പാകിസ്താൻ-അഫ്ഗാനിസ്താൻ സമാധാന ചർച്ച പരസ്പരം കുറ്റപ്പെടുത്തി ഇരുരാജ്യങ്ങളും
ഇസ്താബൂൾ:തുർക്കിയിലെ ഇസ്താംബൂളിൽ നടന്ന പാകിസ്താൻ-അഫ്ഗാനിസ്താൻ സമാധാന ചർച്ച പരാജയപ്പെട്ടതായി റിപ്പോർട്ട്.തുർക്കിയുടെയും ഖത്തറിന്റെയും മധ്യസ്ഥതയിൽ നടന്ന രണ്ടാംഘട്ട ചർച്ചയാണ് തീരുമാനമാകാതെ അവസാനിച്ചത്.പിന്നാലെ ഇരുരാജ്യങ്ങളുടെയും വക്താക്കൾ പരസ്പരം പഴിചാരി രംഗത്തെത്തുകയായിരുന്നു.പാകിസ്താൻ-അഫ്ഗാൻ സംഘർഷം രൂക്ഷമായി തുടരുന്നതിനിടെയാണിത്.19-ന് ദോഹയിൽ നടന്ന മധ്യസ്ഥചർച്ചയിൽ ഇരുരാജ്യങ്ങളും വെടിനിർത്തലിന് സമ്മതിച്ചിരുന്നു.ചർച്ച പരാചയപ്പെട്ടതിന് പിന്നാലെ പാകിസ്താനും അഫ്ഗാനിസ്താനിലെ താലിബാൻ വക്താക്കളും പരസ്പരം കുറ്റപ്പെടുത്തി രംഗത്തെത്തി.ഇസ്താംബൂളിൽ നടന്ന ചർച്ചയിൽ താലിബാൻ സഹകരണം വാഗ്ദാനം ചെയ്‌തെങ്കിലും രേഖാമൂലമുള്ള ഉറപ്പ് വേണമെന്നായിരുന്നു പാകിസ്താന്റെ ആവശ്യം.അഫ്ഗാന്റെ മണ്ണ് ഭീകരപ്രവർത്തനത്തിന് ഉപയോഗിക്കുന്നില്ലെന്നും പാകിസ്താന്റെ യുക്തിരഹിതമായ ആവശ്യങ്ങൾ അംഗീകരിക്കാനാകില്ലെന്നും താലിബാൻ ചർച്ചയിൽ വ്യക്തമാക്കി.യു.എസ് ഡ്രോണുകൾ പാകിസ്താനിൽനിന്ന് തങ്ങളുടെ വ്യോമാതിർത്തിയിലേക്ക് കടക്കരുതെന്ന ആവശ്യവും താലിബാൻ മുന്നോട്ടുവെങ്കിലും പാകിസ്താൻ അംഗീകരിച്ചില്ലെന്നും റിപ്പോർട്ടുകളിൽ പറയുന്നു.അതേസമയം,സുരക്ഷാപ്രശ്‌നങ്ങളിൽ കരാറില്ലെങ്കിൽ രാജ്യത്തിനകത്തും പുറത്തുമുള്ള ഭീകരർക്ക് നേരേ ആക്രമണം തുടരുമെന്നായിരുന്നു പാകിസ്താൻ പ്രതിനിധിസംഘം ചർച്ചയിൽ പറഞ്ഞത്.ഇതോടെയാണ് ചർച്ച തീരുമാനമാകാതെ അവസാനിച്ചതെന്നാണ് വിവരം.അതേസമയം, മധ്യസ്ഥത വഹിക്കുന്ന തുർക്കിയും ഖത്തറും പ്രശ്‌നം പരിഹരിക്കാനുള്ള വഴികൾ തേടിക്കൊണ്ടിരിക്കുകയാണെന്നും റിപ്പോർട്ടുകളിൽ പറയുന്നു.