പെരിങ്ങമ്മലയിലെ ആനക്കിടങ്ങ് നിർമ്മാണം അവസാന ഘട്ടത്തിൽ

Wednesday 29 October 2025 2:37 AM IST

പാലോട്: പെരിങ്ങമ്മല പഞ്ചായത്തിലെ ജനവാസ മേഖലകളിൽ കാട്ടാന ശല്യം രൂക്ഷമായതിനെ തുടർന്ന് 8 കിലോമീറ്റർ ദൈർഘ്യത്തിൽ ഒരു കോടി നാലു ലക്ഷം രൂപ ചെലവിൽ നിർമ്മാണം ആരംഭിച്ച ആനക്കിടങ്ങ് നിർമ്മാണം അവസാനഘട്ടത്തിൽ. 2024ലാണ് പദ്ധതി ആരംഭിച്ചത്. ഇടവം പള്ളിയുടെ താഴ്ഭാഗത്ത് നിന്നും കോളച്ചൽ വരെ ഒരു കിലോമീറ്റർ ദൂരത്തിൽ കിടങ്ങു നിർമ്മാണം പൂർത്തിയായി. കോളച്ചൽ വളവിൽ നിന്ന് ഇടിഞ്ഞാർ വരെയുള്ള രണ്ടു കിലോമീറ്റർ ദൂരത്തിന്റെയും മഞ്ഞണത്തുംകടവ് മുതൽ ചെന്നല്ലിമൂട് വരെയുള്ള ഒന്നര കിലോമീറ്റർ ദൂരത്തിന്റെയും നിർമ്മാണവും അവസാന ഘട്ടത്തിലാണ്. 2.5 മീറ്റർ ആഴത്തിലും 2 മീറ്റർ വീതിയിലുമാണ് കിടങ്ങുകളുടെ നിർമ്മാണം. ഒരു കിലോമീറ്റർ നിർമ്മാണത്തിന് 13 ലക്ഷം രൂപയാണ് നൽകുന്നത്. സൗരോർജ്ജവേലി നിർമ്മിച്ച് ജീവനും സ്വത്തിനും സംരക്ഷണം നൽകണമെന്ന നാട്ടുകാരുടെ ആവശ്യത്തെ തുടർന്ന് 68 ലക്ഷം രൂപ ചെലവഴിച്ച് സൗരോർജ്ജ വേലിയും സർക്കാർ നിർമ്മിച്ചു നൽകി.എന്നാൽ പല സ്ഥലങ്ങളിലും സോളാർ വേലി തകർന്ന് ലക്ഷങ്ങൾ പാഴായ നിലയാണ്.

പകലും കാട്ടാനകൾ ഇറങ്ങുന്നു

രാത്രികാലങ്ങളിൽ ഇറങ്ങിയിരുന്ന കാട്ടാനകളിപ്പോൾ പകൽസമയത്തും ജനവാസ മേഖലയിലിറങ്ങുന്നു. ഇരുചക്ര വാഹനങ്ങൾ നശിപ്പിക്കുന്നതും കാൽനടയാത്രക്കാരെ ഓടിക്കുകയും പതിവായിട്ടുണ്ട്. കൃഷികളും പൂർണമായും നശിപ്പിച്ച നിലയിലാണ്. കാലൻകാവ്, നാഗര, പൊരിയകാട്, വട്ടപ്പൻകാട്, ഭദ്രംവച്ചപാറ ഭാഗങ്ങളിൽ കാട്ടുപോത്താണ് ശല്യം വിതയ്ക്കുന്നത്. വനപ്രദേശങ്ങളോട് ചേർന്നുള്ള പ്രധാന പാതകളിൽ കൂട്ടത്തോടെ എത്തുന്ന കാട്ടുപോത്തുകൾ പ്രദേശവാസികൾക്കുണ്ടാക്കുന്ന നാശനഷ്ടങ്ങൾ ചെറുതല്ല.

ഭീതിയിൽ പ്രദേശവാസികൾ

വന്യമൃഗശല്യം രൂക്ഷമായതോടെ ഇരുചക്രവാഹനയാത്രക്കാരും റബ്ബർ ടാപ്പിംഗ് തൊഴിലാളികളും ഭീതിയിലാണ്. ഭക്ഷണം തേടി നാട്ടിലേക്കെത്തുന്ന വന്യമൃഗങ്ങൾ ആക്രമണകാരികളാകാറുണ്ട്. പകൽസമയങ്ങളിൽ പന്നികൾ കൂട്ടത്തോടെ എത്തുന്നതിനാൽ കുട്ടികളും മുതിർന്നവരും ഭയപ്പാടിലാണ്. ആദിവാസി മേഖലയിൽ വാഹനസൗകര്യം കുറവായതിനാൽ കിലോമീറ്ററുകളോളം നടന്ന് സ്കൂളുകളിലെത്തുന്നവരാണ് വന്യമൃഗ ആക്രമണത്തിൽപ്പെടുന്നതിലേറെയും.