എട്ടാം കേന്ദ്ര ശമ്പള കമ്മിഷൻ: റിട്ട. ജസ്റ്റിസ് രഞ്ജന പ്രകാശ് ദേശായ് ചെയർപേഴ്സൺ

Wednesday 29 October 2025 12:30 AM IST

ന്യൂഡൽഹി: രാജ്യത്തെ 50 ലക്ഷത്തിൽപ്പരം കേന്ദ്രസർക്കാർ ജീവനക്കാരും, 70 ലക്ഷത്തിൽപ്പരം പെൻഷൻകാരും കാത്തിരുന്ന എട്ടാം ശമ്പള കമ്മിഷന്റെ

ചെയർപേഴ്സണായി റിട്ട. സുപ്രീംകോടതി ജ‌ഡ്‌ജി രഞ്ജന പ്രകാശ് ദേശായിയെ നിയമിച്ചു. ഐ.ഐ.എം ബെംഗളൂരുവിലെ പ്രൊഫസർ പുലക് ഘോഷിനെ പാ‌ർട്ട് ടൈം മെമ്പറായും,​ പെട്രോളിയം-പ്രകൃതിവാതക മന്ത്രാലയത്തിലെ സെക്രട്ടറി പങ്കജ് ജെയിനിനെ മെമ്പർ സെക്രട്ടറിയായും നിയോഗിച്ചു.18 മാസത്തിനകം കേന്ദ്രത്തിന് റിപ്പോർട്ട് സമർപ്പിക്കണം. ഇടക്കാല റിപ്പോ‌ർട്ടുകളും സമർപ്പിക്കാം.

പരിഷ്‌കരണം

വൈകും

ഓരോ പത്തു വർഷം കൂടുമ്പോഴാണ് ശമ്പള കമ്മിഷന്റെ ശുപാർശകൾ നടപ്പാക്കുന്നത്. ഇതനുസരിച്ച് എട്ടാം ശമ്പള കമ്മിഷന്റെ ശുപാർശകൾ 2026 ജനുവരി 1 മുതൽ പ്രാബല്യത്തിൽ വരേണ്ടതാണ്. അതിനു ഇനി മാസമേ ബാക്കിയുള്ളു. 2027 ഏപ്രിലാകും സമിതിയുടെ അന്തിമറിപ്പോർട്ട് വരാൻ. റിപ്പോർട്ടിന് അംഗീകാരം നൽകി ശമ്പള പരിഷ്‌ക്കരണം നടപ്പാക്കുമ്പോൾ 2027 അവസാനമോ, 2028 ആദ്യമോ ആകുമെന്നും അറിയുന്നു. 2026 ജനുവരി 1 മുതലുള്ള കുടിശ്ശിക ലഭിക്കും.

ശുപാർശ തയ്യാറാക്കുമ്പോൾ

പരിഗണിക്കേണ്ടവ  രാജ്യത്തിന്റെ സാമ്പത്തിക സാഹചര്യം  നടപ്പാക്കേണ്ട ക്ഷേമപദ്ധതികൾ  പങ്കാളിത്തമില്ലാത്ത പെൻഷൻ പദ്ധതികളുടെ ചെലവ്  കേന്ദ്രത്തിന് സമാനമായി സംസ്ഥാനങ്ങൾ ശമ്പള പരിഷ്‌കരണം നടപ്പാക്കിയാലുണ്ടാകുന്ന സാമ്പത്തിക പ്രത്യാഘാതം  കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളിലെയും സ്വകാര്യ മേഖലയിലെയും നിലവിലെ ശമ്പളഘടനയും ആനുകൂല്യങ്ങളും