വെടിയേറ്റ് രണ്ട് യുവാക്കളുടെ മരണം: തോക്ക് നിർമ്മിച്ചയാൾ അറസ്റ്റിൽ

Wednesday 29 October 2025 1:22 AM IST

തച്ചമ്പാറ: കല്ലടിക്കോട് മൂന്നേക്കറിൽ മരുതുംകാട് പഴയ സ്‌കൂളിന് സമീപം രണ്ടു പേർ വെടിയേറ്റു മരിച്ച സംഭവത്തിൽ തോക്ക് നിർമ്മിച്ചു നൽകിയ ആളെ പോലീസ് അറസ്റ്റ് ചെയ്തു. വേലിക്കാട് സ്വദേശി ശശിയെ(67) ആണ് കല്ലടിക്കോട് പൊലീസ് അറസ്റ്റ് ചെയ്തത്. കൊല്ലപ്പണി ചെയ്തു വരുന്ന ശശി 15 വർഷം മുൻപാണ് ബിനുവിനു തോക്ക് നിർമ്മിച്ചു നൽകിയത്. മരുതുംകാട് വീട്ടിൽ ബിനു), അയൽവാസി മരുതുംകാട് കളപ്പുരയ്ക്കൽ നിധിൻ എന്നിവരാണ് ഈ മാസം 14നു വെടിയേറ്റ് മരിച്ചത്. നിധിനെ വെടിവച്ച ശേഷം ബിനു സ്വയം വെടിയുതിർത്തതാണെന്നാണ് പൊലീസ് നിഗമനം. സംഭവം നടക്കുന്നതിനു മുമ്പുള്ള ദിവസങ്ങളിൽ തോക്ക് സർവീസ് ചെയ്യാൻ ശശിയെ ഏല്പിച്ചിരുന്നതായി കല്ലടിക്കോട് പൊലീസ് പറഞ്ഞു. വേറെ ആളുകൾക്കും ശശി തോക്ക് നിർമ്മിച്ചു നൽകിയിട്ടുള്ളതായി സംശയിക്കുന്നു. ഇയാൾക്കെതിരെ പ്രേരണ കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. പ്രതിയെ മണ്ണാർക്കാട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കൂടുതൽ അന്വേഷണം നടത്തുമെന്ന് കല്ലടിക്കോട് സി.ഐ സി.കെ.നൗഷാദ് പറഞ്ഞു.