'ഉടനടി ശക്തമായ ആക്രമണം ഗാസയിൽ നടത്തുക', ഉത്തരവിട്ട് നെതന്യാഹു, ഹമാസ് സമാധാന കരാർ ലംഘിച്ചെന്ന് ആരോപണം

Tuesday 28 October 2025 11:56 PM IST

ഗാസ: ഹമാസ് സമാധാന കരാർ ലംഘിച്ചെന്നും ഇതിന് മറുപടിയായി ഉടനടി ശക്തമായ ആക്രമണം നടത്തണമെന്നും ഉത്തരവിട്ട് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. സമാധാന കരാറിന്റെ വ്യക്തമായ ലംഘനം ഹമാസ് നടത്തിയെന്നും തങ്ങളുടെ സൈന്യത്തിന് നേരെ അവർ നിറയൊഴിച്ചെന്നും നെതന്യാഹു ആരോപിച്ചു.

ഹമാസ് തിരികെ നൽകിയ ഇസ്രയേലി ബന്ദിയുടെ മൃതദേഹം ഏകദേശം രണ്ട് വർഷം മുൻപ് മരിച്ച ബന്ദിയുടേതാണെന്നും ഇത് വ്യക്തമായ സമാധാന കരാർ ലംഘനമാണെന്നും ഇസ്രയേൽ കണക്കാക്കുന്നു. എത്തരത്തിലാകണം ഇസ്രയേലിന്റെ തിരിച്ചടി എന്ന് തീരുമാനിക്കാൻ ഉന്നത സുരക്ഷാ ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം വിളിക്കുമെന്നും നെതന്യാഹു പറഞ്ഞു.

ഗാസയിൽ മാനുഷികമായ സഹായം നിർത്തുക, ശക്തമായ സൈനിക നിയന്ത്രണം ഏർപ്പെടുത്തുക, സൈനിക നീക്കം കടുപ്പിക്കുക, ഹമാസ് നേതാക്കളെ ലക്ഷ്യം വച്ച് ശക്തമായ ആക്രമണം നടത്തുക ഇവയെല്ലാമാണ് ഇസ്രയേൽ ആലോചിക്കുന്നത്.