ആഭ്യന്തര വകുപ്പിന്റെ സംസ്ഥാനതല സെമിനാർ മൂന്നിന് കണ്ണൂരിൽ
കണ്ണൂർ: സംസ്ഥാനം രൂപീകരിച്ചതിന്റെ 75ാം വാർഷികമായ 2031ലെ കേരളത്തെക്കുറിച്ചുള്ള വിപുലമായ കാഴ്ചപ്പാട് രൂപീകരിക്കുന്നതിന് ആഭ്യന്തര വകുപ്പിന്റെ വിഷൻ 2031 സംസ്ഥാനതല സെമിനാർ മൂന്നിന് കളക്ടറേറ്റ് മൈതാനിയിൽ നടക്കും. കേരളത്തിന്റെ സമഗ്ര വികസനത്തിന് ഉതകുന്ന രീതിയിൽ ആഭ്യന്തര വകുപ്പിന്റെ പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിനാവശ്യമായ നയരേഖ സെമിനാറിൽ രൂപപ്പെടുത്തും. കേരള പൊലീസ് വകുപ്പ്, കേരള ഫയർ ആൻഡ് റെസ്‌ക്യൂ സർവീസ്, കേരള പ്രിസൺസ് ആൻഡ് കറക്ഷണൽ സർവീസസ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് സെമിനാർ നടക്കുക.
രാവിലെ 9.30ന് മുൻ സുപ്രീം കോടതി ജഡ്ജി സി.ടി.രവികുമാർ ഉദ്ഘാടനം നിർവ്വഹിക്കും. ആഭ്യന്തരം, വിജിലൻസ് വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ കഴിഞ്ഞ 10 വർഷത്തെ ആഭ്യന്തര വകുപ്പിന്റെ നേട്ടങ്ങൾ അവതരിപ്പിക്കും. സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖർ സംസാരിക്കും. ഫയർ ആൻഡ് റെസ്‌ക്യൂ സർവീസ് ഡയറക്ടർ ജനറൽ നിതിൻ അഗ്രവാൾ ആധുനിക പൊലീസിംഗ് എന്ന വിഷയത്തിൽ അവതരണം നടത്തും. പാനൽ ചർച്ച വിഷയങ്ങൾ സംബന്ധിച്ച് മുൻ സംസ്ഥാന പൊലീസ് മേധാവി ജേക്കബ് പുന്നൂസ് ആമുഖം നൽകും.
വൈകീട്ട് 4.30ന് സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അദ്ധ്യക്ഷത വഹിക്കും. വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ ഡയറക്ടർ മനോജ് എബ്രഹാം, തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജി എസ്.അജിത ബീഗം എന്നിവർ പാനൽ ചർച്ചകളിലെ പ്രധാന ആശയങ്ങൾ അവതരിപ്പിക്കും.