ജവഹർ നഗർ ഭൂമി തട്ടിപ്പ്: അന്വേഷണം മണികണ്ഠന് ബന്ധമുള്ള ട്രസ്റ്റിലേക്കും
തിരുവനന്തപുരം: വിദേശ മലയാളിയുടെ ജവഹർ നഗറിലെ പത്ത് കോടിയിലധികം രൂപ വിലവരുന്ന ഭൂമിയും വീടും വ്യാജരേഖകളുണ്ടാക്കി തട്ടിയെടുത്ത സംഭവത്തിൽ പ്രതി അനന്തപുരി മണികണ്ഠന് ബന്ധമുള്ള ട്രസ്റ്റിലേക്കും അന്വേഷണം വ്യാപിപ്പിക്കുന്നു.
ട്രസ്റ്റിൽ വിദേശ പണം ഉൾപ്പെടെ കോടികളുടെ ഇടപാട് നടന്നിട്ടുണ്ടെന്നാണ് സൂചന. ഇതുസംബന്ധിച്ച് ഒന്നാംപ്രതി മണികണ്ഠനെയും കഴിഞ്ഞദിവസം അറസ്റ്റിലായ വിവാദ വ്യവസായി അനിൽ തമ്പിയെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്യുമെന്ന് മ്യൂസിയം പൊലീസ് അധികൃതർ പറഞ്ഞു. ഇതിനായുള്ള കസ്റ്റഡി അപേക്ഷ ഉടൻ കോടതിയിൽ നൽകും. മണികണ്ഠനും അനിൽ തമ്പിയും വേറെയും ഭൂമി ഇടപാടുകൾ നടത്തിയതായി സംശയിക്കുന്നുണ്ട്. ഇവർ ഒരുമിച്ച് തമിഴ്നാട്ടിലും മറ്റും യാത്ര ചെയ്തതായും ജവഹർ നഗർ ഭൂമി ഇടപാടിൽ അനിൽ തമ്പി മണികണ്ഠന്റെയും ഭാര്യയുടെയും അക്കൗണ്ടുകളിലേക്ക് മൂന്നുകോടി കൈമാറിയതായും പൊലീസ് കണ്ടെത്തി.
യു.കെയിൽ താമസിക്കുന്ന ഡോറ അസറിയ ക്രിപ്‌സിന്റെ ഉടമസ്ഥതയിലുള്ള 14.5 സെന്റ് ഭൂമിയും 6,000 ചതുരശ്രയടി വിസ്തീർണമുള്ള വീടും വ്യാജരേഖയുണ്ടാക്കി ആൾമാറാട്ടത്തിലൂടെ വെണ്ടറായ മണികണ്ഠൻ അനിൽ തമ്പിക്ക് കൈവശപ്പെടുത്തിക്കൊടുക്കുകയായിരുന്നു. ഇതിന് രണ്ടുകോടി രൂപ മണികണ്ഠന്റെയും ഒരു കോടി രൂപ ഭാര്യയുടെയും അക്കൗണ്ടുകളിലേക്ക് കൈമാറി. മുൻകൂറായി 40 ലക്ഷം രൂപയും കൈപ്പറ്റി. ഇതുപയോഗിച്ച് മണികണ്ഠൻ കടങ്ങൾ വീട്ടുകയും പുതിയ വീടിന്റെ നിർമ്മാണം ആരംഭിക്കുകയും ചെയ്‌തു.
കേസിലെ രണ്ട് ആധാരങ്ങളും തയ്യാറാക്കിയതിനായി പണമടച്ചത് മണികണ്ഠന്റെ അനുജൻ മഹേഷിന്റെ യൂസർ ഐ.ഡി ഉപയോഗിച്ചാണ്. വ്യാജ ആധാർ അടക്കമുള്ളവ ഉണ്ടാക്കുകയും വിലയാധാരത്തിൽ സാക്ഷിയായി ഒപ്പിടുകയും ചെയ്‌ത സെയ്ദാലിക്ക് 25 ലക്ഷവും വിലയാധാരം രജിസ്റ്ററാക്കാൻ സഹായിച്ച ഉദ്യോഗസ്ഥർക്ക് പണവും മൊബൈൽ ഫോണും കൈമാറിയിട്ടുണ്ടെന്നും മ്യൂസിയം പൊലീസിന്റെ അന്വേഷണത്തിൽ വ്യക്തമായി.
ഡോറയായി ആൾമാറാട്ടം നടത്തിയ വട്ടപ്പാറ സ്വദേശി വസന്ത,ഡോറയുടെ ചെറുമകളെന്ന പേരിൽ രജിസ്ട്രാർ ഓഫീസിൽ ഹാജരായ പുനലൂർ സ്വദേശി മെറിൻ ജേക്കബ്,ആൾമാറാട്ടത്തിന് സഹായിച്ച സുനിൽ,വെണ്ടർ മണികണ്ഠൻ,അനുജൻ മഹേഷ്, സെയ്ദാലി എന്നിവരടക്കം എട്ടുപേർ അറസ്റ്റിലായിട്ടുണ്ട്.