'പ്രതിഷേധ വാഴ ' കുലച്ചു, ടെണ്ടർ കടന്ന് റോഡ്
ചെന്നിത്തല : പ്രതിഷേധത്തിന്റെ ഭാഗമായി റോഡിലെ കുഴിയിൽ നട്ട വാഴ കുലച്ചു. റോഡിന്റെ പുനർനിർമ്മാണം ടെണ്ടറിനപ്പുറത്തേക്ക് കടന്നിട്ടില്ല. ചെന്നിത്തല - തൃപ്പെരുന്തുറ പഞ്ചായത്ത് ആറാം വാർഡിലൂടെ കടന്നു പോകുന്ന ചെന്നിത്തല പട്ടരുകാട്- ബഥേൽപ്പടി റോഡിൽ കാരാവള്ളിൽ ഭാഗത്താണ് മാസങ്ങൾക്ക് മുമ്പ് അപകടക്കുഴിയിൽ നാട്ടുകാർ നട്ടത്. വളവോട് കൂടിയ ഇറക്കത്തിൽ റോഡിനു നടുവിലായി റോഡ് ഇടിഞ്ഞു താണ് വലിയ ഗർത്തവും വശങ്ങളിലായി ചെറിയ കുഴികളും ഈ ഭാഗത്ത് രൂപപ്പെട്ടിരുന്നു.
കുഴികളിൽ ഇരുചക വാഹനയാത്രക്കാർ അപകടത്തിൽപ്പെടുന്നത് പതിവായതോടെയാണ് മുന്നറിയിപ്പിനായി വാഴ നട്ടത്. അപകടഭീഷണി ഉയർത്തുന്ന ഗർത്തങ്ങൾ അടച്ച് സുരക്ഷിത യാത്ര ഒരുക്കണമെന്നാവശ്യപ്പെട്ട് പ്രദേശവാസികളും സി.പി.ഐ ചെന്നിത്തല ലോക്കൽ കമ്മിറ്റിയും അധികൃതർക്ക് പരാതിയും നൽകിയിരുന്നു. പിന്നീട് നാട്ടുകാർ തന്നെ കുഴികൾ അടച്ചെങ്കിലും റോഡരികിലെ കുഴിയിൽ നിന്നിരുന്ന വാഴ നീക്കം ചെയ്തിരുന്നില്ല. ഇതാണ് ഇപ്പോൾ കുലച്ചത്. റോഡിന്റെ പുനർനിർമ്മാണത്തിനായി മന്ത്രി സജി ചെറിയാന്റെ എം.എൽ.എ ഫണ്ടിൽ നിന്ന് 45 ലക്ഷം രൂപ അനുവദിക്കുകയും ടെണ്ടർ നടപടികൾ പൂർത്തിയാവുകയും ചെയ്തിട്ടുണ്ട്.