യുവാവിന്റെ ജനനേന്ദ്രിയത്തിനുൾപ്പെടെ പരിക്കേൽപ്പിച്ച സംഭവം: 3 പേർ അറസ്റ്റിൽ

Wednesday 29 October 2025 1:29 AM IST

കൊടുങ്ങല്ലൂർ: യുവാവിനെ ക്രൂരമായി മർദ്ദിച്ച് ജനനേന്ദ്രിയത്തിനും കണ്ണിനുമുൾപ്പെടെ ഗുരുതര പരിക്കേൽപ്പിച്ച് വഴിയിൽ തള്ളിയ സംഭവത്തിൽ മൂന്നുപേർ പിടിയിൽ. വരാപ്പുഴ കൂനമ്മാവിൽ അഗതിമന്ദിരം നടത്തുന്ന പാസ്റ്റർ അമൽ ഫ്രാൻസിസ് (65),വളർത്തുമകൻ ആരോമൽ (23),ഡ്രൈവർ നിതിൻ (33) എന്നിവരാണ് പിടിയിലായത്. കൊലക്കേസ് പ്രതിയായ ആലപ്പുഴ അരൂർ മഞ്ചത്തറ വീട്ടിൽ ചിത്ര ബാലന്റെ മകൻ സുദർശനനാണ് (42) മർദ്ദനമേറ്റത്.സംഭവത്തിൽ കൂനമ്മാവ് ഇവാഞ്ചലോ കേന്ദ്രത്തിന്റെ ഉടമസ്ഥരെ പൊലീസ് ചോദ്യം ചെയ്യുകയാണ്.

വഴിയാത്രികരെ ശല്യപ്പെടുത്തിയതിന് എറണാകുളം സെൻട്രൽ പൊലീസ് സുദർശനെ കസ്റ്റഡിയിലെടുക്കുകയും മനോനില ശരിയല്ലെന്ന് കണ്ട് അഗതിമന്ദിരത്തിലാക്കുകയായിരുന്നു. തുടർന്ന് അഗതി മന്ദിരത്തിൽ സുദർശൻ അക്രമം കാട്ടിയതോടെയാണ് പ്രതികൾ ഇയാളെ മർദ്ദിച്ചതെന്ന് പൊലീസ് പറഞ്ഞു. തുടർന്ന് അവശനായ സുദർശനെ അഗതിമന്ദിരത്തിന്റെ വാഹനത്തിൽ കൊടുങ്ങല്ലൂരിൽ കൊണ്ടുവന്ന് വഴിയരികിൽ ഉപേക്ഷിച്ചത്. ചതവേറ്റ് ജനനേന്ദ്രിയം അണുബാധിതമായതോടെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ വച്ച് മുറിക്കുകയായിരുന്നു. കണ്ണും കുത്തിപ്പൊട്ടിച്ച നിലയിലാണ്. 11 കേസുകളിലെ പ്രതിയാണ് സുദർശനൻ. സംഭവത്തിൽ കൊലപാതകശ്രമത്തിന് പൊലീസ് കേസെടുത്തു. തൃശൂർ റൂറൽ ജില്ലാ പൊലീസ് മേധാവി ബി.കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ കൊടുങ്ങല്ലൂർ ഡിവൈ.എസ്.പി വി.കെ.രാജു,കൊടുങ്ങല്ലൂർ എസ്.എച്ച്.ഒ ബി.കെ.അരുൺ,മതിലകം എസ്.എച്ച്.ഒ എം.കെ.ഷാജി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.