തലസ്ഥാനത്ത് മൊബൈൽ മോഷണം വ്യാപകം; നടപടിയില്ലാതെ പൊലീസ്
തിരുവനന്തപുരം: തലസ്ഥാന നഗരത്തിൽ മൊബൈൽ ഫോൺ മോഷണവും മോഷ്ടാക്കളുടെ സംഘവും വ്യാപകമാകുമ്പോഴും നടപടിയെടുക്കാതെ പൊലീസ്. മാസം നൂറിലേറെ കേസുകളാണ് മൊബൈൽ മോഷണവുമായി ബന്ധപ്പെട്ട് നഗരത്തിനുള്ളിൽ മാത്രം രജിസ്റ്റർ ചെയ്യുന്നത്.
തമ്പാനൂർ, കിഴക്കേകോട്ട കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡുകൾ,റെയിൽവേ സ്റ്റേഷൻ, തിരക്കേറിയ റോഡുകൾ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ള പരാതികൾ നിരവധി. എന്നാലും അന്വേഷണം വേണ്ടവിധത്തിൽ നടക്കുന്നില്ലെന്ന് പരാതിക്കാർ പറയുന്നു.
നഗരത്തിൽ മിക്കയിടത്തും സി.സി ടിവികളുണ്ടെങ്കിലും കാര്യമായ പരിശോധനയുണ്ടാകാറില്ല. ഫോൺ മോഷണത്തെ കുറിച്ച് മണിക്കൂറുകൾക്കകം പരാതി നൽകിയാലും ട്രാക്കിംഗിലിടുകയോ സൈബർ പൊലീസുമായി ചേർന്ന് പെട്ടെന്ന് ഫോൺ ലൊക്കേറ്റ് ചെയ്യുകയോ ചെയ്യാറില്ല. എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് മാസങ്ങൾ പിന്നിട്ടാലും നടപടി സംബന്ധിച്ച് ഒരു വിവരവും പൊലീസ് സ്റ്റേഷനിൽ നിന്ന് ലഭിക്കാറില്ലെന്ന് പരാതിക്കാർ വിശദമാക്കുന്നു.
ബൈക്കിലിരുന്ന ഫോണും കവർന്നു
വട്ടപ്പാറ കണക്കോട് എൽ.എം.എസ് സ്കൂളിന് മുന്നിൽവച്ച് ബൈക്കിലിരുന്ന ഫോണാണ് കഴിഞ്ഞമാസം മിനിട്ടുകൾക്കിടെ മോഷ്ടിക്കപ്പെട്ടത്. രണ്ട് ദിവസം ഫോൺ ഓണായിരുന്നെങ്കിലും എഫ്.ഐ.ആർ രജിസ്റ്ററായിട്ടും വേണ്ട അന്വേഷണം വട്ടപ്പാറ പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായില്ലെന്ന് പരാതിക്കാരനായ അഭിലാഷ് പറഞ്ഞു. ടെലിക്കമ്മ്യൂണിക്കേഷൻ വകുപ്പിന്റെ സെൻട്രൽ എക്യുപ്മെന്റ് ഐഡന്റിറ്റി രജിസ്റ്ററിൽ (സി.ഇ.ഐ.ആർ) ഐ.എം.ഇ.ഐ ഉപയോഗിച്ച് സിമ്മുകൾ ബ്ലോക്ക് ചെയ്തതിന് ശേഷം അന്വേഷണത്തിന്റെ ഒരു വിവരങ്ങളും ലഭ്യമായിട്ടില്ല.
സി.സി ടിവിയുണ്ട്, പരിശോധനയില്ല
ആയിരക്കണക്കിന് ആളുകൾ വന്നുപോകുന്ന തമ്പാനൂർ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ നിരവധി ക്യാമറകളുണ്ടെങ്കിലും ടിവി സ്ക്രീൻ പരിശോധന തമ്പാനൂർ പൊലീസാണ് ചെയ്യുന്നത്. കിഴക്കേകോട്ടയിലേത് ഫോർട്ട് സ്റ്റേഷനിലും. ഇവിടങ്ങളിലെ മിക്ക ക്യാമറകളും ശരിയായ രീതിയിൽ പ്രവർത്തിക്കുന്നില്ലെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. ക്യാമറകളുടെ ബാക്കപ്പുകൾ പരിശോധിച്ചുള്ള അന്വേഷണവും കുറവ്. അതേസമയം, സൈബർ പൊലീസുമായി സഹകരിച്ച് ഫോർട്ട് പൊലീസ് നടത്തിയ സംയുക്ത റെയ്ഡിൽ 60ലേറെ ഫോണുകൾ കണ്ടെത്തി ഉടമകൾക്ക് കൈമാറിയിരുന്നു.
പൊളിച്ചുവിൽക്കും
മോഷ്ടിക്കപ്പെട്ട പല ഫോണുകളും ചാല, തകരപ്പറമ്പ്, ബീമാപള്ളി എന്നിവിടങ്ങളിലുള്ള കേന്ദ്രങ്ങളിൽ നിന്നാണ് കണ്ടെത്തിയതെന്ന് ഉദ്യോഗസ്ഥർ വെളിപ്പെടുത്തുന്നു. ബസ് സ്റ്റാൻഡിലും മറ്റും അലഞ്ഞുതിരിഞ്ഞു നടക്കുന്ന മോഷ്ടാക്കളാണ് ഇവിടെ എത്തിക്കുന്നത്. ഇവർ പലരും സംഘങ്ങളായാണ് പ്രവർത്തിക്കുന്നത്. എത്തിക്കുന്ന മൊബൈൽ ഫോണുകൾ പൊളിച്ചുമാറ്റി മറ്റൊന്നായി രൂപപ്പെടുത്തിയാണ് വിൽക്കുന്നത്. ചിലത് പശ്ചിമ ബംഗാൾ, ഡൽഹി, മുംബയ്, ചെന്നൈ എന്നിവിടങ്ങളിലെ മാർക്കറ്റുകളിൽ വരെ കൈമാറിയെത്തുമെന്നും ഉദ്യോഗസ്ഥർ പറയുന്നു.