കാത്തിരിപ്പിന് വിരാമം വിഴിഞ്ഞം സാമൂഹ്യാരോഗ്യ കേന്ദ്രം പുതിയ മന്ദിരത്തിലേക്ക്

Wednesday 29 October 2025 1:51 AM IST

വിഴിഞ്ഞം: വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ വിഴിഞ്ഞം സാമൂഹ്യാരോഗ്യ കേന്ദ്രം പുതിയ മന്ദിരത്തിലേക്ക്. വൈദ്യുത കണക്ഷൻ ഉടൻ ലഭിക്കും. ഇതിനുള്ള ജോലികൾ രണ്ട് ദിവസത്തിനുള്ളിൽ ആരംഭിച്ച് 5 ദിവസത്തിനകം പൂർത്തിയാക്കുമെന്ന് ഹാർബർ എൻജിനിയറിംഗ് വകുപ്പ് അധികൃതർ പറഞ്ഞു. മന്ദിരനിർമ്മാണം പൂർത്തിയായി രണ്ടുവ‌ർഷമായിട്ടും ഉദ്ഘാടനം നീളുകയായിരുന്നു. ഇതുസംബന്ധിച്ച് കേരളകൗമുദി നിരവധിതവണ വാർത്ത നൽകിയിരുന്നു. വൈദ്യുതി കണക്ഷൻ ലഭ്യമാക്കാത്തതും ഫയർഫോഴ്സിന്റെ അനുമതി ലഭിക്കാത്തതുമാണ് ഉദ്‌ഘാടനം വൈകിച്ചത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഇലക്ഷൻ വിജ്ഞാപനത്തിനുമുൻപ് ഉദ്‌ഘാടനം നടത്തുകയോ അല്ലെങ്കിൽ ആശുപത്രി പ്രവർത്തനം മുഴുവനും പുതിയ മന്ദിരത്തിലേക്ക് മാറ്റാനോആണ് നീക്കം. ദിവസവും നൂറുകണക്കിനാളുകൾ എത്തുന്ന ആശുപത്രിയാണ് വിഴിഞ്ഞത്തെ സാമൂഹ്യാരോഗ്യ കേന്ദ്രം. 2018ൽ ഹാർബർ എൻജിനിയറിംഗ് വകുപ്പിന്റെ ഫണ്ട് ഉപയോഗിച്ച് 3 നില കെട്ടിടനിർമ്മാണം ആരംഭിച്ചു. ഇതിൽ നാലാമത്തെ നില അദാനി തുറമുഖ കമ്പനിയുടെ സാമൂഹ്യ പ്രതിബദ്ധതാപദ്ധതി പ്രകാരം നിർമ്മിച്ചു. രണ്ടു ഘട്ടമായാണ് പ്രവർത്തനം. ആദ്യം മൂന്നു നില മന്ദിരത്തിലും രണ്ടാം ഘട്ടമായി നാലാമത്തെ നിലയിലുമാണ് പ്രവർത്തനം ആരംഭിക്കുക.

 ഫയർഫോഴ്സിന്റെ അനുമതിയില്ലെന്ന്

ആശുപത്രിയിലേക്ക് ഫയർഫോഴ്സിന് ഒരേസമയം വന്നുപോകുന്നതിനുള്ള റോഡ് സൗകര്യമില്ലാത്തതിനാൽ ബഹുനില മന്ദിരത്തിന് ഫയർഫോഴ്സിന്റെ അനുമതി ലഭിച്ചിട്ടില്ല. ഇതാണ് ഉദ്ഘാടനം വൈകുന്നതിന് കാരണമായി അധികൃതർ പറഞ്ഞിരുന്നതെങ്കിലും നാലുനില മന്ദിരമാണെങ്കിലും മൂന്നു നിലകൾ മാത്രം പ്രവർത്തിപ്പിക്കുന്നതിന് ഫയർഫോഴ്സിന്റെ അനുമതിവേണ്ട. നിലവിൽ തിയേറ്റർ ജംഗ്ഷനിൽ നിന്ന് ആശുപത്രിയിലേക്ക് റോഡുണ്ടെങ്കിലും ആവശ്യത്തിന് വീതിയില്ല. റോഡ് നിർമ്മാണത്തിന് സ്ഥലം വിട്ടുകൊടുക്കാൻ പ്രദേശവാസികൾ തയാറാണെങ്കിലും ഭൂമിക്ക് വില നൽകാൻ സർക്കാരിന് ഫണ്ടില്ലാത്തതും തിരിച്ചടിയാണ്.

 ആവശ്യം കെട്ടിടം പൂർണമായും പ്രവർത്തിക്കണമെങ്കിൽ ആവശ്യത്തിന് ജീവനക്കാരെ നിയമിക്കേണ്ടതുണ്ട്. ഡോക്ടർമാർ ഉൾപ്പെടെ 40 ഓളം ജീവനക്കാരെയും ഗൈനക്, ഓപ്പറേഷൻ തിയേറ്റർ തുടങ്ങിയവയും അനുവദിക്കണം. ആശുപത്രിക്ക് മുന്നിലെ കല്ലുവെട്ടാൻകുഴി തിയേറ്റർ ജംഗ്ഷൻ റോഡ് വീതി കൂട്ടേണ്ടതും ആവശ്യമാണ്.

 സൗകര്യങ്ങൾ ഭൂഗർഭനിലയിൽ പാർക്കിംഗ് സൗകര്യവും ഫാർമസിയും ഒന്നാം നിലയിൽ 5 ഒ.പിയും ലാബും രണ്ടാം നിലയിൽ 36 കിടക്കകളുള്ള വാർഡുകൾ മൂന്നാം നിലയിൽ പ്രസവമുറിയും ഓപ്പറേഷൻ തിയേറ്ററുകളും അനുബന്ധ സൗകര്യങ്ങളും ലിഫ്ട് സൗകര്യം

പദ്ധതിച്ചെലവ് 7.79 കോടി രൂപ ഫിഷറീസ് വകുപ്പ് 4.82 കോടി രൂപ അദാനി തുറമുഖ കമ്പനി വക 2.97 കോടി രൂപ