മൂന്ന് നേരം മീനും ഇറച്ചിയും വേണം, പല സ്ത്രീകളുമായും വഴിവിട്ട ബന്ധം; ഹമീദ് കൊടും ക്രിമിനല്‍

Tuesday 28 October 2025 8:55 PM IST

ഇടുക്കി: സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് മകനേയും കുടുംബത്തേയും കത്തിച്ച് കൊന്ന ഹമീദ് കൊടും ക്രിമിനല്‍. ഇയാളുടെ വഴിവിട്ട ജീവിതത്തെ ചോദ്യം ചെയ്തതാണ് മകന്‍ മുഹമ്മദ് ഫൈസലിനോടും കുടുംബത്തോടും അടങ്ങാത്ത പകയുണ്ടാകാന്‍ കാരണം. വഴിവിട്ട ജീവിതമാണ് ഇയാള്‍ ചെറുപ്പംമുതല്‍ നയിച്ചിരുന്നത്. പല സ്ത്രീകളുമായും മാറി മാറി താമസിക്കുന്നതിനായി വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ഹമീദ് വീട് വിട്ട് ഇറങ്ങിയിരുന്നു. അതുപോലെ തന്നെ ഭക്ഷണ കാര്യത്തിലും ഇയാള്‍ക്ക് വലിയ വാശികളുണ്ടായിരുന്നു.

ചീനിക്കുഴിയില്‍ മെഹ്റിന്‍ സ്റ്റോഴ്‌സെന്നപേരില്‍ പലചരക്കുകട നടത്തുകയായിരുന്നു മുഹമ്മദ് ഫൈസല്‍. കൊലപാതകംനടന്ന വീടുള്‍പ്പെടുന്ന 58 സെന്റ് പുരയിടം വര്‍ഷങ്ങള്‍ക്കുമുമ്പ് ഹമീദ് ഫൈസലിന് ഇഷ്ടദാനം നല്‍കിയതായിരുന്നു. മരണംവരെ ആദായവും ചെലവിനും നല്‍കണമെന്ന് നിബന്ധനയുണ്ടായിരുന്നു. എന്നാല്‍, മൂന്നുനേരം മീനും ഇറച്ചിയുമടങ്ങുന്ന ഭക്ഷണം നല്‍കുന്നില്ലെന്നാരോപിച്ച് ഹമീദ് വഴക്കിടുമായിരുന്നു.

മകന്റെ പക്കല്‍നിന്ന് സ്വത്ത് തിരികെലഭിക്കണമെന്നാവശ്യപ്പെട്ട് ഇയാള്‍ തൊടുപുഴ മുന്‍സിഫ് കോടതിയില്‍ കേസും നല്‍കി. ജീവിതച്ചെലവിന് പണമാവശ്യപ്പെട്ട് കുടുംബക്കോടതിയിലും കേസുകൊടുത്തു. 20 വര്‍ഷത്തോളം ഇടുക്കി കരിമ്പനയില്‍ മറ്റൊരു സ്ത്രീക്ക് ഒപ്പം കഴിഞ്ഞതിന് ശേഷം 2019ല്‍ ആണ് ഹമീദ് മകന്റെ വീട്ടിലേക്ക് തിരികെ എത്തിയത്. സ്ഥലം തിരികെ നല്‍കിയില്ലെങ്കില്‍ മകനേയും കുടുംബത്തേയും പെട്രോള്‍ ഒഴിച്ച് കൊല്ലുമെന്ന് ഇയാള്‍ ഭീഷണിപ്പെടുത്തിയിരുന്നു.

ഇത് ചൂണ്ടിക്കാണിച്ച് ഫൈസല്‍ പൊലീസില്‍ പരാതിയും നല്‍കിയിരുന്നു. പൊലീസില്‍ പരാതി നല്‍കിയതിന് ശേഷം ഹമീദ് മറ്റൊരു മുറിയിലാണ് താമസിച്ചിരുന്നത്. കൊലപ്പെടുത്താന്‍ അന്ന് തന്നെ ഹമീദ് ഉറപ്പിച്ചിരുന്നു. ജയിലില്‍ മട്ടന്‍ കിട്ടുമെന്ന് ഇയാള്‍ പലതവണ പറഞ്ഞിരുന്നു.

