14,000 ജീവനക്കാരെ പിരിച്ചുവിടാന്‍ തീരുമാനം, കമ്പനി തീരുമാനം ഇന്ത്യക്കാരെയും ബാധിക്കും
വാഷിംഗ്ടണ്‍ ഡി സി: ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടാന്‍ തീരുമാനിച്ചിരിക്കുകയാണ് ആഗോളതലത്തിലെ വമ്പന്‍ കമ്പനി. ഓഫീസ് ജോലികളില്‍ നിന്ന് 14,000 പേരെ പിരിച്ചുവിടാനാണ് ആമസോണിന്റെ തീരുമാനം. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ കാലഘട്ടത്തില്‍ ചെലവ് ചുരുക്കുന്നതിനാണ് കമ്പനി ഇത്തരമൊരു തീരുമാനമെടുത്തതെന്നാണ് വിവരം. കമ്പനിയുടെ പ്രധാന തസ്തികകളിലേക്കുള്ള നിയമനം തുടരുമെന്നും ഇപ്പോള്‍ പിരിച്ചുവിട്ടവരില്‍ അവിടേക്ക് നിയമിക്കാനുള്ള സാദ്ധ്യത പരമാവധി ഉപയോഗിക്കുമെന്നും കമ്പനി വ്യക്തമാക്കി.
അതേസമയം, ഇപ്പോള്‍ പിരിച്ചുവിട്ടിരിക്കുന്ന 14,000 എന്ന സംഖ്യയില്‍ പിരിച്ചുവിടല്‍ നില്‍ക്കില്ലെന്ന സൂചനയാണ് കമ്പനി നല്‍കുന്നത്. ഇനിയും കൂടുതല്‍ ജീവനക്കാര്‍ക്ക് വരും ദിവസങ്ങളില്‍ നോട്ടീസ് നല്‍കാനുള്ള തയ്യാറെടുപ്പിലാണ് ആമസോണ്‍. കമ്പനിയില്‍ നിന്ന് ഏകദേശം 30,000ത്തോളം ജീവനക്കാരെ പിരിച്ചുവിടുമെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കമ്പനിയുടെ പുതിയ നീക്കത്തിന്റെ ഭാഗമായി ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നുള്ള ജീവനക്കാര്‍ക്ക് തൊഴില്‍ നഷ്ടപ്പെടും. നിലവില്‍ ജോലി നഷ്ടപ്പെടുന്നവര്‍ക്ക് 90 ദിവസത്തിനകം കമ്പനിയില്‍ തന്ന മറ്റ് തസ്തികകളിലേക്ക് അപേക്ഷിക്കാന്‍ അവസരം ഒരുക്കാനാണ് ആമസോണിന്റെ തീരുമാനം.
ലോകം അതിവേഗം മാറിക്കൊണ്ടിരിക്കുകയാണെന്ന് നമ്മള്‍ ഓര്‍ക്കേണ്ടതുണ്ട്. ഇന്റര്‍നെറ്റിന് ശേഷം വലിയ മാറ്റങ്ങള്‍ കൊണ്ടുവരുന്ന സാങ്കേതിക വിദ്യയാണ് ഈ തലമുറയിലെ എഐ. മുമ്പൊരിക്കലുമില്ലാത്തവിധം നിലവിലെ വിപണിയിലും പുതിയ വിപണികളിലും വേഗത്തില്‍ നൂതനത്വം കൊണ്ടുവരാന്‍ അത് കമ്പനികളെ പ്രാപ്തമാക്കുന്നു. ആമസോണ്‍ സീനിയര്‍ വൈസ് പ്രസിഡന്റ് ബെത്ത് ഗലേട്ടി പറഞ്ഞു.