അടിമാലി മണ്ണിടിച്ചിൽ ദുരന്തം; വിദഗ്ദ്ധസംഘം പരിശോധന നടത്തി
അടിമാലി: കൊച്ചി -ധനുഷ്‌കോടി ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് മണ്ണിടിച്ച് നടക്കുന്ന നിർമ്മാണ പ്രവർത്തനങ്ങൾ വിദഗ്ദ്ധ സംഘം പരിശോധിച്ചു.കഴിഞ്ഞദിവസം ദേശീയപായോരത്തെ മലയിടിഞ്ഞ് അടിമാലി ലക്ഷം വീട് നഗറിലേക്ക് വീണ് ഒരാൾ മരിച്ച സാഹചര്യത്തിലാ ണ് പരിശോധന. നേര്യമംഗലം മുതൽ മൂന്നാർ വരെയുള്ള ഭാഗമാണ് പരിശോധന നടന്നത്.പല മേഖലയിലും മണ്ണിന്റെ ഘടന വ്യത്യസ്തമാണ്. ചിലയിടത്ത് ഉറപ്പള്ള മണ്ണാണ്. മറ്റ് ചിലയിടങ്ങളിൽ അയഞ്ഞ മണ്ണാണ്. മണ്ണിന് മുകളിൽ പാറക്കല്ലുകൾ ഇരിക്കുന്ന സ്ഥലങ്ങളുണ്ട്. ഇവിടെയെല്ലാം ഒരേ രീതിയിലാണ് ദേശീയപാതാ അതോറിറ്റി നിർമാണം നടത്തുന്നതെന്ന് സംഘം കണ്ടെത്തി. മണ്ണിന്റെ ഘടന അനുസരിച്ചുള്ള മണ്ണെടുപ്പല്ല നടക്കുന്നത്. ദേശീയപാത ആദ്യം നിർമിച്ച സമയത്ത് റോഡിന് വീതികൂട്ടാൻ മണ്ണിടിച്ചത് ചെരിച്ചായിരുന്നു. ഇപ്പോൾ യന്ത്രസഹായത്തോടെകുത്തനെ വെട്ടി അരിയുകയാണ്. ഇത് അശാസ്ത്രീയമാണെന്നും മണ്ണിടിച്ചിലിന് കാരണമാകുമെന്നും സംഘാംഗങ്ങൾ പറയുന്നു. ഈ വിവരങ്ങൾ ഉൾപ്പെടുത്തിയുള്ള റിപ്പോർട്ട് അടുത്ത ദിവസം ജില്ലാ ദുരന്തനിവാരണ അതോറിറ്റിക്ക് കൈമാറും.