തൊടുപുഴ ഉടുമ്പന്നൂര്‍ ചീനിക്കുഴിയില്‍ 2022 മാര്‍ച്ച് 19ന് ശനിയാഴ്ച പുലച്ചെ 12.30ന് ഉറങ്ങിക്കിടക്കുകയായിരുന്ന മുഹമ്മദ് ഫൈസലിനെയും (ഷിബു 45) ഭാര്യ ഷീബയെയും (40) മക്കളായ മെഹറിന്‍ (16), അസ്‌ന (13) എന്നിവരെയും കൊലപ്പെടുത്തിയ വാര്‍ത്ത നാടിനെയാകെ ഞെട്ടിച്ചിരുന്നു. ആ കുഞ്ഞുമക്കളെ ഇല്ലാതാക്കിയത് സ്വന്തം മുത്തച്ഛന്‍ തന്നെയാണെന്ന് ആര്‍ക്കും വിശ്വസിക്കാനായില്ല. ഹമീദ് ജനല്‍ വഴി കിടപ്പുമുറിക്കുള്ളിലേക്ക് പെട്രോള്‍ നിറച്ച കുപ്പികള്‍ കത്തിച്ചെറിഞ്ഞ് ക്രൂരമായി കൊലപ്പെടുത്തിയതെന്നാണ് കേസ്.

അര്‍ദ്ധരാത്രി ഫൈസലും ഭാര്യയും മക്കളും ഉറങ്ങിയെന്ന് ഉറപ്പാക്കിയ ശേഷം വീട്ടിലെ വാട്ടര്‍ ടാങ്കിലെ വെള്ളം മുഴുവന്‍ ഒഴുക്കി വിട്ടു. സമീപവീട്ടിലേക്ക് വെള്ളമെടുക്കുന്ന മോട്ടോറിന്റെ വൈദ്യുതിയും വിച്ഛേദിച്ചു. തുടര്‍ന്ന് കിടപ്പുമുറിയുടെ വാതില്‍ പുറത്ത് നിന്ന് പൂട്ടിയ ശേഷം പുറത്തെത്തി രണ്ട് പെട്രോള്‍ കുപ്പികള്‍ തീകൊളുത്തി ജനല്‍ വഴി അകത്തേക്ക് എറിഞ്ഞു. തീ ആളിക്കത്തിയതോടെ നിലവിളിച്ച് എഴുന്നേറ്റ ഫൈസലും കുടുംബവും മുറിയോട് ചേര്‍ന്ന ശുചിമുറിയില്‍ കയറി തീകെടുത്താന്‍ ശ്രമിച്ചെങ്കിലും വെള്ളമുണ്ടായിരുന്നില്ല.

പ്രതികാര ദാഹിയായി നിന്ന ഹമീദിനെ ഓടിയെത്തിയ അയല്‍വാസി രാഹുല്‍ തള്ളി വീഴ്ത്തിയെങ്കിലും അയാള്‍ പുറത്തിറങ്ങി വീണ്ടും ജനലിലൂടെ പെട്രോള്‍ കുപ്പികള്‍ എറിഞ്ഞു. നിലവിളിയും പൊട്ടിത്തെറി ശബ്ദവും കേട്ട് ഉറക്കമുണര്‍ന്ന് ഓടിയെത്തിയ അയല്‍വാസികള്‍ക്ക് അകത്തേക്ക് കടക്കാനായില്ല. ഹമീദിനെ പൊലീസ് സംഭവ ദിവസം തന്നെ അറസ്റ്റ് ചെയ്തു.നിര്‍ണായക സാക്ഷിമൊഴികള്‍ക്കും സാഹചര്യത്തെളിവുകള്‍ക്കും പുറമെ പ്രതി കുറ്റം സമ്മതിക്കുക കൂടി ചെയ്തതോടെ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചു.

പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യുട്ടര്‍ അഡ്വ. എം.സുനില്‍ മഹേശ്വരന്‍ പിള്ളയാണ് ഹാജരായത്. പ്രോസിക്യൂഷന്‍ 71 സാക്ഷികളെയും പ്രതിഭാഗം മൂന്ന് സാക്ഷികളെയും വിസ്തരിച്ചു. തെളിവായി പ്രോസിക്യൂഷന്‍ ഇലക്ട്രോണിക്‌സ് ഉപകരണങ്ങളടക്കം 139 രേഖകളും കോടതിയില്‍ ഹാജരാക്കി.