഷ്ട്രീയം തുടങ്ങുന്നത്.
പദ്ധതിയെ പുകഴ്ത്തി മതിവരാതെ ബി.ജെ.പിയും നഖശിഖാന്തം എതിർത്ത് കമ്മ്യൂണിസ്റ്റ് പാർട്ടികളും നേരത്തെ തന്നെ രംഗത്തുണ്ട്. കോൺഗ്രസ് ഭരിക്കുന്ന ചില സംസ്ഥാനങ്ങൾ പദ്ധതിക്ക് കൈ കൊടുത്തിട്ടുള്ളത് ചെറിയ ബുദ്ധിമുട്ടുണ്ടാക്കിയെങ്കിലും കേരളത്തിൽ കോൺഗ്രസും പദ്ധതിയോട് എതിർപ്പാണ് പൊതുവെ പ്രകടിപ്പിച്ചത്. ഏതായാലും എതിർപ്പും മുറുമുറുപ്പുമൊക്കെ ഒരു വഴിക്ക് തുടരുന്നതിനിടെയാണ്, കേരളത്തിന്റെ വിദ്യാഭ്യാസ സെക്രട്ടറി ഡൽഹിയിൽ പി.എം ശ്രീ പദ്ധതിയിൽ തിലകം ചാർത്തിയത്. 1500 കോടിയുടെ ഫണ്ട് കേന്ദ്ര ഖജനാവിലിരുന്ന് കണ്ണു കാണിക്കുമ്പോൾ, എന്ത് എതിർപ്പ്. ഏതായാലും അവിടെ തുടങ്ങി രാഷ്ട്രീയ കലഹം. കോൺഗ്രസും യു.ഡി.എഫും പദ്ധതിയെയും ഒപ്പുവച്ച ഇടത് സർക്കാരിനെയും എതിർക്കുമ്പോൾ, ഇടതു മുന്നണിയിൽ പ്രധാന കക്ഷികൾ തമ്മിലാണ് ഇതിന്റെ പേരിൽ കൊമ്പുകോർത്തിരിക്കുന്നത്.
ശബരിമലയിൽ നിന്നും കിലോ കണക്കിന് സ്വർണ്ണം മുറിച്ചും ചുരണ്ടിയും അടിച്ചു മാറ്റിയതിന്റെ ത്രസിപ്പിക്കുന്ന കഥകൾ ഒന്നൊന്നായി പുറത്തേക്കു വരുന്നതിനിടെയാണ് പി.എം ശ്രീ കോലാഹലങ്ങൾ. ശബരിമല സ്വർണ്ണം വിഴുങ്ങൽ കഥകൾക്ക് ഇതോടെ ലേശം മാറ്റു കുറഞ്ഞോ എന്നും സംശയം. പൊലീസിനെ കള്ളൻ പിടിച്ചെന്നു പറയും പോലെ തീർത്തും അസാധാരണമായിരുന്നു അമ്പലത്തിലെ സ്വർണ്ണം പോറ്റി അടിച്ചു മാറ്റിയ കഥ.
