സീ ഫുഡ് റസ്റ്റോറന്റിൽ നിന്ന് ലക്ഷങ്ങൾ തട്ടിയ മുൻ മാനേജർ അറസ്റ്റിൽ

Wednesday 29 October 2025 1:18 AM IST

വിഴിഞ്ഞം: സീ ഫുഡ് റസ്റ്റോറന്റിൽ നിന്ന് ലക്ഷങ്ങൾ തട്ടിയ മുൻ മാനേജരെ അറസ്റ്റുചെയ്തു. തലശ്ശേരി ചിറക്കര സി.എച്ച് സ്മാരകത്തിന് സമീപം മുഹമ്മദ് ദിൽഷാദ് (30)ആണ് വിഴിഞ്ഞം പൊലീസിന്റെ പിടിയിലായത്. കണ്ണൂർ സ്വദേശി നടത്തുന്ന റസ്റ്റോറന്റിൽ മാനേജരായി ജോലി നോക്കവെ അവധിയിലുള്ള ജീവനക്കാരന്റെ പേരിൽ ശമ്പളത്തുക എഴുതിയെടുത്ത് വൗച്ചർ വയ്ക്കുകയും മത്സ്യം കൊണ്ടുവരുന്ന കച്ചവടക്കാരന് കൂടുതൽ തുക നൽകിയതായും വൗച്ചർ കാണിച്ച് തിരിമറി നടത്തി 9 ലക്ഷത്തോളം രൂപ തട്ടിപ്പു നടത്തിയശേഷം ഒളിവിൽപ്പോയ ആളെയാണ് പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു. 2024ജനുവരി മുതൽ 2025 ജൂൺ വരെയാണ് തട്ടിപ്പ് നടത്തിയത്.കോടതിയിൽ ഹാജരാക്കി റിമാൻഡു ചെയ്തു. എസ്.എച്ച്.ഒ ആർ.പ്രകാശ്, എസ്.ഐ മാരായ ദിനേശ്, പ്രശാന്ത്, എസ്.സി.പി.ഒ വിനയകുമാർ, സി.പി.ഒ മാരായ സ്റ്റെഫിൻ ജോൺ, റെജിൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.