ഡൽഹിയിൽ ക്ലൗഡ് സീഡിംഗ്; മലിനീകരണം കുറയുമെന്ന് പ്രതീക്ഷ
ന്യൂഡൽഹി: കൃത്രിമ മഴ പെയ്യിക്കുന്നതിനായി ഡൽഹിയിൽ ക്ലൗഡ് സീഡിംഗ് നടത്തി. വായു മലിനീകരണ തോത് കുറയ്ക്കാനും പുകമഞ്ഞ് നിയന്ത്രിക്കാനുമാണ് ഡൽഹി സർക്കാർ നടപടികൾ സ്വീകരിച്ചത്. സിൽവർ അയഡൈഡ്, സോഡിയം ക്ലോറൈഡ് തുടങ്ങിയ രാസവസ്തുക്കൾ മേഘങ്ങൾക്ക് മുകളിൽ വിതറിയാണ് ക്ലൗഡ് സീഡിംഗ് നടത്തുന്നത്. ഇവ മേഘങ്ങളിൽ മഴത്തുള്ളികൾ രൂപപ്പെടാൻ സഹായിക്കുന്നു. ഖേക്ര, ബുരാരി, നോർത്ത് കരോൾബാഗ്, മയൂർ വിഹാർ, സദക്പൂർ, ഭോജ്പൂർ മേഖലകളിലാണ് ക്ലൗഡ് സീഡിംഗ് നടത്തിയത്. ഐ.ഐ.ടി കാൺപൂരിന്റെ നേതൃത്വത്തിലായിരുന്നു ഇത്. എന്നാൽ പ്രതീക്ഷിച്ച സമയം കഴിഞ്ഞിട്ടും മഴ പെയ്തില്ല. ക്ലൗഡ് സീഡിംഗിനുശേഷം 15 മിനിട്ട് മുതൽ നാല് മണിക്കൂറിനുള്ളിലാണ് മഴ ലഭിക്കുക. അനുയോജ്യമായ മേഘങ്ങളും അന്തരീക്ഷ ഈർപ്പവും ലഭിച്ചാൽ മാത്രമെ ഇത് വിജയകരമാകൂ. തണുത്തതോ വരണ്ടതോ ആയ മേഘങ്ങളാണെങ്കിൽ മഴ പെയ്യാൻ കൂടുതൽ സമയമെടുക്കും. കാറ്റിന്റെ ശക്തി, താപനില, മേഘങ്ങളുടെ ഉയരം തുടങ്ങിയ ഘടകങ്ങളും പ്രധാനമാണ്. ഇന്നലെ രണ്ട് ക്ലൗഡ് സീഡിംഗ് ട്രയലുകളാണ് നടത്തിയതെന്നും വരും ദിവസങ്ങളിൽ കാലാവസ്ഥ അനുകൂലമായാൽ കൂടുതൽ ട്രയലുകൾ നടത്തുമെന്നും ഡൽഹി പരിസ്ഥിതി മന്ത്രി മഞ്ജീന്ദർ സിംഗ് സിർസ പറഞ്ഞു. അതേസമയം, ഡൽഹിയിലെ വായു ഗുണനിലവാര സൂചിക ഇന്നലെയും വളരെ മോശം നിലയിൽ തന്നെയായിരുന്നു. 305 ആണ് ശരാശരി എ.ക്യു.ഐ. ഡൽഹിയിലെ 38 നിരീക്ഷണ സ്‌റ്റേഷനുകളിൽ 27ലും 300ന് മുകളിലാണ് എ.ക്യു.ഐ രേഖപ്പെടുത്തിയതെന്ന് സെൻട്രൽ പൊല്യൂഷൻ കൺട്രോൾ ബോർഡ് (സി.പി.സി.ബി) അറിയിച്ചു.