സുവോളജിക്കൽ പാർക്ക് തുറന്നു... ഒഴുകിയെത്തി ജനസാഗരം
തൃശൂർ: നാല് പതിറ്റാണ്ടിന്റെ കാത്തിരിപ്പിനൊടുവിൽ പൊതുജനങ്ങൾക്കായി സമർപ്പിച്ച സുവോളജിക്കൽ പാർക്കിന്റെ ഉദ്ഘാടനച്ചടങ്ങിലേക്ക് നാട് ഒഴുകിയെത്തിയതോടെ ജനസാഗരം. ഉദ്ഘാടനത്തിന് സാക്ഷിയാകാൻ ഉച്ചയോടെ തന്നെ പ്രദേശവാസികളും തദ്ദേശ സ്ഥാപനങ്ങളിൽ നിന്നുള്ള ജീവനക്കാരും ജപ്രതിനിധികളും ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും ഒഴുകിയെത്തിയതോടെ പുത്തൂർ ഗ്രാം നിശ്ചലമായി.
പുത്തൂർ പള്ളി മുതൽ പാർക്ക് വരെയുള്ള ദൂരം ആളുകളും വാഹനങ്ങളും നിറഞ്ഞു. സ്ത്രീകളും കുട്ടികളും അടക്കമുള്ള വൻജനാവലി എത്തിയത് സംഘാടകരെ പോലും ഞെട്ടിച്ചു. തിരക്ക് നിയന്ത്രിക്കുന്നതിനായി രണ്ട് വരിയായാണ് ഉദ്ഘാടന വേദിയിലേക്ക് കയറ്റിവിട്ടത്. കൂറ്റൻ പന്തലിൽ വിവിധ സെക്ടറുകളിലായി ആളുകളെ ക്രമീകരിച്ചിരുത്തി. പന്തലും നിറഞ്ഞൊഴികിയതോടെ സമീപത്തെ സുവോളജിക്കൽ പാർക്കിന്റെ ഓപ്പൺ ഓഡിറ്റേറിയത്തിലേക്കും ആളുകളെ പ്രവേശിപ്പിച്ചു.
ഉദ്ഘാടന ചടങ്ങ് വീക്ഷിക്കുന്നതിനായി ഓഡിറ്റോറിയത്തിൽ ബിഗ് സ്ക്രീൻ ഒരുക്കിയിരുന്നു. വൻ ജനപങ്കാളിത്തം കണ്ട മുഖ്യമന്ത്രി സന്തോഷം പ്രകടിപ്പിച്ചതിനൊപ്പം പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെനും മുന്നറിയിപ്പ് നൽകി. സാധാരണയേക്കാൾ കവിഞ്ഞ ആൾക്കൂട്ടം ഉളളതിനാൽ പരിപാടി കഴിഞ്ഞ് തിരിച്ചുപോകുമ്പോൾ എല്ലാവരും തികഞ്ഞ അച്ചടക്കം പാലിക്കണമെന്നും ഒരാളും ധൃതിയും തിരക്കും കൂട്ടരുതെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചു.
വിസ്മയക്കാഴ്ചകൾക്കായുള്ള സ്വപ്നം സഫലം
തൃശൂർ: ഓണത്തിനും പുതുവർഷത്തിനുമെല്ലാം ഉദ്ഘാടനം നടക്കുമെന്ന് ആവർത്തിച്ച് പറയുന്നതുകേട്ട്, വർഷങ്ങളായി കാത്തിരിക്കുകയായിരുന്നു പുത്തൂരുകാർ. ഒടുവിൽ ആ സ്വപ്നം സഫലം. പുത്തൂർ പാർക്ക് ഉദ്ഘാടനം ചെയ്തു, ആയിരങ്ങളെ സാക്ഷിയാക്കി. പാർക്കിന്റെ നിർമ്മാണോദ്ഘാടനവും പലതവണ നേരിൽക്കണ്ടവരാണ് പുത്തൂരുകാർ. അവർക്ക് മുന്നിൽ വിസ്മയക്കാഴ്ചയായി ഇന്ത്യയിലെ ഏറ്റവും വലിയ ഡിസൈനർ മൃഗശാലയായ പുത്തൂർ പാർക്ക് തുറക്കുകയായിരുന്നു.
പത്ത് ദിവസം മുൻപ് ചടങ്ങിന്റെ കൊടിയേറ്റം നടന്നപ്പോൾ മുതൽ പരിമിതമായി, നിയന്ത്രണങ്ങളോടെ സന്ദർശനത്തിന് അനുമതി നൽകിയിരുന്നു. ആയിരത്തിലധികം പേർ പാർക്ക് സന്ദർശിച്ചു. ഉദ്ഘാടനം കഴിഞ്ഞും നിയന്ത്രണങ്ങളോടെ തെരഞ്ഞെടുക്കപ്പെട്ട വിഭാഗങ്ങളിലുള്ളവരുടെ സന്ദർശനം തുടരുമെന്നാണ് വിവരം. ആദ്യത്തെ രണ്ടുമാസം ജീവനക്കാർക്ക് നൽകുന്ന പരിശീലനത്തിന്റെ ഭാഗം കൂടിയാണിത്.
പുതുവർഷത്തിൽ നിയന്ത്രണം ഒഴിവാക്കിയുള്ള പ്രവേശനമുണ്ടാകും. അതോടെ, വിദേശമൃഗങ്ങളെയും കാണാനാകുമെന്നാണ് വിനോദസഞ്ചാരികളുടെ പ്രതീക്ഷ. കഴിഞ്ഞദിവസങ്ങളിൽ പെരുമഴയത്തും പുത്തൂർ സുവോളജിക്കൽ പാർക്കിലെ ഒരുക്കങ്ങൾ ജനങ്ങൾ ഉത്സവമാക്കിയിരുന്നു. മന്ത്രി കെ.രാജനും പാർക്ക് ഡയക്ടർ ബി.എൻ.നാഗരാജ്, സ്പെഷ്യൽ ഓഫീസർ കെ.ജെ.വർഗീസ് എന്നിവരടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരും രാപ്പകൽ പുത്തൂരിലായിരുന്നു. വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ ഒത്തൊരുമയും ദൃശ്യമായി.