'എന്ത് ശ്രീ ആയാലും
ഇവിടെ ചെലവാകില്ല"
പി.എം ശ്രീയിൽ ആദ്യം പഴികേട്ടത് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയാണ്. അന്തരിച്ച മുൻ ധനകാര്യ മന്ത്രി കെ.എം. മാണിയുടെ ബഡ്ജറ്റ് അവതരണം തടയാനുള്ള കർമ്മപദ്ധതിയുടെ ഭാഗമായി നിയമസഭയിലെ മേശപ്പുറത്ത് വലതുകാൽ വച്ച് കയറി, മോഹാലസ്യപ്പെട്ടു വീണ അന്നുമുതൽ ശിവൻകുട്ടിക്ക് കഷ്ടകാലമാണ്. വിദ്യാഭ്യാസ മന്ത്രിയുടെ കസേരയിൽ ഇരിപ്പു തുടങ്ങിയതോടെ ഇതിന്റെ കാഠിന്യം കൂടി. പി.എം ശ്രീ പദ്ധതിയിൽ ഒപ്പുവച്ചത് ശിവൻകുട്ടിയുടെ നിർബ്ബന്ധ ബുദ്ധിയെന്ന മട്ടിലാണ് പലരും ആക്ഷേപം പറഞ്ഞു പരത്തുന്നത്. അക്കൂട്ടർക്ക് ഊർജം പകരും പോലെ ശിവൻകുട്ടിയുടെ തിരുവായിൽ നിന്ന് ഇടയ്ക്ക് ചില മുത്തുമണികൾ പൊഴിയുകയും ചെയ്യും. അങ്ങനെ കൊണ്ടും കൊടുത്തും ശിവൻകുട്ടി ദിവസങ്ങൾ പോക്കുന്നതിനിടെയാണ് സി.പി.ഐ വർദ്ധിത ശൗര്യത്തോടെ രംഗപ്രവേശം ചെയ്യുന്നത്. അതിന് കാരണവുമുണ്ട്.
കഴിഞ്ഞ ഒമ്പതരവർഷമായി ഇടതു മുന്നണിയാണ് കേരളം ഭരിക്കുന്നത്. ആദ്യമായി ഭരണത്തുടർച്ചയും കിട്ടി. അധികാരം കിട്ടാനും ഭരണത്തുടർച്ച നേടാനും തങ്ങളുടെ സ്വാധീനം നിർണായകമായെന്ന് സ്വയം ഉറച്ചു വിശ്വസിക്കുന്നതിൽ അഭിമാനക്ഷതം കാണാത്ത പാർട്ടിയാണ് സി.പി.ഐ. 'താനും മുതലയമ്മാച്ചനും കൂടി പോത്തിനെ പിടിച്ചേ" എന്ന ചൊല്ലുപോലെയാണ് ഇതെന്നൊക്കെ ചില ദുഷ്ടബുദ്ധികൾ പരിഹസിക്കുമെങ്കിലും അതിലും അവർക്ക് കുണ്ഠിതമില്ല. പഴയകാല സമരപോരാട്ടങ്ങളുടെ സമാശ്വാസ ഓർമ്മകൾ വേണ്ടുവോളമുള്ള പാർട്ടി കൂടിയാണ് സി.പി.ഐ. തലയെടുപ്പുള്ള പല നേതാക്കളും നേതൃത്വം കൊടുത്ത, കേരളത്തിൽ എക്കാലവും സ്മരിക്കപ്പെടുന്ന പ്രവർത്തനം കാഴ്ചവച്ച മന്ത്രിമാരുണ്ടായിരുന്ന പാർട്ടിയുമാണ്. പക്ഷെ അവരോട് സി.പി.എമ്മിന് പണ്ടു മുതലേ ചിറ്റമ്മ നയമാണ്. എന്ത് അഭിപ്രായം പറഞ്ഞാലും അത് കേട്ടില്ലെന്ന് നടിക്കുക, കേട്ടാൽ തന്നെ വേണ്ടത്ര ഗൗരവത്തിൽ എടുക്കാതിരിക്കുക, കുടുംബത്ത് നടക്കുന്ന കാര്യങ്ങൾ ആലോചിക്കാതിരിക്കുക തുടങ്ങിയ സമീപനമാണ് എപ്പോഴും സി.പി.എം കാട്ടുന്നതെന്ന പരാതി കുറേക്കാലമായിട്ടുണ്ട്. വെള്ളം കോരാനും വിറക് വെട്ടാനും തങ്ങളും മണ്ഡപത്തിൽ കല്യാണത്തിന് കാര്യസ്ഥനാവാൻ വല്യേട്ടനും എന്ന നയം. ചുണ്ടിൻ കീഴിലൊതുക്കി ഇതിലെല്ലാം പരാതി പറയാറുണ്ടെങ്കിലും ആരു കേൾക്കാൻ. പല വിഷയങ്ങളിലും കൂടിയാലോചന പോലും നടത്താതെയാണ് തീരുമാനങ്ങൾ. മുന്നണിയല്ലെ, ഭരണം വേണ്ടെ എന്നൊക്കെ ചിന്തിച്ച് അങ്ങ് സമാധാനിക്കുകയായിരുന്നു. തങ്ങളുടെ ഈ ക്ഷമ, ബലഹീനതയായി വല്യേട്ടൻ കാണുന്നു എന്നൊരു തോന്നൽ അടുത്ത കാലത്തായി സി.പി.ഐ നേതാക്കൾക്കുണ്ട്.
