വിജയ്‌യുടെ 20 ലക്ഷം വേണ്ട; തിരിച്ചയച്ച് കരൂർ ദുരന്തത്തിൽ മരിച്ചയാളുടെ ഭാര്യ
ചെന്നൈ: ടി.വി.കെ അദ്ധ്യക്ഷനും നടനുമായ വിജയ് നൽകിയ 20 ലക്ഷം രൂപ നിരസിച്ച് കരൂർ ദുരന്തത്തിൽ മരിച്ചയാളുടെ ഭാര്യ. മരിച്ചവരുടെ ബന്ധുക്കളെ
കരൂരിലെത്തി കാണാതെ, മഹാബലിപുരത്തേക്ക് വിളിച്ചുവരുത്തിയതിൽ പ്രതിഷേധിച്ചാണിത്. 20 ലക്ഷം രൂപ തിരിച്ചയയ്ക്കുകയും ചെയ്തു. കരൂർ കൊടങ്കിപ്പട്ടി സ്വദേശി ശങ്കവിയാണ് പണം തിരിച്ചുനൽകിയത്. ദുരന്തശേഷം വീഡിയോകാളിൽ ശങ്കവി ഉൾപ്പെടെയുള്ളവരോട് സംസാരിച്ച വിജയ് ഉടൻ കരൂരിൽ എത്തുമെന്നാണ് വാക്ക് നൽകിയിരുന്നത്. കഴിഞ്ഞ ആഴ്ചയാണ് തനിക്ക് തുക ലഭിച്ചതെന്നും എന്നാൽ റിയൽ ടൈം ഗ്രോസ് സെറ്റിൽമെന്റ് (ആർ.ടി.ജി.എസ്) വഴി അതേ അക്കൗണ്ടിലേക്ക് തുക തിരികെ നൽകിയെന്നും ശങ്കവി ഒരു മാദ്ധ്യമത്തോടുപറഞ്ഞു.
ദുരന്തത്തിൽ മരിച്ചവരുടെ ആശ്രിതരെ 400 കിലോമീറ്റർ യാത്ര ചെയ്യിപ്പിച്ച് മഹാബലിപുരത്ത് എത്തിച്ച വിജയ്‌യുടെ നടപടിയിൽ പരക്കെ അമർഷം ഉയരുകയാണ്. അതിനിടെ
നഷ്ടപരിഹാരം തിരിച്ചയച്ച സംഭവം വിജയ്‌ക്കും ടി.വി.കെയ്ക്കും ക്ഷീണമായി. അതേസമയം മഹാബലിപുരത്ത് എത്തിയചിലർ, ശങ്കവിയെ മറ്റ് രാഷ്ട്രീയക്കാർ സ്വാധീനിച്ചിരിക്കാമെന്ന സംശയം പങ്കുവച്ചു. സെപ്തംബർ 27നാണ് കരൂരിൽ വിജയ് പങ്കെടുത്ത റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും 41 പേർ മരിച്ചത്. 60ലേറെ പേർക്ക് പരിക്കേറ്റു. മരിച്ച 37 പേരുടെ ബന്ധുക്കളെയാണ് തിങ്കളാഴ്ച മഹാബലിപുരത്തെത്തിച്ചത്. ഇതിൽ വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്. അവരോടുള്ള ദയ ജനങ്ങൾക്ക് മുന്നിൽ പ്രകടിപ്പിക്കാൻ മാത്രമാണ് ഇങ്ങനെ ചെയ്തതെന്നാണ് പ്രതിപക്ഷകക്ഷികളുടെ വാദം. ആഡംബര റിസോർട്ടിലേക്ക് ആളുകളെയെത്തിക്കാൻ കഴിയുമെങ്കിൽ, എന്തുകൊണ്ട് കരൂരിലേക്ക് പോകാൻ സാധിക്കുന്നില്ലയെന്ന് ഡി.എം.കെ ചോദിച്ചു. കരൂരിലെത്താൻ അധികാരികളുടെ അനുമതി ലഭിക്കാത്തതിനാലാണ് കൂടിക്കാഴ്ച റിസോർട്ടിലേക്ക് മാറ്റിയതെന്നാണ് ടി.വി.കെയുടെ വിശദീകരണം.