മോൻത ചുഴലിക്കാറ്റ് അർദ്ധരാത്രി കരതൊട്ടു; ആന്ധാപ്രദേശിൽ ഒരു മരണം, ട്രെയിനുകൾ റദ്ദാക്കി

Wednesday 29 October 2025 7:04 AM IST

അമരാവതി: കനത്ത നാശം വിതച്ച് മോൻത ചുഴലിക്കാറ്റ്. അർദ്ധരാത്രിയോടെയാണ് ചുഴലിക്കാറ്റ് ആന്ധ്രാപ്രദേശ് തീരം തൊട്ടത്. സംസ്ഥാനത്ത് ഒരാൾ മരിച്ചതായി റിപ്പോർട്ടുകളുണ്ട്. 1.7 ലക്ഷം ഹെക്ടർ പ്രദേശത്ത് കൃഷിനാശമുണ്ടായി. ആന്ധ്രയിലെ പന്ത്രണ്ട് ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പുണ്ട്.

മണിക്കൂറിൽ 90 മുതൽ 100 കിലോമീറ്റർ വരെ വേഗതയിലാണ് മോൻത ചുഴലിക്കാറ്റ് വീശിയടിച്ചത്. ആന്ധ്രയിലെ മച്ചിലിപട്ടണത്തിനും കാക്കിനാട ഗ്രാമത്തിനും ഇടയിൽ അർദ്ധരാത്രി 12.30 ഓടെയാണ് ചുഴലിക്കാറ്റ് തീരം തൊട്ടത്. കര തൊട്ടതിന് പിന്നാലെ കാറ്റിന്റെ ശക്തി ക്ഷയിച്ചിരുന്നു. എന്നിരുന്നാലും ആന്ധ്രാപ്രദേശിലും ഒഡീഷയിലും കനത്ത മഴ തുടരുകയാണ്. താഴ്‌ന്ന പ്രദേശങ്ങളിൽ നിന്ന് ആളുകളെ നേരത്തെ ഒഴിപ്പിച്ചിരുന്നു.

പ്രതികൂല കാലാവസ്ഥയെത്തുടർന്ന് ട്രെയിൻ, വിമാന സർവീസുകൾ തടസപ്പെട്ടു. 20 ട്രെയിനുകളും വിജയവാഡയിൽ നിന്ന് യാത്രതിരിക്കേണ്ട 16 വിമാനങ്ങളും റദ്ദാക്കി. കേരളം, തമിഴ്നാട്, ഝാർഖണ്ഡ്, പശ്ചിമ ബംഗാൾ അടക്കമുള്ള സംസ്ഥാനങ്ങളിലും അതിശക്തമായ മഴയ്ക്ക് സാദ്ധ്യതയുണ്ട്.