ഈ അസംതൃപ്തിക്കിടയിലാണ് ആരോടും മിണ്ടാതെ പി.എം ശ്രീയിൽ ഒപ്പുവച്ചത്. തങ്ങളും വല്യേട്ടനും ചേർന്ന്, അവരുടെ പല്ലും തങ്ങളുടെ നഖവും കൊണ്ട് കടിച്ചും മാന്തിയും എതിർത്ത പദ്ധതിയാണ് രായ്ക്ക് രാമാനം ഒന്നുമുരിയാടാതെ ഒപ്പിട്ടത്. പാർട്ടി സി.പി.ഐ ആണെങ്കിലും ആത്മാഭിമാനമില്ലെ, തരക്കേടില്ലാത്ത ഒരു സെക്രട്ടറി ഇവിടെയില്ലെ. ഒരു വാക്ക് അദ്ദേഹത്തോട് ചോദിക്കാമായിരുന്നല്ലോ. ഏതായാലും അങ്ങനങ്ങു വിട്ടുകൊടുക്കാൻ സി.പി.ഐ തയ്യാറല്ല. അളമുട്ടിയാൽ ചേരയും കടിക്കുമെന്നാണല്ലോ. എന്തായാലും സി.പി.ഐയുടെ പരസ്യ പ്രതികരണം ഏറ്റു. സംസ്ഥാന കൗൺസിലും സംസ്ഥാന എക്സിക്യൂട്ടീവുമെല്ലാം കടുത്ത നിലപാട് സ്വീകരിച്ചതോടെ അവരുടെ നിലപാടിനും കടുപ്പം വന്നു. ഇന്ദ്രനെയും ചന്ദ്രനെയും വെല്ലുവിളിക്കുന്ന പാർട്ടിയായ സി.പി.എമ്മും ഒന്നു കുലുങ്ങിയെന്നതിന്റെ സൂചനയാണ് മുഖ്യമന്ത്രി തന്നെ നേരിട്ട് ചർച്ചയ്ക്കെത്തിയത്. അതാവട്ടെ ഫലം കണ്ടുമില്ല. ഈ സ്ഥിതിക്ക് ഇനിയാണ് കളി കാണാനിരിക്കുന്നത്. സി.പി.ഐ മന്ത്രിമാർ മന്ത്രിസഭാ യോഗം ബഹിഷ്കരിക്കുമെന്നാണ് ഭീഷണി. ഒരുവേള രാജിവയ്ക്കുമെന്നും കേൾക്കുന്നുണ്ട്. ഏതായാലും സാധാരണക്കാരായ പാർട്ടി പ്രവർത്തകർക്ക് ഇപ്പോൾ തങ്ങളുടെ പാർട്ടിയെക്കുറിച്ച് വലിയ അഭിമാനബോധമായി. പക്ഷെ ഈ ഭീഷണിക്ക് മുന്നിൽ സി.പി.എം എങ്ങനെ പ്രതികരിക്കുമെന്നതും നിർണ്ണായകമാണ്.
ഇതു കൂടി കേൾക്കണേ
വരാനിരിക്കുന്നത് തദ്ദേശ തിരഞ്ഞെടുപ്പ്, തൊട്ടു പിന്നാലെ നിയമസഭാ തിരഞ്ഞെടുപ്പ്. നോക്കീം കണ്ടുമൊക്കെ നീങ്ങേണ്ട സമയമാണ്.