ആറ്റിങ്ങൽ ബസ് സ്റ്റാൻഡിൽ കുണ്ടും കുഴിയും
ആറ്റിങ്ങൽ: ആറ്റിങ്ങൽ നഗരസഭാ ബസ് സ്റ്റാൻഡിൽ നിറയെ കുണ്ടും കുഴിയും മാത്രം. ദേശീയപാതയോരത്ത് 60 വർഷം മുൻപ് നഗരസഭ സ്ഥാപിച്ച ബസ് സ്റ്റാൻഡാണ് തകർന്നുകിടക്കുന്നത്.
10 സ്വകാര്യ ബസുകൾക്കുവേണ്ടി നിർമ്മിച്ച സ്റ്റാൻഡിൽ ഇപ്പോൾ 160ലേറെ ബസുകളാണ് സർവീസ് നടത്തുന്നത്. സ്റ്റാൻഡിലെ മദ്ധ്യഭാഗത്ത് സ്ഥിതിചെയ്യുന്ന കാത്തിരിപ്പുകേന്ദ്രത്തിൽ, മഴക്കാലത്ത് വാഹനങ്ങൾ കടന്നുപോകുമ്പോൾ ചെളിവെള്ളം തെറിക്കുന്നത് പതിവാണ്. ചെളിവെള്ളം ചവിട്ടി വേണം യാത്രക്കാർക്ക് ബസുകളിൽ കയറാൻ.കുഴിയിലിറങ്ങുന്ന ബസുകളിൽ നിന്ന് കാത്തിരിപ്പുകേന്ദ്രത്തിലേക്ക് ചെളിവെള്ളം തെറിക്കുന്നതും പതിവാണ്.
20 വർഷം മുൻപ് മാമത്തേക്ക് ബസ് സ്റ്റാൻഡ് മാറ്റാനുള്ള നഗരസഭയുടെ തീരുമാനം നിയമക്കുരുക്കിൽപ്പെട്ട് നിലച്ചു. ബസുകളുടെ സമയക്രമം പുനഃനിർണയം നടത്താനും കഴിഞ്ഞിട്ടില്ല.
നിലവിലെ ബസ് സ്റ്റാൻഡ് നവീകരിക്കാൻ നഗരസഭ തയ്യാറാക്കിയ മാസ്റ്റർ പ്ലാനുകൾ ചുവപ്പുനാടയിൽ കുരുങ്ങി ഒതുങ്ങി.
ഇവിടുത്തെ വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള സൗകര്യം പോലും സ്റ്റാൻഡിൽ ഇല്ല.സർവീസ് കഴിഞ്ഞുവരുന്ന വാഹനങ്ങൾ പാർക്ക് ചെയ്യാൻ ബസ് ഡ്രൈവർമാർ പെടാപ്പാട് പെടുകയാണിപ്പോൾ. ദേശീയപാതയോരത്തും ഇടറോഡിലുമാണ് ബസുകളുടെ പാർക്കിംഗ്.
അടിയന്തരമായി സ്റ്റാൻഡുകൾ മാറ്റിസ്ഥാപിക്കണമെന്നാണ് യാത്രക്കാരുടെയും ബസുടമകളുടെയും ആവശ്യം.
നിലവിൽ 160ലധികം സ്വകാര്യ ബസുകൾ ആയിരത്തോളം സർവീസുകൾ നടത്തുന്നുണ്ട്
കുണ്ടും കുഴിയും നിറഞ്ഞ സ്റ്റാൻഡിൽ അറ്റകുറ്റപ്പണികൾ പോലും നടത്തുന്നില്ല.
കുഴികളിൽ മഴവെള്ളം കെട്ടിക്കിടക്കുന്നു
വെഞ്ഞാറമൂട്, കോരാണി, ആയിലം ഭാഗത്തേക്ക് പോകുന്ന ബസുകൾ പാർക്ക് ചെയ്തിരിക്കുന്ന ഭാഗമാണ് ഏറെ തകർന്നുകിടക്കുന്നത്
നഗരസഭയുടെ വികസന പ്ലാനുകൾ
ആധുനിക ബസ് സ്റ്റാൻഡ്
ബഹുനില ഷോപ്പിംഗ് കോംപ്ലക്സ്
മനോഹരമായ കാത്തിരിപ്പ് കേന്ദ്രം
പ്രാഥമികാവശ്യങ്ങൾക്ക് സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകം സംവിധാനങ്ങൾ
വൈഫൈ
ആറ്റിങ്ങൽ സ്വകാര്യ ബസ് സ്റ്റാൻഡ് മാമം മേഖലയിലേക്ക് മാറ്റാൻ ബന്ധപ്പെട്ടവർ അടിയന്തര നടപടി സ്വീകരിക്കണം.
വക്കം വി.പ്രകാശ്,ആർ.ജെ.ഡി ആറ്റിങ്ങൽ
നിയോജക മണ്ഡലം പ്രസിഡന്റ്