81 ലക്ഷംരൂപയുടെ കവർച്ച: 14 ലക്ഷം വിലയുള്ള ഏലം വിട്ടുകിട്ടാൻ വ്യാപാരി കോടതിയെ സമീപിച്ചു
കൊച്ചി: സ്റ്റീൽവ്യാപാരിയെ തോക്കുചൂണ്ടി തട്ടിയെടുത്ത 81 ലക്ഷംരൂപയിൽ 14 ലക്ഷംരൂപ നൽകി പ്രതികൾ വാങ്ങിയ ഏലം വിട്ടുകിട്ടാൻ വ്യാപാരി കോടതിയെ സമീപിച്ചു. കുണ്ടന്നൂരിലെ നാഷണൽ സ്റ്റീൽകമ്പനി ഉടമ സുബിനാണ് എറണാകുളം ജുഡിഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ ക്ലൈംപെറ്റീഷൻ നൽകിയത്.
ഒക്ടോബർ എട്ടിനാണ് മൂന്നംഗ മുഖംമൂടികൾ ഉൾപ്പെട്ട ആറംഗസംഘം വ്യാപാരിയെ തോക്കുചൂണ്ടിയും വടിവാൾവീശിയും 81 ലക്ഷംരൂപ കവർന്നത്. ആലുവ ആലങ്ങാട് സ്വദേശി ജോജിയുടെ നേതൃത്വത്തിലായിരുന്നു കവർച്ച. ജോജി ഏർപ്പാടാക്കിയ ജയ്സൺ ഫ്രാൻസിസ്, എബിൻ കുര്യാക്കോസ്, രാഹുൽ എന്നിവരാണ് മുഖംമൂടി ധരിച്ച് പണംകവർന്നത്. കവർച്ചചെയ്ത തുകയിൽ 14 ലക്ഷംരൂപ ജയ്സണിനെയും എബിനെയും ജോജി സൂക്ഷിക്കാൻ ഏൽപ്പിച്ചിരുന്നു. ഈ തുക ഉപയോഗിച്ചാണ് ഇടുക്കിയിൽനിന്ന് 14 ലക്ഷത്തിന്റെ 10ചാക്ക് ഏലം പ്രതികൾ വാങ്ങിയത്.
ഇടുക്കിയിൽനിന്ന് ജയ്സണും എബിനും അറസ്റ്റിലായപ്പോൾ ഏലച്ചാക്കുകൾ പൊലീസ് കസ്റ്റഡിയിലെടുത്ത് കൊച്ചിയിൽ എത്തിച്ചിരുന്നു. ഏലംവാങ്ങാൻ പ്രതികളെ സഹായിച്ച ഇടുക്കി സ്വദേശി ലെനിനും അറസ്റ്റിലായി.
തന്റെ തുകഉപയോഗിച്ച് വാങ്ങിയ ഏലം വിട്ടുകിട്ടണമെന്നാവശ്യപ്പെട്ടാണ് സുബിൻ കോടതിയെ സമീപിച്ചത്. കവർച്ചത്തുക ഉപയോഗിച്ചാണ് ഏലം വാങ്ങിയതെന്ന് തെളിയിക്കുന്ന രേഖകൾ സഹിതമാണ് അപേക്ഷസമർപ്പിച്ചത്. പൊലീസ് റിപ്പോർട്ടും ഹാജരാക്കി. അതിനിടെ വ്യാപാരിയെ ഇന്നലെ മരട് പൊലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തി കൂടുതൽ വിവരങ്ങൾ ശേഖരിച്ചു. കേസിൽ കുറ്റപത്രം തയ്യാറാക്കുന്നതിന് മുന്നോടിയായിട്ടായിരുന്നു നടപടി.
കേസിൽ ഒളിവിലായിരുന്ന തൃശൂർ നാട്ടിക സ്വദേശി രാഹുൽ ഒരാഴ്ചമുമ്പ് പൊലീസിൽ കീഴടങ്ങിയിരുന്നു. ഇതോടെ കേസിൽ മുഴുവൻ പ്രതികളും പിടിയിലായി. ഇയാളെ കസ്റ്റഡിയിൽവാങ്ങി തെളിവെടുപ്പ് നടത്തി. കവർച്ചപോയ പണത്തിൽ 10 ലക്ഷം രൂപ വീണ്ടെടുക്കാനുണ്ട്. ഇത് കടംവീട്ടാനും മറ്റും ചെലവാക്കിയെന്നാണ് പ്രതികളുടെ മൊഴി. 81 ലക്ഷംരൂപ നൽകിയാൽ 1.20 കോടിയായി നൽകാമെന്ന് പറഞ്ഞാണ് മുഖ്യപ്രതി ജോജിയുടെ നേതൃത്വത്തിൽ സംഘം വ്യാപാരിയെ സമീപിച്ചത്.